ആദായ നികുതി ആസൂത്രണത്തിൽ 80 ന് എന്താ പ്രാധാന്യം?
Mail This Article
ആദായ നികുതി ആസൂത്രണ വേളയിൽ ഏറെ പ്രാധാന്യമുള്ളവയാണ് 80 സിയും 80 ഡിയും എന്നാൽ എന്താണിവ എന്ന് എത്ര പേർക്കറിയാം? ഇവ അറിഞ്ഞിരുന്നാൽ ആദായനികുതി ഇളവ് കാര്യമായി നേടിയെക്കാനാകുമെന്നതാണ് മെച്ചം.
ചില നിക്ഷേപങ്ങൾക്കും ചെലവുകൾക്കും വരുമാനത്തിൽനിന്നു കിഴിവ് അനുവദിക്കുന്ന വകുപ്പാണ് 80 സി എന്നത്. 80 ഡി യാകട്ടെ, ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന് കിഴിവനുവദിക്കുന്ന വകുപ്പാണ്.
80 സി വകുപ്പനുസരിച്ചു നിക്ഷേപങ്ങൾക്കും ചെലവുകൾക്കും ഒന്നര ലക്ഷം രൂപ വരെ പരമാവധി കിഴിവു ലഭിക്കും. ഇരുപത്തിനാലോളം ഇനങ്ങൾക്ക് ഈ വകുപ്പു പ്രകാരം കിഴിവു ലഭിക്കുന്നു.
80 സി അനുസരിച്ച് കിഴിവ് കിട്ടുന്ന പ്രധാന നിക്ഷേപങ്ങൾ
∙ലൈഫ് ഇൻഷുറൻസ് പ്രീമിയം– സ്വന്തമായുള്ള ലൈഫ് ഇൻഷുറൻസിന്റെ മാത്രമല്ല ജീവിത പങ്കാളിയുടെയും, മക്കളുടെയും പേരിലുള്ളതിനും അർഹതയുണ്ട്.
∙പ്രൊവിഡന്റ് ഫണ്ട് – പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയിലേയ്ക്കുള്ള വിഹിതം.
∙അംഗീകൃത സൂപ്പർ ആനുവേഷൻ ഫണ്ടിലേക്കുള്ള വിഹിതം.
∙നാഷണൽ േസവിങ്സ് സർട്ടിഫിക്കറ്റിലെ നിക്ഷേപം.
∙യുലിപ് വിഹിതം.
∙എൽഐസിയുടെ ആന്വിറ്റി പ്ലാൻ.
∙മ്യൂച്വൽ ഫണ്ടുകളുടെ പെൻഷൻ ഫണ്ട് വിഹിതം.
∙നാഷണൽ ഹൗസിങ് ബാങ്കിന്റെ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം.
∙ഇന്ത്യൻ സർവകലാശാല, സ്കൂൾ, വിദ്യാഭ്യാസ സ്ഥാപനത്തിൽ രണ്ടു മക്കളുടെ ട്യൂഷൻ ഫീസ്.
∙വീടു പണിയാൻ/വാങ്ങാൻ എടുത്ത ഭവനവായ്പയുടെ മുതലിലേയ്ക്കുള്ള തിരിച്ചടവു തുക. ഇവിടെ അറ്റകുറ്റപ്പണികള്‍ക്കും വീടു പുതുക്കി പണിയുന്നതിനുമെടുത്ത വായ്പയ്ക്ക് ഇളവ് കിട്ടില്ല എന്നോർക്കണം.
∙പുതിയ വീടു വാങ്ങാൻ നൽകുന്ന സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും 80 സി കിഴിവിന് അർഹമാണ്. മേൽപറഞ്ഞവയെല്ലാം ചേർന്ന് പരമാവധി കിഴിവ് 1,50,000 രൂപയാണ് എന്നു മാത്രം.
80 ഡി പ്രകാരം കിട്ടുന്ന ആനുകൂല്യങ്ങൾ
80 ഡി വകുപ്പു പ്രകാരം വ്യക്തിയുടെ കുടുംബത്തിന്റെയും പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പ് അല്ലെങ്കിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയമായി അടയ്ക്കുന്ന സംഖ്യയ്ക്ക് 25,000 രൂപ വരെയാണു കിഴിവ്. 60 തികഞ്ഞ മുതിർന്ന പൗരൻ ആണെങ്കിൽ 50,000 രൂപ. മാതാപിതാക്കളുടെ ആരോഗ്യ ഇൻഷുറൻസിന് മറ്റൊരു 25,000 രൂപ കിഴിവു ലഭിക്കും.
60 തികഞ്ഞ മുതിർന്ന പൗരന്മാരാണെങ്കിൽ കിഴിവ് 50,000 രൂപ വരെ. പ്രിവന്റീവ് ചെക്കപ്പിന് പരമാവധി കിഴിവ് 5,000 രൂപയാണ് രണ്ടു കേസിലും. സ്വന്തം പേരിലോ കുടുംബത്തിന്റെയോ മാതാപിതാക്കളുടെയോ പേരിലോ ഇൻഷുറൻസ് ഇല്ലെങ്കിൽ അവരുടെ മെഡിക്കൽ ചെലവിന് പരമാവധി 50,000 രൂപ വരെ കിഴിവു ലഭിക്കും.
English Summary : Know the Impotance of 80 C and 80 D in Income Tax Planning