വിദേശ പഠനം: അബദ്ധങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പോക്കറ്റ് ചോരും, കടത്തിന്റെ കയത്തിലുമാകും
Mail This Article
വിദേശ പഠനം കേരളത്തിൽ ഒരു തരംഗം തന്നെയാണ്. പ്ലസ് ടു കഴിഞ്ഞവർ മുതൽ, മികച്ച ജോലിയിൽ 10–15 വർഷം സർവീസ് ഉള്ളവർ വരെ വിദേശത്തേക്കു പഠിക്കാൻ, പറക്കാൻ ക്യൂവിലാണ്. എന്നാൽ വിദേശ പഠനത്തിനു ഒട്ടേറെ വെല്ലുവിളികൾ ഉയരുന്നുണ്ട്. സാമ്പത്തികബാധ്യത വർധിപ്പിക്കുന്നതും അല്ലാത്തതുമായ ഈ വെല്ലുവിളികളെയും വസ്തുതകളെയും മനസ്സിലാക്കിയില്ലെങ്കിൽ പോക്കറ്റ് ചോരുക മാത്രമല്ല, കടത്തിന്റെ കയത്തിലുമാകാം.
അൽപകാലം മുന്‍പു വരെ മികച്ച സാമ്പത്തിക നിലയുള്ളവർ മാത്രമാണ് വിദേശപഠനത്തിനു പോയിരുന്നതെങ്കിൽ ഇന്നു ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിൽനിന്നും കുട്ടികൾ ആഗ്രഹവുമായി മുന്നോട്ടു വരുന്നു. ഉള്ള കിടപ്പാടം പണയപ്പെടുത്തിയോ വിറ്റോ മക്കളെ വിദേശത്തേക്ക് അയയ്ക്കാൻ തയാറാകുന്ന മാതാപിതാക്കളുടെ എണ്ണവും കുതിച്ചുയരുകയാണ്. മികച്ച ജോലിക്കും വരുമാനത്തിനുമുള്ള സാധ്യതയാണ് ഇതിനു പ്രധാന പ്രേരണ. ഒപ്പം, സോഷ്യൽ സ്റ്റാറ്റസും വായ്പ സൗകര്യങ്ങളും ഈയൊഴുക്കിന് ആക്കം കൂട്ടുന്നു.
രൂപയുടെ വിലയിടിവ്
വിദേശ വിദ്യാഭ്യാസത്തിനു ചെലവേറും. നിലവിൽ വിദേശത്തേക്കു പോയവർക്കും ഇനി പോകാനിരിക്കുന്നവർക്കും കാര്യമായ അധിക ബാധ്യത ഉറപ്പ്. ഈ വർഷം ഇതുവരെ ഡോളറിന്റെ മൂല്യം 10 ശതമാനത്തോളം ഉയർന്നിട്ടുണ്ട്. അതുമൂലം മാത്രം അമേരിക്കയിലെ പഠനത്തിന് വർഷം ഒന്നര രണ്ടു ലക്ഷം രൂപ അധികമാകുമെന്നാണ് കണക്ക്. രൂപയുടെ ഇടിവു മൂലം വിദേശത്തേക്കുള്ള യാത്രച്ചെലവ്, ജീവിതച്ചെലവ്, താമസസൗകര്യം, എന്നിവയ്ക്കെല്ലാം കൂടുതൽ പണം നൽകേണ്ടി വരും.
വിലക്കയറ്റം
ലോകരാജ്യങ്ങളിലെല്ലാം വിലക്കയറ്റം ശക്തമാണ്. അത് വിദേശ പഠനത്തിനു പോകുന്നവർക്ക് പലതരം പ്രശ്നങ്ങൾ സൃഷ്ടിക്കും. അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പല കോഴ്സുകളുടെയും ട്യൂഷൻ ഫീസ് സമീപകാലത്ത് 10 മുതൽ 20% വരെ ഉയർത്തിയിട്ടുണ്ട്.
വീസ വൈകും
എല്ലാവരും വിദേശപഠനത്തിനു തിരക്കു കൂട്ടുന്നതിനാൽ സ്റ്റുഡൻസ് വീസയ്ക്ക് പല രാജ്യങ്ങളിലേക്കും ഇരട്ടി ആവശ്യക്കാരാണ്. കോവിഡ്, മാന്ദ്യം, യുദ്ധം അടക്കമുള്ള പ്രശ്നങ്ങൾ മൂലം നടപടികൾ താമസിക്കുന്നതിനാൽ വീസ കിട്ടാനും വലിയ താമസമുണ്ട്. പ്രതീക്ഷിക്കുന്ന സമയത്ത് വീസ ലഭിക്കാതെ വന്നാൽ ഒരു വർഷം തന്നെ നഷ്ടപ്പെടാം. അതനുസരിച്ച് സാമ്പത്തിക ബാധ്യതയും വർധിക്കും.
വേണ്ടിവരും അധിക വായ്പ
രൂപയുടെ മൂല്യം കുറയുന്നതിനു പുറമേ വിദേശ രാജ്യങ്ങളിലെ ഉയരുന്ന പണപ്പെരുപ്പം മൂലവും വിദേശ പഠനത്തിന് കൂടുതൽ തുക ഉറപ്പാക്കേണ്ടി വരും. അതായത്, അധിക തുക വായ്പ എടുക്കേണ്ടി വരും. അതു ഭാരം വർധിപ്പിക്കും.
ഉയരുന്ന പലിശ
ഇന്ത്യയിൽ ഇതിനകം പലിശ കാര്യമായി വർധിച്ചു കഴിഞ്ഞു. അടുത്ത ഒരു വർഷത്തിനകം ഇനിയും കാര്യമായ വർധന പ്രതീക്ഷിക്കുകയും വേണം. പലിശ കൂടുന്നത് അനുസരിച്ച് വിദ്യാഭ്യാസ വായ്പയുടെ ബാധ്യതയും ഉയരും. മാത്രമല്ല, മുൻഗണനാ വായ്പയാണെങ്കിലും വിദ്യാഭ്യാസ വായ്പയ്ക്ക് ഉയർന്ന പലിശയാണ് ബാങ്കുകൾ ഈടാക്കുന്നത്.
ബാങ്കുകളുടെ വിമുഖത
തിരിച്ചടവ് വലിയ പ്രശ്നമാണെന്നതിനാൽ പൊതുവേ ബാങ്കുകൾക്ക് വിദ്യാഭ്യാസ വായ്പ നൽകാൻ വലിയ മടിയാണ്. പലവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയും വിവിധ രേഖകൾ ആവശ്യപ്പെട്ടും വായ്പ അനുമതി വൈകിപ്പിക്കുന്നത് സാധാരണയാണ്. പ്രതീക്ഷിക്കുന്ന സമയത്തു വായ്പ കിട്ടിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും.
ആഗോള അനിശ്ചിതത്വങ്ങൾ
മേൽപറഞ്ഞ ഘടകങ്ങൾ പോക്കറ്റിനെ ബാധിക്കുന്നവയാണെങ്കിൽ വിദേശ പഠനത്തിനു പോകുന്ന കുട്ടികളെയും മാതാപിതാക്കളെയും മാനസികമായും ശാരീരികമായും ബാധിക്കാവുന്ന ചില വിഷയങ്ങളും ഇപ്പോൾ ശക്തമായുണ്ട്.
വിദേശത്ത് അഡ്മിഷൻ കിട്ടിയവർക്കു യുദ്ധം, കോവിഡ് എന്നിവ മൂലം വിവിധ രാജ്യങ്ങളിൽ നിന്നു തിരിച്ചു പോരേണ്ടി വന്നതും അതു സൃഷ്ടിച്ച ആശങ്കകളും പ്രശ്നങ്ങളും സമീപകാലത്ത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇത്തരം സാഹചര്യങ്ങളും വെല്ലുവിളികളും ഏതു സമയത്തും എവിടേയും സംഭവിക്കാം.
ഊർജപ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും
റഷ്യ–യുക്രെയ്ൻ യുദ്ധം യൂറോപ്യൻ യൂണിയനിലടക്കമുണ്ടാക്കിയ ഊർജപ്രതിസന്ധി വളരെ രൂക്ഷമാണ്. അതുപോലെ ലോകരാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളും. ഇവയെല്ലാം അതിജീവിക്കാൻ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സുഖശീതളിമയിൽനിന്നു പോകുന്നവർക്ക് വളരെ ബുദ്ധിമുട്ടാകും. പ്രത്യേകിച്ച്, ചെറുപ്രശ്നങ്ങളിൽ പോലും വാടിത്തളരുന്ന ന്യൂജെൻ കുട്ടികൾ ഇവ എങ്ങനെ മറികടക്കും എന്നതു ആശങ്കയുണ്ടാക്കുന്നതാണ്.
വിദേശത്തെ വിദ്യാഭ്യാസരംഗത്തെ മികവും തൊഴിലവസരങ്ങളുമാണ് ഇത്രയും ഉയർന്ന തുക ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നത്. ഒപ്പം പഠനം പൂർത്തിയാക്കിയാൽ വിദേശത്ത് ജോലി നേടി ആർഭാടവും സന്തോഷവും നിറഞ്ഞ ജീവിതം ഉറപ്പാക്കാമെന്ന പ്രതീക്ഷയും. പക്ഷേ, കേരളത്തിൽ നിന്നു പോകുന്നവർക്ക് പഠനരംഗത്തും പല വെല്ലുവിളികളും നേരിടേണ്ടി വരും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ പാർട് ടൈം ജോലി ഉറപ്പിക്കുക. അതുവഴി താമസത്തിനും ഭക്ഷണത്തിനും ഉള്ള ചെലവ് ഒരു പരിധി വരെ കണ്ടെത്താം.
∙ പല രാജ്യങ്ങളും ഒരു വർഷത്തേക്കാണ് വീസ അനുവദിക്കുന്നത്. 10 മാസമാകുമ്പോൾ നീട്ടാൻ അപേക്ഷിക്കണം. അവസാന സെമസ്റ്ററിൽ നിശ്ചിത ശതമാനം മാർക്ക് ഉണ്ടെങ്കിലേ പ രാജ്യങ്ങളും വീസ നീട്ടിത്തരൂ. അല്ലെങ്കിൽ മടങ്ങിപ്പോരേണ്ടി വരും. മുടക്കിയ തുക മുഴുവനും വെള്ളത്തിലാകും. വായ്പബാധ്യത നിങ്ങളെ പെരുവഴിയിലുമാക്കും.
∙ വിവിധ കോഴ്സുകൾ പകുതിയാകുമ്പോൾ സ്ഥിരം ജോലിക്ക് അപേക്ഷിക്കാം. ഇവിടെ പഠനത്തിന്റെ ക്രെഡിറ്റ് സ്കോർ പ്രധാനം.
∙ കാണാപ്പാഠം പഠിച്ചു നേടാമെന്നു കരുതരുത്. പഠനം മിക്കപ്പോഴും സ്വയം ചെയ്യേണ്ടതാണ്.
∙ ഓരോ വർഷവും എൻജിനിയറിങ് കോഴ്സുകളിൽ സിലബസ് പുതുക്കും. അതനുസരിച്ചു മുന്നോട്ടു പോകാനാകണം. പഠനത്തോടൊപ്പം പല കമ്പനികളിലും ഇന്റേൺഷിപ്പുണ്ടാകും. ചിലപ്പോൾ അവിടെത്തന്നെ ജോലിയും കിട്ടും.
∙ കാനഡയിൽ പോകുന്ന ഇന്ത്യൻ വിദ്യാർഥികൾക്കു പഠനം തുടങ്ങിയ ശേഷമേ പാർട് ടൈം ജോലി അനുവദിക്കൂ. പഠനവീസയിലെത്തുന്നവർ ജോലി ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതോടെ ഇന്ത്യയിലെ കനേഡിയൻ ഹൈകമ്മിഷണറുടെ നിർദേശമാണിത്. മാത്രമല്ല, ആറു മാസമെങ്കിലുമുള്ള കോഴ്സിനു പ്രവേശനം കിട്ടിയവർക്കേ പാർട് ടൈം ജോലിക്ക് അനുവാദമുള്ളൂ.
English Summary : Keep These Things in Mind Before Getting Ready for Foreign education