കേന്ദ്രബജറ്റ് : കാതലായ മേഖലകൾക്ക് കരുതലില്ല
Mail This Article
2020-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്രബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. ജനസൗഹൃദവും പുരോഗമനപരവുമായ ബജറ്റെന്ന് കേന്ദ്ര ബജറ്റിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചപ്പോൾ ജനങ്ങളുടെ മേൽ അധിക നികുതി അടിച്ചേൽപിക്കാത്ത ബജറ്റെന്നാണ് ധനമന്ത്രി പറഞ്ഞത് എന്നാൽ വളരെ പ്രതീക്ഷയോടെ രാജ്യത്തെ വിവിധ ജനവിഭാഗങ്ങൾ ഉറ്റുനോക്കിയിരുന്ന ബജറ്റ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നുവോയെന്ന് സംശയിക്കേണ്ടിരിക്കുന്നു.
ബജറ്റിലെ കണക്കുകൾ
മൊത്തം 39,44,909രൂപ വരുമാനവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിലെ റവന്യു കമ്മി 9,90,241 കോടി രൂപയും ധനക്കമ്മി 16,61,196 കോടി രൂപയുമാണ്.റവന്യൂ കമ്മി ജി.ഡി.പിയുടെ 3.8 ശതമാനമാണെങ്കിൽ ധനക്കമ്മി 6.4 ശതമാനവും. നടപ്പുവർഷത്തെ പുതുക്കിയ ബജറ്റിനേക്കാൾ 1,74,909 കോടി രൂപ അധികമാണ് 2022–23 ലെ ബജറ്റ് തുകയെന്നത് ആശ്വാസമാണെങ്കിലും അഭിമാനകരമെന്ന് പറയാൻ കഴിയില്ല. ശതമാനക്കണക്കിൽ ഇത് വെറും 4.33 ശതമാനമാണ്. ധനക്കമ്മി ഇന്നത്തെ ചുറ്റുപാടിൽ അധികമാണെന്ന് പറയാൻ കഴിയില്ല. സാമ്പത്തികനില കുറേക്കൂടി മെച്ചപ്പെടുമ്പോൾ ധനമന്ത്രി ധനദൃഡീകരണത്തിൽ ശ്രദ്ധചെലുത്തുന്നതാണ് ഉചിതം. കേന്ദ്രഗവൺമെന്റ് പലിശ അടയ്ക്കുന്നതിന് അടുത്ത വർഷത്തെ ബജറ്റിൽ കാണിച്ചിരിക്കുന്നത് 9,40,651 കോടി രൂപയാണ്. ഇത് മൊത്തം ബജറ്റ് തുകയുടെ 23.844 ശതമാനം വരും. ഇത് കാണിക്കുന്നത് നമ്മുടെ സമ്പദ്ഘടന നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക വെല്ലുവിളിയെയാണ്. അടുത്ത വർഷത്തെ പലിശയടവ് പ്രതീക്ഷിക്കുന്ന ജി.ഡി.പിയുടെ 3.64 ശതമാനം വരും.
പ്രതീക്ഷയറ്റ് ഇടത്തരക്കാർ
മൂലധനച്ചെലവ് നടപ്പുവർഷത്തെ 5.54 ലക്ഷം കോടി രൂപയിൽനിന്ന് 2022–23 വർഷത്തിൽ 7.5 ലക്ഷം കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. 35.4 ശതമാനത്തിന്റെ വർധനവാണ് ഇതു കാണിക്കുന്നത്. സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൂടുന്നതിനും തൊഴിലവസരങ്ങൾ ഉയർത്തുന്നതിനും ഇതു സഹായകമാണ്. 2022–23 സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്ക് മൂലധനച്ചെലവിനായി ഒരുലക്ഷം കോടിരൂപ ബജറ്റിൽ നീക്കിവച്ചത് ആശ്വാസകരമെങ്കിലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങൾക്ക് ഇതൊന്നുമല്ല. മൂലധനച്ചെലവ് ജിഡിപിയുടെ 5 ശതമാനത്തിലെത്തിയാലേ സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയൂ. ഇപ്പോഴത്തെ ബജറ്റിലേത് വെറും 2.91 ശതമാനം മാത്രമാണ്.
ഈ ബജറ്റിനെ വളരെയധികം പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഇടത്തരക്കാരായ നികുതിദായകർക്ക് കാര്യമായ ഒന്നുംതന്നെ ബജറ്റിൽനിന്ന് ലഭിച്ചിട്ടില്ല. ആദായനികുതിയിൽ ചിലമാറ്റങ്ങൾ ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല.
ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയോട് ചിറ്റമ്മനയം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് പുതിയ ബജറ്റിൽ 73,000 കോടി രൂപയാണ് വകയിരിത്തിയിരിക്കുന്നത്. നടപ്പുവർഷം 98,000 കോടി രൂപ നീക്കിവച്ചിടത്താണിത്. ഈ പദ്ധതിയോടുള്ള സർക്കാരിന്റെ ചിറ്റമ്മനയം ഇതിൽനിന്ന് വ്യക്തമാവും. ഗ്രാമീണ മേഖല തൊഴിലില്ലാതെ നട്ടംതിരിയുന്ന ഒരു സമയമാണ് തൊഴിലുറപ്പു പദ്ധതിക്ക് കാര്യമായ പരിഗണന നൽകാമായിരുന്നു.
അടുത്ത സാമ്പത്തിക വർഷം ഓഹരികൾ വിറ്റഴിച്ച് 65000 കോടി രൂപ സമാഹരിക്കുന്നതിനാണ് സർക്കാർ ലക്ഷമിട്ടിരിക്കുന്നത്. നടപ്പുവർഷമിത് 78,000 കോടി രൂപയായിരുന്നു. അതുപോലെതന്നെ ആർബിഐയിൽ നിന്ന് ഡിവിഡന്റായി അടുത്തവർഷം പ്രതീക്ഷിക്കുന്നത് 73,948 കോടി രൂപയാണ്. ഇത് നടപ്പു വർഷത്തേക്കാൾ 27 ശതമാനം കുറവാണ്. നടപ്പുവർഷം ലക്ഷ്യമിട്ടത് 99122 കോടി രൂപയാണ്.
ബജറ്റിൽ റോഡുകൾക്കും റെയിൽവേയ്ക്കും മറ്റ് അടിസ്ഥാന സൗകര്യവികസനത്തിനും പുതുയുഗ വ്യവസായങ്ങൾക്കുമെല്ലാം പ്രത്യക്ഷത്തിൽ ഊന്നൽ നൽകിയിട്ടുണ്ടെങ്കിലും രാജ്യം സാമ്പത്തികരംഗത്ത് നേരിടുന്ന ഉപഭോഗക്കുറവ്, സ്വകാര്യ മുതൽ മുടക്ക്, ചോദനക്കുറവ് വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്ക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിച്ചുവോയെന്ന് സംശയമാണ്.
ലോകത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തികാന്തരമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഈ അന്തരം കുറയ്ക്കുന്നതിനുള്ള നടപടികൾ ഒന്നും തന്നെ ബജറ്റിലില്ല. സ്വത്തു നികുതിയും പാരമ്പരാഗത സ്വത്തുനികുതിയുമെല്ലാം തിരിച്ചുകൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതൊന്നും ഉണ്ടായില്ല. രാജ്യത്തെ നിക്ഷേപവും സമ്പാദ്യവും കൂട്ടുന്നതിനുള്ള നടപടികളും കാര്യമായി കണ്ടില്ല.
ഒന്നര മണിക്കൂറുകൊണ്ട് ബജറ്റവതരിപ്പിച്ച് ജനങ്ങളെ കൂടുതൽ മടുപ്പിക്കാതിരുന്ന ധനമന്ത്രിക്ക് നന്ദി. ഉദ്ധരണികൾകൊണ്ട് ബജറ്റിനെ വഷളാക്കുന്ന കാലത്ത് കേന്ദ്രധനമന്ത്രി അതിൽനിന്ന് വിട്ടുനിന്നത് സന്തോഷകരമാണ്.
ലേഖകൻ സാമ്പത്തിക വിദഗ്ധനും സംസ്ഥാന ആസൂത്രണ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടറുമാണ്
English Summary : Union Budget Didn't Touch Some Important Sectors of Economy