ഇനി ഇന്ത്യയിൽ പഠിക്കുന്നതിന് പ്രവാസി വിദ്യാർത്ഥികൾ കൂടിയ ഫീസ് നൽകേണ്ട
Mail This Article
ഇനി ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) വിദ്യാർത്ഥികളിൽനിന്ന് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് സുപ്രീം കോടതി. മദ്രാസ് ഐ ഐ ടിയിലെ ഒരു വിദ്യാർത്ഥി കൊടുത്ത കേസിലാണ് വിധി വന്നത്. ഇനിമുതൽ ഇന്ത്യയിൽ പഠിക്കുന്ന ഒ സി ഐ വിദ്യാർഥികൾ കൂടിയ ഫീസ് നൽകേണ്ടയെന്നത് വിദേശ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാകും. ഇന്ത്യക്കാരായ മാതാപിതാക്കളുടെ വിദേശത്തു ജനിച്ച, അവിടുത്തെ പൗരത്വമുള്ള മക്കളാണ് ഒസിഐ കാർഡിനർഹർ.
2021 ഒക്ടോബർ മുതലുള്ള ഇടക്കാല ഉത്തരവ് കണക്കിലെടുത്താണ് ജസ്റ്റിസ് അബ്‌ദുൾ നസീറും, കൃഷ്ണ മുരാരിയും അടങ്ങുന്ന ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. ഒസിഐ പി ജി വിദ്യാർത്ഥിയെ ജനറൽ വിഭാഗത്തിലെ കൗണ്സിലിങ്ങിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തുല്യമായി കണക്കാക്കുവാൻ ഇതോടെ തീരുമാനമായി. വിദേശ പൗരന്മാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഫീസ് കൊടുക്കണമെന്ന് പറഞ്ഞതിനെ തുടർന്നാണ് ഈ ഒസിഐ വിദ്യാർത്ഥി കേസ് കൊടുത്ത്.
ദീർഘകാല വിസ രഹിത യാത്രയും, ഇന്ത്യയിൽ മറ്റ് നൂലാമാലകളില്ലാതെ താമസവും അനുവദിക്കുന്നതിനാൽ ഒസിഐ കാർഡ് വിദേശ ഇന്ത്യക്കാർക്ക് വളരെ പ്രിയപ്പെട്ടതാണ്. അതുകൂടാതെ ഒരു വിദേശ പൗരന് ലഭിക്കാത്ത പല ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കുന്നുണ്ട്. ഒസിഐ വിദ്യാർത്ഥികൾക്ക് ബാച്ചിലർ ഓഫ് ആയുർവേദ മെഡിസിൻ ആൻഡ് സർജറി(BAMS) ഉൾപ്പെടെ ഏതു കോഴ്സും 2022 -23ൽ പഠിക്കാമെന്നും അതിനും അവരെ ഇന്ത്യക്കാരായ മറ്റ് വിദ്യാർത്ഥികൾക്ക് തുല്യമായി പരിഗണിക്കുമെന്നും മറ്റൊരു വിധിയും സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
English Summary: According to Superme Court OCI Students Need not Pay High Amount of Fees for Their Study in India