കണക്കുകൂട്ടാം, കാശും ലാഭിക്കാം! അടിമുടി മാറി ആദായനികുതി; ഇളവു കണ്ട് ഇളക്കം വേണ്ട
Mail This Article
കേന്ദ്രബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പുതിയ നികുതിഘടനയിലുള്ളവര്‍ക്കു പ്രഖ്യാപിച്ച ഇളവുകള്‍ ഒറ്റനോട്ടത്തില്‍ ആകര്‍ഷകമാണെങ്കിലും ശമ്പളവരുമാനക്കാരില്‍ ഭൂരിഭാഗത്തിനും ഇളവുകളൊന്നുമില്ലാത്ത ഈ നികുതിഘടന ലാഭകരമായിരിക്കില്ല. അതുകൊണ്ടുതന്നെ സ്വന്തം വരുമാനത്തിന്‍റെയും തനിക്ക് അര്‍ഹതയുള്ള നികുതിയിളവുകളുടെയും സ്വഭാവം വിലയിരുത്തിയ ശേഷം മാത്രം നികുതിഘടന മാറ്റുന്നതാവും അഭികാമ്യം. അതായത്, ചിലര്‍ക്ക് പഴയ നികുതിഘടന ആയിരിക്കും ലാഭമെങ്കില്‍ മറ്റു ചിലര്‍ക്ക് പുതിയ രീതിയായിരിക്കും ഗുണകരം. ആദായനികുതി കണക്കാക്കാന്‍ രണ്ടു നികുതിഘടനകള്‍ നിലവില്‍ വരുന്നത് 2020ലെ കേന്ദ്ര ബജറ്റിലാണ്. നിലവിലുണ്ടായിരുന്ന ആദായനികുതി സ്ലാബിനു പുറമേ, കുറഞ്ഞ നിരക്കിലുള്ള നികുതിയുള്ള പുതിയൊരു നികുതിഘടന കൂടി അവതരിപ്പിക്കുകയാണ് ആ വര്‍ഷം ധനമന്ത്രി ചെയ്തത്. പക്ഷേ, ഒരു തരത്തിലുള്ള ആദായനികുതി ഇളവുകളും ഉണ്ടാവില്ല എന്നതായിരുന്നു പുതിയ നികുതിഘടനയുടെ പ്രത്യേകത. അതായത് ഒരാള്‍ക്ക് വിവിധ തരത്തിലുള്ള ആദായനികുതി ഇളവുകളോടെ താരതമ്യേന ഉയര്‍ന്ന നികുതിനിരക്കിലുള്ള പഴയ നികുതിഘടനയോ, ഒരു തരത്തിലുള്ള ആദായനികുതി ഇളവുമില്ലാതെ കുറഞ്ഞ നികുതി നിരക്കുള്ള പുതിയ നികുതിഘടനയോ സ്വീകരിക്കാം എന്നര്‍ഥം.