ശ്രദ്ധിക്കുക! ഇന്നെങ്കിലും ഈ ഇടപാടുകൾ തീർത്തില്ലെങ്കിൽ പണിയാകും
Mail This Article
മാർച്ച് 31 ന് മുൻപ്, അതായത് നാളേയ്ക്കകം ചെയ്തുതീർക്കേണ്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പല കാര്യങ്ങളുമുണ്ട്.ഇന്നും നാളെയുമായി ഇവ ചെയ്തില്ലെങ്കിൽ ഇനി പല ഇളവുകളും ലഭിച്ചേക്കില്ല എന്ന് മാത്രമല്ല ഫൈൻ കിട്ടുകയും ചെയ്യും. അതുകൊണ്ട് അവസാന ദിവസമെങ്കിലും ഈ സാമ്പത്തിക വർഷം നിശ്ചയമായും ചെയ്തുതീർക്കേണ്ട കാര്യങ്ങൾ നിർബന്ധമായി ചെയ്യുക.
പാൻ-ആധാർ
പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യുവാനുള്ള അവസാനതീയതി മാർച്ച് 31 2022 ആണ്. ഇതിനു ശേഷവും ബന്ധിപ്പിച്ചില്ലെങ്കിൽ 10,000 രൂപ പിഴ ലഭിക്കും. കൂടാതെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം പാൻ കാർഡ് നിഷ്ക്രിയമായും കണക്കാക്കും.
കെ വൈ സി
വിവിധ സാമ്പത്തിക ഇടപാടുകൾക്ക് കെ വൈ സി സമർപ്പിക്കേണ്ട അവസാനതീയതി മാർച്ച് 31 ആണ്. ബാങ്കുകൾ, ഓഹരി വ്യാപാര അക്കൗണ്ടുകൾ, ചെറുകിട നിക്ഷേപ പദ്ധതികൾ തുടങ്ങിയവയിൽ നിർബന്ധമായി കെ വൈ സി സമർപ്പിക്കണം. പ്രധാന മന്ത്രി കിസാൻ പദ്ധതികളിൽ കെ വൈ സി സമർപ്പിക്കേണ്ട തിയതിയും മാർച്ച് 31 ആണ്.
വൈകിയ ആദായ നികുതി റിട്ടേൺ
2020-21 വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ അത് സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 31 ആണ്.നിശ്ചിത തിയതിക്ക് ശേഷം അടച്ചില്ലെങ്കിൽ ആദായ നികുതി നിയമം അനുസരിച്ച്, 10,000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. ഐ ടി ആറിൽ പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ പുതുക്കി സമർപ്പിക്കുവാനുള്ള അവസരം ഉണ്ട്.
പ്രധാനമന്ത്രി ആവാസ് യോജന
ഈ പദ്ധതിയുടെ മൂന്നാം ഘട്ട അപേക്ഷകൾ ഫയൽ ചെയ്യുന്നതിനുള്ള സമയ പരിധി മാർച്ച് 31ന് അവസാനിക്കും.
മുൻകൂർ നികുതി അടക്കൽ
സാമ്പത്തിക വർഷാവസാനം സാധാരണ നികുതി അടയ്ക്കുന്നതിന് പകരം വർഷത്തിൽ 4 തവണ മുൻകൂർ നികുതി അടക്കാം. ഒരു വ്യക്തിയുടെ വാർഷിക നികുതി ബാധ്യത 10,000 രൂപക്ക് മുകളിലാണെങ്കിൽ മുൻകൂർ നികുതി അടക്കേണ്ടതുണ്ട്. നാലാമത്തെ ഗഡു അടക്കേണ്ടതിന്റെ അവസാനതീയതി മാർച്ച് 31 ആണ്.
നികുതി ഇളവ് നിക്ഷേപങ്ങൾ
മാർച്ച് 31 ന് മുൻപായി നികുതി ഇളവ് ലഭിക്കുന്നതിനുള്ള നിക്ഷേപങ്ങൾ നടത്തണം. അതിനു ശേഷം നടത്തുന്ന നിക്ഷേപങ്ങൾ ഇളവ് ലഭിക്കുന്നതിന് പരിഗണിക്കില്ല.പി പി എഫിലും, എൻ പി എസിലും നിക്ഷേപിക്കേണ്ട തുക അടച്ചില്ലെങ്കിൽ ഈ രണ്ടു ദിവസത്തിനുള്ളിൽ തന്നെ നിശ്ചയമായും ചെയ്യുക.
English Summary : Complete These Things Before March 31st