ADVERTISEMENT

പോസ്റ്റ്ഓഫീസ് സമ്പാദ്യ പദ്ധതി അടക്കമുള്ള പല ലഘു സമ്പാദ്യ പദ്ധകളിലും നിക്ഷേപിച്ചിരിക്കുന്നവരുടെ എണ്ണം ധാരാളമാണ്. കുറഞ്ഞ തുക വേണമെങ്കിലും നിക്ഷേപിക്കാമെന്നതും ഉറപ്പ് സുരക്ഷയുമുള്ളതും ഇവയെ കൂടുതൽ ജനപ്രിയമാക്കുന്നുണ്ട്. പക്ഷെ ഇവയുടെ ഡെത്ത് ക്ലെയിം സംബന്ധിച്ച് വലിയ ആശയകുഴപ്പം നിലനില്‍ക്കുന്നു. ഇതുമൂലം നോമിനികള്‍ക്കോ, അവകാശികള്‍ക്കോ പണം യഥാസമയം ലഭ്യമാകാത്ത സ്ഥിതിയുണ്ട്. ഇതിന് പരിഹാരമായി പോസ്റ്റ് ഓഫീസ് സേവിങ്സ്, പബ്ലിക് പ്രോവിഡന്റ് ഫണ്ട് അടക്കമുള്ള ചെറുകിട സമ്പാദ്യപദ്ധതികളില്‍ നിന്ന് തുക ക്ലെയിം ചെയ്യുന്ന രീതിയില്‍ ഇളവ് വരുത്തി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കി. പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് ചെറുകിട സമ്പാദ്യപദ്ധതികളുടെ ഡെത്ത് ക്ലെയിമുകള്‍ പരിഗണിക്കുന്നത് താഴെ പറയുന്ന രീതികളിലായിരിക്കും.

നോമിനേഷന്‍ നല്‍കിയിട്ടുള്ളപ്പോൾ

പദ്ധതിയില്‍ ചേര്‍ന്നപ്പോള്‍ നോമിനേഷന്‍ നല്‍കിയിട്ടുള്ള കേസുകളില്‍ നിക്ഷേപകന്റെ മരണാനന്തരം  ഡെത്ത് ക്ലെയിം തുക രേഖപ്പെടുത്തിയിട്ടുള്ള നോമിനിയ്‌ക്കോ നോമിനികള്‍ക്കോ ബന്ധപ്പെട്ട പോസ്റ്റ് ഓഫീസ് നല്‍കണം. ഇവിടെ നോമിനികള്‍ക്ക് ക്ലെയിം തുക കൈമാറാന്‍ മറ്റ് നിയമപരമായ രേഖകള്‍ ആവശ്യപ്പെടേണ്ടതില്ല.

നിക്ഷേപകന്റെ അസല്‍ മരണ സര്‍ട്ടിഫിക്കറ്റും പാസ്ബുക്കും മറ്റ് സര്‍ട്ടിഫിക്കറ്റുകളുണ്ടെങ്കില്‍ അതും ഒപ്പം ക്ലെയിമിനുള്ള അപേക്ഷയും ബന്ധപ്പെട്ട പോസ്റ്റ് ഓഫീസില്‍ നോമിനി നല്‍കിയാല്‍ മതി. മറ്റ് പോസ്റ്റ് ഓഫീസ് ശാഖകളിലും ഇങ്ങനെ അപേക്ഷ നല്‍കാം. അപ്പോള്‍ മേല്‍പ്പറഞ്ഞ അപേക്ഷയും രേഖകളും നല്‍കി സാക്ഷികളെയും നല്‍കേണ്ടി വരും. ഇവിടെ സാക്ഷികളുടെ സാന്നിധ്യം നിര്‍ബന്ധമില്ല എന്ന് സര്‍ക്കുലര്‍ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖയുടെ കോപ്പി മതി.

നോമിനികളില്‍ ഒരാള്‍ മരിച്ചാല്‍

ചില കേസുകളില്‍ ഒന്നിലധികം നോമിനികള്‍ ഉണ്ടാകാറുണ്ട്. നിക്ഷേപകനും അയാള്‍ നിര്‍ദേശിച്ചിരുന്ന ഒന്നിലധികം നോമിനികളില്‍ ഒരാളും മരിക്കുന്ന കേസുകളില്‍ രണ്ട് പേരുടെയും മരണ സര്‍ട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടി വരും. ഒന്നിലധികം നോമിനികളുള്ള കേസില്‍ നിക്ഷേപകന്‍ നിര്‍ദേശിച്ചിട്ടുള്ള വിഹിത ശതമാനമനുസരിച്ചായിരിക്കും തുക വീതിച്ച് നല്‍കുക. ഇങ്ങനെ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നില്ലെങ്കില്‍ തുക തുല്യമായി നോമിനികള്‍ക്ക് വീതിച്ച് നല്‍കും. പാസ് ബുക്കിന്റെയും നിക്ഷേപ രേഖകളുടെയും അസല്‍ നഷ്ടപ്പെടുന്ന കേസുകളില്‍ ക്ലെയിമിനുള്ള അപേക്ഷ നല്‍കിയതിന് ശേഷം പാസ്ബുക്ക്് തന്റെ പേരില്‍ അനുവദിക്കാനാവശ്യപ്പെട്ട് നോമിനിയ്ക്ക് കത്ത് നല്‍കാം.

നോമിനേഷന്‍ നല്‍കാത്തപ്പോള്‍

നോമിനേഷന്‍ രേഖപ്പെടുത്താത്ത കേസുകളും ഡെത്ത് ക്ലെയിമിന്റെ കാര്യത്തില്‍ ഉണ്ടാകാറുണ്ട്. ഇത്തരം കേസുകളില്‍ നിയമപരമായ അവകാശിക്ക് നിക്ഷേപകന്റെ മരണം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം അപേക്ഷ നല്‍കാം. ഇവിടെ ഡെത്ത് സര്‍ട്ടിഫിക്കറ്റ്, പാസ് ബുക്ക്/ സര്‍ട്ടിഫിക്കറ്റ്, ഫോം 13 (സത്യവാങ്മൂലം), കൂടാതെ ഫോം 14 (ലെറ്റര്‍ ഓഫ് ഡിസ്‌ക്ലെയിമര്‍), ഫോം 15 (ഇന്‍ഡെമ്‌നിറ്റി ബോണ്ട്) എന്നീ രേഖകള്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട പോസ്റ്റ് ഓഫീസില്‍ നല്‍കണം.

English Summary : Nomination Details of Small Saving Schemes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com