രണ്ടാം ഘട്ട സാമ്പത്തിക പാക്കേജ് : നിങ്ങളുടെ കൈയിൽ പണമെത്തുമോ ?
Mail This Article
ഇരുപതു ലക്ഷം കോടി രൂപയുടെ പാക്കേജിലെ ഒന്നാം ഘട്ടം സമ്മിശ്ര വികാരമാണുണ്ടാക്കിയത്. സൂക്ഷ്മ -ചെറുകിട - ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്ന നടപടികൾക്കാണ് പ്രസ്തുത പാക്കേജ് ഊന്നൽ നൽകിയത്. വായ്പയെ അടിസ്ഥാനപ്പെടുത്തിയുള്ള നിർദേശങ്ങളാണ് ധനമന്ത്രി പ്രധാനമായും മുന്നോട്ടു വെച്ചതും. എന്നാൽ ഈ മേഖലയിലെ തൊഴിലാളികളെ തലോടുന്ന യാതൊരു അഭിപ്രായവും ഉണ്ടായിരുന്നില്ല; തൊഴിലാളികൾ ഉള്ളതായി തന്നെ പാക്കേജ് കണ്ടില്ല . ഇതിൽ നിന്ന് വ്യത്യസ്തമായി, രണ്ടാം ഘട്ട പാക്കേജിൽ അതിഥി തൊഴിലാളികളെ കേന്ദ്രികരിച്ചുള്ള പ്രഖ്യാപനങ്ങൾക്കാണ് ധനമന്ത്രി മുൻതൂക്കം നൽകിയത് .
പതിനാറിന പരിപാടികളാണ് ഒന്നാം ഘട്ട പാക്കേജിൽ ഉൾപ്പെടുത്തിയതെങ്കിൽ , രണ്ടാം ഘട്ടത്തിൽ ഒൻപതിന പരിപാടികളാണ് അടങ്ങിയിരിക്കുന്നത് .അതിഥി തൊഴിലാളികൾക്കായി മൂന്ന് നിർദ്ദേശങ്ങളും, മുദ്ര- ശിശു വായ്പക്കായി ഒരു നിർദ്ദേശവും, തെരുവ് കച്ചവടർക്കായി ഒരു നിർദ്ദേശവും, ഇടത്തരക്കാരുടെ ഭവന വായ്പയുമായി ഒരു നിർദ്ദേശവും, ഗോത്ര വർഗ വിഭാഗങ്ങൾക്കായി ഒരു നിർദ്ദേശവും, കർഷകരുടെ ഉന്നമനം ലക്‌ഷ്യം വച്ച് കിസാൻ ക്രെഡിറ്റുമായി ബന്ധപെട്ട് രണ്ടു നിർദ്ദേശങ്ങളുമാണ് ഇത്തവണത്തെ പാക്കേജിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എല്ലാറ്റിനും കൂടിയായി 3.16 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത് . ധനമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ, 2.46 കോടി രൂപയുടെ പണ ലഭ്യതയും , 70000 കോടി രൂപയുടെ നിക്ഷേപവുമാണ് പ്രതീക്ഷിക്കുന്നത് .
അതിഥി തൊഴിലാളികള്‍
3500 കോടി രൂപയുടെ സൗജന്യ ഭക്ഷണം (അഞ്ചു കിലോ അരി അഥവാ ഗോതമ്പ്, ഒരു കിലോ കടല എന്നിവ അടങ്ങിയത്) വിതരണം ചെയ്യുമെന്നതാണ് ആദ്യത്തെ നിർദേശം. അതാകട്ടെ റേഷൻ കാർഡില്ലാത്ത അതിഥി തൊഴിലാളികൾക്കാണ് ഇത് തികച്ചും ശ്ളാഘനീയമാണ് ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ എന്ന ചിരകാല ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടുണ്ട് . തൊഴിലുറപ്പു പദ്ധതിയുമായി അവരവരുടെ നാടുകളിൽ അതിഥി തൊഴിലാളികളെ ബന്ധിപ്പിക്കുക , കുറഞ്ഞ വാടകയ്ക്ക് താമസ സ്ഥലം എന്നിവയാണ് മറ്റു രണ്ടു നിർദ്ദേശങ്ങൾ . ആദ്യത്തേതിന് 10000 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ‘ഒരു രാജ്യം ഒരു കൂലി’ മറ്റൊരു മുദ്ര വാക്യമായി ഈ സാഹചര്യത്തിൽ ഉയർത്തുന്നുണ്ട്. എന്നാണോ മുദ്രാവാക്യങ്ങളിൽ നിന്ന് മോചനം നേടി യാഥാർഥ്യബോധത്തോടെ പ്രവർത്തിക്കുക?
രണ്ടാമത്തതാകട്ടെ , ഇനിയും വിജയിക്കാത്ത സ്വകാര്യ--പൊതു നിക്ഷേപ മാതൃകയിൽ നിർമിക്കാനുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇവ രണ്ടും തികച്ചും ദീർഘകാല പദ്ധതികളാണ്; രണ്ടും അനിവാര്യമായ കാര്യങ്ങൾ തന്നെ.
ജോലി നഷ്ടപ്പെട്ടതിന്റെ ഫലമായി വരുമാനം തീരെ ഇല്ലെന്ന യാഥാർഥ്യത്തെ ദീർഘകാല പദ്ധതികൾ കൊണ്ടാണോ നേരിടേണ്ടത് . ഈ രണ്ടു നിർദ്ദേശങ്ങളും നടപ്പിലാക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ മാറ്റിവച്ചാലും, അത് കൊണ്ടവരുടെ ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കപെടില്ലല്ലോ
എന്തായിരുന്നു പരിഹാര മാർഗം?
ജൻ ധൻ അക്കൗണ്ടിലൂടെ പണം ട്രാൻസ്ഫർ ചെയ്യുകയെന്ന വിദഗ്ധരുടെ നിർദേശമായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്. അതു പാടെ അവഗണിച്ചു.ഇത്തരത്തിലുള്ള ഹ്രസ്വകാല പരിപാടികളുടെ അഭാവത്തിന് നാം വലിയ വില കൊടുക്കേണ്ടി വരുമെന്നതിൽ സംശയമില്ല.
എട്ടു കോടി കുടിയേറ്റ തൊഴിലാളികൾക്കാണ് സൗജന്യ റേഷന്റെ ഗുണം ലഭിക്കുക.മൊത്തം തൊഴിലാളികളുടെ 20 ശതമാനമാണിവർ. എന്നാൽ അനുവദിച്ച തുകയോ 0.58 ശതമാനം. സ്വാഭാവികമായും സാധാരണക്കാരായ അതിഥി തൊഴിലാളികളുടെ വരുമാനത്തിൽ യാതൊരു മാറ്റവും ഉണ്ടാകില്ല . സൗജന്യ ഭക്ഷണ സാധനങ്ങൾ നൽകുന്നതിലൂടെ ലഭിക്കുന്ന ചെറിയ വരുമാനം എത്ര കണ്ടു ഒരു വ്യക്തിയുടെ സാമ്പത്തിക ശേഷിയെ മെച്ചപ്പെടുത്തുമെന്നു കണക്കുകൂട്ടി പറയേണ്ടതില്ലലോ. തൊഴിലുറപ്പു പദ്ധതിയുമായി അതിഥി തൊഴിലാളികളെ ബന്ധിപ്പിക്കുന്ന നിർദേശം സ്വാഗതം ചെയ്യാമെങ്കിലും നിലവിൽ തൊഴിലുറപ്പു പദ്ധതിക്ക് എത്ര കണ്ടു തൊഴിൽ നൽകുന്നുണ്ട്.
കൃത്യമായി വായ്പ തിരിച്ചടക്കുന്നവർ
മുദ്ര വായ്പയുടെ രണ്ടു ശതമാനം പലിശയിളവ് കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്കുള്ളതാണ്. മൊറോട്ടോറിയം കാലയളവ് പരിഗണിച്ചില്ലെങ്കിലും , എത്രപേർക്ക് ഈ ആനുകൂല്യം അനുഭവിക്കാൻ കഴിയും? വഴിയോര കച്ചവടക്കാർക്ക് പ്രഖ്യാപിച്ച ആനുകൂല്യവും വായ്പയുമായി ബന്ധപ്പെട്ടതാണ്.വഴിയോര കച്ചവടക്കാരെ നിർണയിക്കുന്നതിലും മറ്റും പ്രയാസങ്ങൾ നേരിടുമെന്നതിൽ സംശയമില്ല. അതുകൊണ്ടു തന്നെയാണ് ജൻ ധൻ അക്കൗണ്ടിലൂടെ നേരിട്ട് പണം എത്തിച്ചിരുന്നെങ്കിൽ ഗുണം കിട്ടുമായിരുന്നു എന്ന് പറയുന്നത്. ഇതും നേരത്തെ പ്രതിപാദിച്ചതുപോലെ ഒരു ദീർഘകാല നടപടി മാത്രമാണ്.അതിനാൽ വഴിയോരക്കച്ചവടക്കാരുടെയും വരുമാനത്തിൽ ഉടനടി ഒരു മാറ്റവും സൃഷ്ടിക്കാൻ ഈ നിർദേശങ്ങൾ കൊണ്ട് കഴിയില്ല .
ഇടത്തര വരുമാനക്കാരുടെ ഭവനവായ്പയുമായി ബന്ധപ്പെട്ട സബ്സിഡി ആനുകൂല്യം നീട്ടി നൽകുന്ന തീരുമാനവും വായ്പയുമായി ഇണങ്ങി നിൽക്കുന്നു . കർഷകരുടെയും, ആദിവാസി--ഗോത്ര വർഗ്ഗക്കാരുടെയും ക്ലേശങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങളാണ് മറ്റു മൂന്നെണ്ണം . കിസാൻ ക്രെഡിറ്റ് കാർഡിന്റെ ഗുണഭോക്താക്കളായ 2.5 കോടി കർഷകർക്ക് രണ്ടു ലക്ഷം കോടി രൂപയുടെ വായ്പ നൽകുന്ന നിർദേശമാണ് മറ്റൊന്ന്. ഇതും വായ്പ തന്നെ. കിസാൻ കാർഡുമായി മത്സ്യ തൊഴിലാളികളെ ബന്ധിപ്പിക്കാൻ ശ്രമിച്ച നിർദേശം നന്നായി .എത്രയും പെട്ടെന്ന് അവർക്കു കാർഡ് വിതരണം ചെയ്യാൻ കഴിഞ്ഞാലേ ഇത് കൊണ്ട് ഫലം കാണാൻ കഴിയൂ. ക്ഷീര കർഷകരെയും ഉൾപ്പെടുത്തിയത് അവർക്കു ഭാവിയിൽ ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. ഗോത്രവരുമാനക്കാരുടെ കാര്യത്തിൽ ആനുകൂല്യങ്ങളുടെ വിതരണത്തിലും ഉപയോഗത്തിലും അതീവ ശ്രദ്ധ വേണം.
ചുരുക്കത്തിൽ ഒരു പരിപാടി മാത്രമാണ് ഹ്രസ്വകാല നിർദേശമായി കാണാവുന്നത്.അതാകട്ടെ നാമമാത്ര തുകയും. ബാക്കിയെല്ലാ പദ്ധതികളും ദീർഘകാല ലക്‌ഷ്യത്തോടുകൂടിയവയാണ്. വേണമെങ്കിൽ ആദിവാസി-ഗോത്ര വർഗക്കാരുടെ പരിപാടി ഹ്രസ്വ കാലത്തിലേക്കുള്ളതായി കാണാം.പക്ഷേ തൊഴിൽ വർധിപ്പിച്ചു അവരെ സഹായിക്കുകയെന്നത് ഉടൻ നടക്കാനുള്ള സാധ്യത വിരളമാണ്.ഒരു രാജ്യം ഒരു റേഷൻ കാർഡ് നടപ്പിലാക്കുമെങ്കിൽ നന്നായിരിക്കും. ഇത് പ്രയോഗത്തിൽ കൊണ്ട് വരുന്നതിനുള്ള തടസങ്ങൾ നിരവധിയാണ്.കുടുംബം നാട്ടിലും അതിഥി തൊഴിലാളികൾ ജോലി സ്ഥലത്തും ആയിരിക്കുമ്പോൾ ഇത് കൂടുതൽ ബുദ്ധിമുട്ടുകൾ ക്ഷണിച്ചു വരുത്തുമോയെന്ന പ്രശ്നവും ബാക്കി നിൽക്കുന്നു. ചുരുക്കത്തിൽ അടിയന്തര നേട്ടം നൽകുന്ന ഒരു പരിപാടിയും രണ്ടാം ഘട്ട സാമ്പത്തിക പാക്കേജിൽ ഇല്ലാത്തതിനാൽ ആരുടെയും സാമ്പത്തികാവസ്ഥ മെച്ചപെടാൻ പോകുന്നില്ല.
English Summery: Financial Condition may not be Better