അതിസമ്പന്നര്‍ക്കുണ്ട് അപ്രതീക്ഷിത ഇളവ്, പുതിയ സ്ലാബില്‍
Mail This Article
സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ആദായനികുതിയില്‍ പ്രതീക്ഷിച്ചതൊന്നും പ്രഖ്യാപിക്കാതിരുന്ന ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പക്ഷേ സമൂഹത്തിലെ അതിസമ്പന്നര്‍ക്ക് അപ്രതീക്ഷിത ആനുകൂല്യം ആണ് പ്രഖ്യാപിച്ചത്. സമ്പന്നര്‍ക്കു പരമാവധി സര്‍ചാര്‍ജ് 37 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറച്ചു. ഇതും പുതിയ സ്ലാബില്‍ നികുതി നല്‍കുന്നവര്‍ക്കു മാത്രമേ ഉള്ളൂ.
രണ്ടു കോടിയിലധികം വരുമാനമുള്ളവര്‍ക്ക് നിലവില്‍ 42.74% ആണ് സര്‍ചാര്‍ജ് അടക്കം വരുന്ന മൊത്തം നികുതി. എന്നാല്‍ സര്‍ചാര്‍ജ് കുറച്ചതോടെ പുതിയ സ്ലാബില്‍ നികുതി അടയ്ക്കുന്നവര്‍ക്ക് ഇനിയത് 39% ആയി കുറയുമെന്നു ധനമന്ത്രി വ്യക്തമാക്കി.
നിലവില്‍ പഴയ സ്ലാബിലും പുതിയ സ്ലാബിലും 50 ലക്ഷം മുതല്‍ ഒരു കോടി വരെ രൂപയിലധികം വരുമാനമുള്ളവര്‍ക്ക് 10% ആണ് സര്‍ചാര്‍ജ്. ഒരു കോടി മുതല്‍ രണ്ടു കോടി രൂപ വരെ 15%, 2 കോടി മുതല്‍ 5 കോടി വരെ 25%, 5 കോടിയില്‍ അധിക വരുമാനത്തിന് 37 ശതമാനമവുമാണ് നിരക്ക്. ഇതടക്കം നോക്കുമ്പോള്‍ 42.74 ശതമാനം നികുതി ആകുമെന്നും ഇത് ലോകത്തു തന്നെ ഏറ്റവും ഉയര്‍ന്നതാണെന്നുമാണ് ധനമന്ത്രിയുടെ വിശദീകരണം. അതിനാലാണ് സര്‍ചാര്‍ജ് 37ല്‍ നിന്ന് 25 ശതമാനമാക്കിയത്. അതോടെ രാജ്യത്തെ പരമാവധി ടാക്‌സ് നിരക്ക് 39 ശതമാനമായി കുറയും.
40,000 രൂപയില്‍ കൂടുതല്‍ മാസവരുമാനത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടു പെടുന്നവന് അവന്റെ ചെലവുകള്‍ക്കും നിക്ഷേപത്തിനും അല്‍പം ഇളവു കിട്ടുന്ന 80 സിയില്‍ ചെറിയൊരു വര്‍ധന പ്രതീക്ഷിച്ചത് നല്‍കാന്‍ ബജറ്റ് തയാറായില്ല എന്നത് സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും വലിയ നിരാശയാണ് ഉണ്ടാക്കിയത്. അതേസമയം അതിസമ്പന്നര്‍ക്ക് സര്‍ചാര്‍ജ് 37ല്‍ നിന്ന് 25 ആക്കി കുറയ്ക്കുകയും ചെയ്തു.