പെൻഷൻ കുടിശ്ശിക വേണോ? ഉടൻ സത്യവാങ്മൂലം നൽകണം
Mail This Article
പെൻഷൻ പരിഷ്ക്കണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും കിട്ടാൻ ഉടൻ സത്യവാങ്മൂലം സമർപ്പിക്കണം. സംസ്ഥാന സർവീസ് പെൻഷൻകാരും ഫാമിലി പെൻഷൻകാരുമാണ് നിർദ്ദിഷ്ട ഫോറത്തിൽ സത്യവാങ്മൂലം സമർപ്പിക്കേണ്ടത്.
ഇനി കിട്ടേണ്ടത് രണ്ടു ഗഡുക്കൾ
2019 ജൂലായ് മുതലുള്ള പെൻഷൻ പരിഷ്ക്കരണ, ക്ഷാമാശ്വാസ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ നേരത്തെ ലഭിച്ചിരുന്നു. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം തടഞ്ഞുവച്ച മൂന്നും നാലും ഗഡുക്കൾ യഥാക്രമം 2022 - 23, 2023 - 24 സാമ്പത്തിക വർഷങ്ങളിൽ നൽകുമെന്ന് ധനവകുപ്പ് ഉത്തരവിലൂടെ മുൻപ് വ്യക്തമാക്കിയിരുന്നു. ഇത് ലഭിക്കണമെങ്കിൽ ഉടൻ സത്യവാങ്മൂലം ഹാജരാക്കണമെന്ന് ട്രഷറി ഡയറക്ടർ നിർദ്ദേശിച്ചു.
അധികമായി കൈപ്പറ്റിയാൽ തിരിച്ചടയ്ക്കാം
പെൻഷൻ പരിഷ്ക്കരണ വ്യവസ്ഥകൾക്ക് വിരുദ്ധമായി പെൻഷനോ മറ്റു വിരമിക്കൽ ആനുകൂല്യങ്ങളോ കൈപ്പറ്റിയതായി ഭാവിയിൽ കണ്ടെത്തുന്ന സാഹചര്യത്തിൽ അധികമായി ലഭിച്ച തുക ഈടാക്കാവുന്നതാണെന്ന സത്യവാങ്മൂലമാണ് ട്രഷറികളിൽ നൽകേണ്ടത്. നിർദ്ദിഷ്ട ഫോറത്തിൽ സമർപ്പിക്കണം.
എങ്ങനെ സമർപ്പിക്കാം?
ട്രഷറികളിൽ നിന്ന് പിടിഎസ്ബി /മണി ഓർഡർ ആയി പെൻഷൻ കൈപ്പറ്റുന്നവർ അവരുടെ മാതൃട്രഷറിയിലാണ് സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. ബാങ്കു മുഖേന പെൻഷൻ വാങ്ങുന്നവർക്ക് സമീപത്തുള്ള ട്രഷറിയിൽ നൽകാം. കൂടാതെ പെൻഷനേഴ്സ് പോർട്ടലിലൂടെ ഓൺലൈനായും സത്യവാങ്മൂലം സമർപ്പിക്കാം. നേരത്തെ സമർപ്പിച്ചവർ വീണ്ടും സമർപ്പിക്കേണ്ടതില്ല.
English Summary: Submit an Affidavit for Your Pension Arrear