സ്വയം വിരമിച്ചപ്പോൾ കിട്ടിയ പണം എവിടെ നിക്ഷേപിക്കണം?
Mail This Article
ഞാനും ഭാര്യയും ജോലിയില്‍നിന്നു വിരമിച്ചു. മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഞാന്‍ ജോലി ചെയ്‌തിരുന്നത്. ഭാര്യ 37 വര്‍ഷത്തെ സേവനത്തിനു ശേഷം ഇന്ത്യന്‍ റെയില്‍വേയില്‍നിന്നു വിആര്‍എസ് എടുത്തു. മ്യൂച്വല്‍ ഫണ്ടുകളിലോ മികച്ച വരുമാനം നല്‍കുന്ന മറ്റേതെങ്കിലും മാര്‍ഗങ്ങളിലോ നിക്ഷേപിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ഞങ്ങളെപ്പോലുള്ളവര്‍ക്ക് അനുയോജ്യമായ ഫണ്ട് ഏതാണെന്നു നിർദേശിക്കാമോ?
ശ്രീകുമാർ മേനോന്‍, മുംബൈ
ഒരു നിക്ഷേപ ഉൽപന്നം തിരഞ്ഞെടുക്കുമ്പോള്‍, റിട്ടേണ്‍ മാത്രമല്ല, മറ്റു ചില ഘടകങ്ങള്‍ കൂടി പരിഗണിക്കണം. ചോദ്യത്തില്‍ നിങ്ങളുടെ സാമ്പത്തികസ്ഥിതിയെയും നിക്ഷേപ ലക്ഷ്യങ്ങളെയും സംബന്ധിച്ച് അവ്യക്തമായ ഒരു ആശയം മാത്രമാണ് നല്‍കിയിട്ടുള്ളത്. ജോലിയില്‍നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച തുക നിക്ഷേപിക്കുന്നതിനുള്ള ചില വഴികളാണ് നിങ്ങള്‍ തേടുന്നതെന്നു കരുതുന്നു.
ദൈനംദിന ജീവിതച്ചെലവുകള്‍ നിറവേറ്റാന്‍ മതിയായ പെന്‍ഷന്‍ തുകയും എന്തെങ്കിലും യാദൃച്ഛിക ചെലവുണ്ടായാല്‍ നേരിടാന്‍ മതിയായ തുകയും നിങ്ങളുടെ കൈവശം ഉണ്ടെങ്കില്‍, നിങ്ങളുടെ ഭാര്യ ജോലിയില്‍നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച തുകയുടെ 20% മുതല്‍ 30% വരെ നിങ്ങള്‍ക്ക് ഓഹരിയധിഷ്‌ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. ലാര്‍ജ് ക്യാപ് അല്ലെങ്കില്‍ കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ടുകളിലായിരിക്കണം ഈ നിക്ഷേപം. ഓഹരി ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലെ നഷ്ടസാധ്യത ഏറ്റെടുക്കാന്‍ നിങ്ങളുടെ നഷ്ടസാധ്യതാശേഷി അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രമേ ഇത് ശുപാര്‍ശ ചെയ്യൂ.
ദീര്‍ഘകാലയളവില്‍ മറ്റേതൊരു സ്ഥിരവരുമാന പദ്ധതികളെക്കാളും മികച്ച വരുമാനം ഓഹരി നിക്ഷേപങ്ങള്‍ നല്‍കുമെന്നത് ദയവായി ശ്രദ്ധിക്കുക.
ശേഷിക്കുന്ന തുക ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍, സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം, നികുതി രഹിത ബോണ്ടുകള്‍, പോസ്‌റ്റ് ഓഫിസ് മന്ത്‌ലി ഇൻകം പ്ലാനുകള്‍ പോലുള്ള ചില സുരക്ഷിത മാര്‍ഗങ്ങളില്‍ നിക്ഷേപിക്കാം.
അറുപതു വയസ്സിനു മുകളില്‍ പ്രായമുള്ള ഏതൊരാള്‍ക്കും ഒരു പോസ്‌റ്റ്‌ഓഫിസില്‍നിന്നോ ബാങ്കില്‍നിന്നോ സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം ലഭ്യമാകും. ഇതിന്റെ കാലാവധി അഞ്ചു വര്‍ഷമാണ്. കാലാവധി പൂര്‍ത്തിയായി കഴിഞ്ഞാല്‍ വീണ്ടും മൂന്നു വര്‍ഷത്തേക്കു കൂടി ഇതു നീട്ടാനും കഴിയും.
ഇവിടെ നല്‍കിയിരിക്കുന്ന ലാര്‍ജ് ക്യാപ്, കൺസര്‍വേറ്റീവ് ഹൈബ്രിഡ് വിഭാഗങ്ങളിലെ മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം.
ലേഖകൻ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്
English Summary : Where to Invest the VRS Money for Retirement Savin