ADVERTISEMENT

നേട്ടത്തോടൊപ്പം ആവശ്യമുള്ളപ്പോൾ പണമെടുക്കാമെന്നതാണ് സ്ഥിര നിക്ഷേപങ്ങളെ പ്രിയപ്പെട്ടവയാക്കുന്നത്. എന്നാൽ ചില വിപണി സാഹചര്യങ്ങളില്‍ കടപത്ര മേഖലയിലെ നിക്ഷേപങ്ങളില്‍ നിന്നു മികച്ച നേട്ടം ലഭിക്കുവാന്‍ കുറച്ച് സമയം എടുത്തേക്കും. എല്ലാ സാഹചര്യങ്ങളിലും പ്രയോജനപ്പെടുത്താവുന്ന സ്ഥിര നിക്ഷേപ പദ്ധതികളുണ്ടോ എന്ന ചോദ്യവും ഇതിനിടെ നിക്ഷേപരില്‍ നിന്നുയരും. ഡൈനാമിക് ബോണ്ട് പദ്ധതികളാണ് ഇവിടെ നമുക്കു ലഭിക്കുന്ന ഉത്തരം. 

എന്തു കൊണ്ട് ഡൈനാമിക് ബോണ്ട് പദ്ധതികള്‍?

അനിശ്ചതത്വങ്ങളുടെ കാലത്ത് മാറ്റങ്ങള്‍ വരുത്താനുള്ള സൗകര്യമാണ് ഈ പദ്ധതികളുടെ ഗുണം. ഇങ്ങനെ മാറ്റങ്ങള്‍ വരുത്താനുള്ള അവസരമുള്ളതിനാല്‍ ഏതു വിപണി സാഹചര്യത്തിലും നേട്ടമുണ്ടാക്കാന്‍ അവയ്ക്കു സാധിക്കും. വിവിധ കാലാവധികളില്‍ നിക്ഷേപിക്കാനും അവയ്ക്കു കഴിയും. പലിശ നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷയുള്ളപ്പോള്‍ ഇത്തരം പദ്ധതികള്‍ കാലാവധി വര്‍ധിപ്പിക്കും. അതു വഴി മൂലധന വളര്‍ച്ചയുടെ നേട്ടമുണ്ടാക്കും. പലിശ നിരക്കു വര്‍ധിക്കുമെന്ന പ്രതീക്ഷയുള്ളപ്പോള്‍ കാലാവധി കുറയ്ക്കുകയും നഷ്ടസാധ്യത കൈമാറുകയും ചെയ്യും. പലിശ നിരക്കുകളുടെ സാഹചര്യം വിലയിരുത്തി കോര്‍പറേറ്റ് കടപത്രങ്ങളിലും സര്‍ക്കാര്‍ സെക്യൂരിറ്റികളിലുമായി നിക്ഷേപിക്കുകയാണിവയുടെ രീതി. 

നിരക്കുകള്‍ മാറുന്നതനുസരിച്ച് പദ്ധതികള്‍ മാറ്റുന്നതിനെ കുറിച്ചു നിക്ഷേപകര്‍ ചിന്തിക്കേണ്ടതില്ല എന്നതാണ് വലിയൊരു നേട്ടം. അതു വഴി വിപണി സാഹചര്യങ്ങള്‍ പരിഗണിക്കാതെ തന്നെ നിക്ഷേപകര്‍ക്ക് തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കനുസരിച്ചുള്ള നേട്ടങ്ങള്‍ക്കായി കാത്തിരിക്കാം. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറെ പ്രധാനപ്പെട്ടത്

വിവിധ കാലത്തേക്കുള്ള നിക്ഷേപ അവസരങ്ങളാണല്ലോ കടപത്ര വിപണി അധിഷ്ഠിത പദ്ധതികളില്‍ നിക്ഷേപിക്കുന്നവര്‍ക്കു മുന്നിലുള്ളത്. 91 ദിവസത്തെ അള്‍ട്രാ ഷോര്‍ട്ട് ഡ്യൂറേഷന്‍ പദ്ധതികള്‍ മുതല്‍ ഏഴു വര്‍ഷത്തെ ദീര്‍ഘകാല പദ്ധതികള്‍ വരെയുണ്ട്. വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ കാലാവധിയുടെ ദൈര്‍ഘ്യം കൈകാര്യം ചെയ്യുന്നത് ഏറെ പ്രധാനപ്പെട്ടതാണ്. പക്ഷേ, ഈ പദ്ധതികളിലൊന്നിലും എല്ലാ കാലാവധിയിലുമായി നിക്ഷേപിക്കാനുള്ള അവസരമില്ല. കോവിഡ് കാലത്ത് സ്ഥിര നിക്ഷേപ പദ്ധതികള്‍ അടക്കം എല്ലാ മേഖലകളിലും ചാഞ്ചാട്ടങ്ങള്‍ ദൃശ്യവുമാണ്. അതു കൊണ്ടു തന്നെ ഇത്തരത്തില്‍ കാലാവധിയുടെ കാര്യത്തില്‍ സമയാസമയങ്ങളില്‍ ആസൂത്രണം സാധ്യമായ പദ്ധതികള്‍ക്ക് ഇപ്പോള്‍ പ്രാധാന്യമേറുന്നു. 

ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ഫണ്ട് ഹൗസിന്റെ ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ഓള്‍ സീസണ്‍സ് ബോണ്ട് ഫണ്ട്  ഈ വിഭാഗത്തിലെ മുന്‍നിര പദ്ധതികളിലൊന്നാണ്.  ആസ്തികളുടെ അടിസ്ഥാനത്തില്‍ ഈ വിഭാഗത്തിലെ ഏറ്റവും വലിയ പദ്ധതിയും ഇതാണ്. 2009-ല്‍ ആരംഭിച്ച പദ്ധതി വിവിധ പലിശ സാഹചര്യങ്ങളില്‍ സജീവമായി കൈകാര്യം ചെയ്യപ്പെടുകയും എന്‍എവി വളര്‍ച്ച നല്‍കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ഓള്‍ സീസണ്‍സ് ബോണ്ട് 12.3 ശതമാനം നേട്ടമുണ്ടാക്കി. ഈ മേഖലയിലെ ശരാശരി നേട്ടം 8.8 ശതമാനമായിരുന്നപ്പോഴാണിത്. രണ്ട്, മൂന്ന്, അഞ്ച് വര്‍ഷ കാലയളവുകളിലും മികച്ച നേട്ടം ദര്‍ശിക്കാനാവും.

ലേഖകൻ സ്വതന്ത്ര ഫിനാന്‍ഷ്യല്‍ അഡൈ്വസറാണ്

English Summary : Attractive Investment Option in Pandemic Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com