അറിയൂ മാർച്ചിൽ നിങ്ങളെ ബാധിച്ചേക്കാവുന്ന ഈ മാറ്റങ്ങൾ
Mail This Article
കോവിഡ് കാലത്തെ രാജ്യാന്തര യാത്രാനിയന്ത്രണങ്ങൾ മാറുന്നതുൾപ്പടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ ഇന്നു മുതൽ യാഥാർത്ഥ്യമാകും. അവയെന്തൊക്കെയെന്ന് അറിയാം.
ഡി ബി എസ് ബാങ്കിന് പുതിയ ഐ എഫ് എസ് സി
ലക്ഷ്മി വിലാസ് ബാങ്ക് 2020 നവംബറിൽ ഡി ബി എസ് ബാങ്കുമായി ലയിച്ചിരുന്നു. ലക്ഷ്മി വിലാസ് ബാങ്കിന്റെ ഐ എഫ് എസ് കോഡുകൾ നാളെ മുതൽ ഉപയോഗത്തിലില്ല. പകരം മാർച്ച് 1 മുതൽ ഡി ബി എസ് ബാങ്കിന്റെ പുതിയ ഐ എഫ് എസ് കോഡുകൾ ഉപയോഗിക്കണം. പഴയ എം ഐ സി ആർ ഉള്ള ചെക്കുകളും നാളെമുതൽ സ്വീകരിക്കില്ല.
അമേരിക്കൻ പൗരത്വം
യു എസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS ) H-1B വിസകൾക്കായുള്ള പ്രാരംഭ റജിസ്ട്രേഷൻ നാളെ ആരംഭിക്കും. മാർച്ച് 18 വരെ ഈ സൗകര്യം ഉണ്ടായിരിക്കും. ഇന്ത്യക്കാരാണ് ഈ വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ. കേരളത്തിൽനിന്നും ഈ വിസയ്ക്ക് അപേക്ഷിക്കുന്ന ധാരാളം ഉദ്യോഗാർത്ഥികൾ ഉണ്ട്.
രാജ്യാന്തര യാത്ര നിരോധനം നീങ്ങുന്നു
മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന യാത്ര നിരോധനങ്ങൾ നാളെ മുതൽ മാറും. ഓരോ രാജ്യവും പ്രവേശനത്തിന് പ്രത്യേക നിബന്ധനകൾ വച്ചിരിക്കുന്നത് നിലനിൽക്കും. എന്നാൽ പൊതുവെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ വിനോദസഞ്ചാരികൾക്കും, മറ്റുള്ളവർക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നാളെ മുതൽ മാറ്റും. പൂർണമായും വാക്‌സിനേഷൻ എടുത്തവർക്കാണ് യാത്ര ഇളവുകൾ. എയർ ബബിൾ ക്രമീകരണങ്ങൾ അനുസരിച്ച് ഇന്ത്യക്കും, തായ്‌ലാൻഡിനുമിടയിൽ വിമാന സേവനങ്ങൾ നാളെ മുതൽ നിലവിൽ വരും. യു എ ഇ, കുവൈറ്റ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പുതുക്കിയ യാത്ര മാർഗ നിർദേശങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.
ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക്
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ ടോൾ ഫ്രീ നമ്പർ നാളെ മുതൽ മാറും. നാളെ മുതൽ എന്തെങ്കിലും തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ 1800 - 8899 -860 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.
പലിശ നിരക്ക്
ബാങ്ക് ഓഫ് ബറോഡയുടെ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പുതുക്കിയ പലിശ നിരക്കുകൾ പ്രാബല്യത്തിൽ. ഒരു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 5.10% ആണ് പുതുക്കിയ പലിശ നിരക്ക്.
എൽ പി ജി
റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ മാർച്ചിൽ ഇന്ത്യയിൽ എൽ പി ജി വില ഉയരുവാൻ സാധ്യതയുണ്ട്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ ബാരലിന് 105 ഡോളർ വരെ ബാരലിന് ഉയർന്ന ശേഷം ഇപ്പോൾ 103 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇത് ഇനിയും കൂടുവാൻ സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. 80 ശതമാനത്തോളം അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ പെട്രോൾ, ഡീസൽ, മണ്ണെണ്ണ, എൽ പി ജി നിരക്കുകൾ മാർച്ച് പകുതിയോടെ ഉയരും. കുടുംബ ബജറ്റുകളുടെ താളം തെറ്റാൻ ഇത് കാരണമാകും
English Summary: These Changes in March May Affect Your Daily Life