പെരുകുന്ന വൃദ്ധ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് നിലവിലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ മതിയാകുമോ?
Mail This Article
ഇന്ത്യയില്‍ കൂട്ടുകുടുംബ വ്യവസ്ഥയില്‍ വൃദ്ധജനങ്ങള്‍ക്കു ലഭിച്ചിരുന്ന സംരക്ഷണവും സുരക്ഷിതത്വവും സാമൂഹ്യമാറ്റത്തിനനുസരിച്ച് ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മുതിര്‍ന്ന പൗരന്മാരുടെ ജീവിതത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്.
വൃദ്ധജനങ്ങള്‍ക്ക് ഇപ്പോള്‍ സാമ്പത്തിക പിന്തുണ ലഭിക്കുന്നത് അവര്‍ തന്നെ നീക്കിവെച്ച പണത്തില്‍ നിന്നോ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നോ സ്വന്തം മക്കളില്‍ നിന്നോ ആണ്. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്കു മാത്രമേ റിട്ടയര്‍മെന്റ് കാലം കുടംബവും സുഹൃത്തുക്കളുമൊത്ത് ഉല്ലാസം പങ്കിടുന്ന കാലം ആയിത്തീരുകയുള്ളു. സ്വന്തമായി തൊഴില്‍ കണ്ടെത്തിയവര്‍ക്കും ബാങ്കില്‍ ആവശ്യത്തിന് പണമുള്ളവര്‍ക്കും ഒരു പരിധിവരെ സാമ്പത്തിക സുരക്ഷിതത്വം ലഭിക്കും. രാജ്യത്ത് 90 ശതമാനത്തോളം പേരും കൃഷി, വ്യാപാരം, കൂലിപ്പണി എന്നിവയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. 29 ശതമാനം പേര്‍ക്ക് പെന്‍ഷനും കെട്ടിട വാടകയും മറ്റും താങ്ങായിത്തീരുന്നുണ്ട്. ഈയവസ്ഥയില്‍ നേരിയ മാറ്റമെങ്കിലും ഉണ്ടാക്കാന്‍ കൂട്ടായ ശ്രമങ്ങളിലൂടെ നമുക്ക് സാധിക്കും.
വിവിധ മേഖലകള്‍ തമ്മിലുള്ള സഹകരണം
വാര്‍ദ്ധക്യം വേറിട്ടു കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്‌നമല്ല. വൃദ്ധ സമൂഹത്തിന്റെ ശാരീരികവും സാമൂഹികവും സാമ്പത്തികവുമായ ആവശ്യങ്ങള്‍ക്കു ഫലപ്രദമായ പിന്തുണ നല്‍കുന്നതിന് രാജ്യത്തു നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാമ്പത്തിക, രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ചും കൂടി അറിയേണ്ടതുണ്ട്. സമൂഹത്തില്‍ സംഭവിക്കുന്ന വ്യത്യസ്തവും സങ്കീര്‍ണവുമായ മാറ്റങ്ങളോടൊപ്പം രാഷ്ട്രീയവും സാമ്പത്തികവുമായ പരിണാമങ്ങള്‍ കൂടി മനസിലാക്കിയാലേ ഇതു സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കൂ.
പരിചരണ പദ്ധതികള്‍
വൃദ്ധജനങ്ങള്‍ക്കായുള്ള ഏതു പദ്ധതിയിലും അവരെ പരിചരിക്കുന്ന കുടുംബത്തെക്കൂടി പങ്കെടുപ്പിക്കേണ്ടത് അനിവാര്യമാണ്. കാരണം നമ്മുടെ നാട്ടില്‍ ഇന്നും കുടുംബം തന്നെയാണ് മുതിര്‍ന്നവരുടെ പ്രധാന അത്താണി. പരിചരണവും സംരക്ഷണവും നല്‍കുന്നവരെ കേന്ദ്രീകരിച്ച് കൃത്യമായ പരിപാടികളും നയങ്ങളും പെന്‍ഷന്‍ പദ്ധതിയും വേണം. ആനുകൂല്യങ്ങള്‍ നല്‍കുക, പിന്തുണ സംഘങ്ങള്‍ രൂപീകരിക്കുക, പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയിലൂടെ പ്രാഥമിക പരിചരണം നല്‍കുന്ന കുടുംബങ്ങള്‍ക്ക് ഉത്തേജനവും കൂട്ടുപ്രവര്‍ത്തനത്തിനുള്ള പ്രേരണയും ലഭിക്കും. മുതിര്‍ന്ന പൗരന്മാരുടെ സാമൂഹ്യ പ്രസക്തി മനസിലാക്കുന്നതിനും അവരെ ഉള്‍ച്ചേര്‍ത്തു നിര്‍ത്തുന്നതിനും സമൂഹത്തില്‍ അവര്‍ക്ക് ആദരവ് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നതിനും കുടുംബങ്ങള്‍ക്കും സമൂഹത്തിനുതന്നെയും ബോധവല്‍ക്കരണം ആവശ്യമാണ്.
ആരോഗ്യപരിചരണം
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആരോഗ്യ പരിചരണ പദ്ധതികളും അവയുടെ ഉപയോഗവും വ്യത്യസ്തമായതിനാല്‍ വൃദ്ധജനങ്ങളുടെ പരിചരണത്തിന് പൊതുവായ ഒരു പദ്ധതി പ്രായോഗികമല്ല. കേന്ദ്ര സര്‍ക്കാര്‍ ഏകോപനവും നിര്‍വഹണച്ചുമതലയും വഹിക്കുന്ന പദ്ധതിയുടെ കീഴില്‍ ഓരോ സംസ്ഥാനവും ജില്ലയും വൃദ്ധപരിചരണത്തിനായി അവരവരുടെ പ്രാദേശിക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് പദ്ധതി രൂപീകരിക്കേണ്ടിയിരിക്കുന്നു. വൃദ്ധജനങ്ങളുടെ പരിചരണം സംബന്ധിച്ചിടത്തോളം നഗര ഗ്രാമങ്ങള്‍ തമ്മില്‍ കാര്യമായ അന്തരമുണ്ട്. നയങ്ങള്‍ രൂപീകരിക്കുന്നവരേയും നടപ്പാക്കുന്നവരേയും സംബന്ധിച്ചിടത്തോളം ഇത് വലിയ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. വന്‍ വൃദ്ധസദനങ്ങളും വയോജനങ്ങള്‍ക്കായുള്ള പ്രത്യേക ക്ലിനിക്കുകളും ഇവരുടെ പരിചരണത്തിന് ഇന്ത്യന്‍ നഗരങ്ങള്‍ കല്‍പിക്കുന്ന പ്രാധാന്യമാണ് വെളിപ്പെടുത്തുന്നത്.
നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലെ ആവശ്യങ്ങളും സമീപനങ്ങളും സാമ്പത്തിക സുരക്ഷിതത്വവുമെല്ലാം വ്യത്യസ്തമായിരിക്കും. ഗ്രാമീണ മേഖലയിലെ സാഹചര്യം മുന്‍നിര്‍ത്തി പുരുഷന്മാരുടേയും സ്ത്രീകളുടേയും ആവശ്യങ്ങള്‍ കണക്കിലെടുത്ത് പ്രത്യേക പദ്ധതികള്‍ തയാറാക്കേണ്ടതുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ ആനന്ദം ലക്ഷ്യമാക്കി ഗ്രാമതലത്തിലോ പഞ്ചായത്തുതലത്തിലോ വയോജന ക്ലബുകൾക്ക് രൂപം നല്‍കണം. പകല്‍ കുടുംബാംഗങ്ങള്‍ ജോലിക്കു പോകുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കു സമയം ചിലവഴിക്കുന്നതിനായി പകല്‍വീടുകള്‍ക്കും സംവിധാനം വേണം.
വൃദ്ധജന പരിചരണത്തിന് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുയോജ്യമായ പരിപാടികളും നയങ്ങളും രൂപീകരിക്കാനായി സര്‍ക്കാര്‍ പിന്തുണയോടെ സാമൂഹ്യശാസ്ത്ര ഗവേഷണം നടക്കേണ്ടതുണ്ട്
ലേഖിക സീസണ്‍ ടു സീനിയര്‍ ലിവിങിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ്