ADVERTISEMENT

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള സർക്കാർ വരുമാനം കൂട്ടാനുള്ള നടപടികളിലേയ്ക്കു ബജറ്റിലൂടെ കടക്കുമ്പോൾ സർക്കാർ, സർക്കാർ ഇതര ജോലിക്കാർ ആശങ്കയിലാണ്. നികി, നികുതി ഇതര വരുമാന വർധനയ്ക്ക് ഇത്തവണത്തെ ബജറ്റിൽ കൂടുതൽ നിർദേശങ്ങൾ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ഇത് സ്വാഭാവികമായും സാധാരണക്കാരുടെ ജീവിതത്തെ കാര്യമായി ബാധിക്കും എന്നതിൽ തർക്കമില്ല. സർക്കാർ സേവനങ്ങൾക്കുള്ള ഫീസിൽ പത്തു ശതമാനം വർധനവെങ്കിലു പ്രതീക്ഷിക്കുന്നുണ്ട്.

 

∙ തൊഴിൽ നികുതി ഇരട്ടിയായേക്കും

 

തൊഴിൽ നികുതി വർധന ജീവനക്കാരുടെയും തൊഴിലാളികളുടെയും പോക്കറ്റ് ചോർത്തും. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളാണ് തൊഴിൽ നികുതി പിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്ന് വരുമാനത്തിന്റെ സ്ലാബ് അനുസരിച്ചാണ് തൊഴിൽ നികുതി ചുമത്തുന്നത്. പണപ്പെരുപ്പത്തിന്റെ നിരക്ക് അനുസരിച്ച് തൊഴിൽ നികുതി വർദ്ധിപ്പിക്കണമെന്ന ആറാം ധനകമ്മീഷന്റെ ശുപാർശ സർക്കാർ നേരത്തെ അംഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള വർദ്ധന നടപ്പാക്കിയാൽ മിക്ക സ്ലാബുകളിൽ ഉൾപ്പെട്ടവരുടെ നികുതിയിലും ഇരട്ടിയോളം വർദ്ധനവ് ഉണ്ടായേക്കും. തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന വിവിധ ഫീസുകളും പിഴകളും വർദ്ധിപ്പിക്കാനുള്ള ധനകമ്മീഷന്റെ നിർദ്ദേശത്തിനും സർക്കാർ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇത്തവണത്തെ ബജറ്റിൽ നിഴലിച്ചേക്കും.

 

∙ 25 വർഷം മുമ്പുള്ള നികുതി

 

25 വർഷം മുമ്പു നിശ്ചയിച്ച തൊഴിൽ നികുതിയാണ് ഇപ്പോഴും ഈടാക്കിക്കൊണ്ടിരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പിന്നീട് ശമ്പളം പല മടങ്ങ് വർദ്ധിച്ചു. 6000 രൂപ പ്രതിമാസ ശമ്പളം വാങ്ങിയിരുന്ന കാലത്ത് നൽകിയിരുന്ന 2500 രൂപ തൊഴിൽ നികുതിയാണ് ഇപ്പോഴും നൽകിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിൽ നികുതി വർദ്ധിപ്പിക്കുമെന്ന സൂചനയാണ് ധനമന്ത്രിയുടെ വാക്കുകളിൽ ഉള്ളത്. നിലവിൽ ഉദ്യോഗസ്ഥരിൽ നിന്ന് തൊഴിൽ നികുതിയായി പരമാവധി ഈടാക്കിക്കൊണ്ടിരിക്കുന്നത് പ്രതിവർഷം 2500 രൂപ മാത്രമാണ്. ഇത് വർഷത്തിൽ രണ്ടു തവണ 1250 രൂപ വീതമാണ് ജീവനക്കാരിൽ നിന്ന് വസൂലാക്കുന്നത്.

 

∙ സർക്കാർ ജീവനക്കാരും പെൻഷൻകാരും പ്രതീക്ഷിക്കുന്നത്

 

കുടിശ്ശികയുള്ള ക്ഷാമബത്ത (DA) / ക്ഷാമാശ്വാസ (DR) ഗഡുക്കൾ അനുവദിക്കുന്നതു സംബന്ധിച്ച എന്തെങ്കിലും സൂചന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന  ജീവനക്കാരും പെൻഷൻകാരും. 2020 ലെ നിരക്കിലുള്ള ക്ഷാമബത്ത/ ക്ഷാമാശ്വാസമാണ് ഇപ്പോഴും ഇവിടെ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓരോ വർഷവും ജനുവരിയിലും ജൂലൈയിലുമാണ് ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കാറുള്ളത്. ഇതേ നിരക്കിൽ പെൻഷൻകാരുടെ ക്ഷാമാശ്വസവും വർദ്ധിപ്പിക്കും. കേന്ദ്രം അനുവദിച്ചതിനു പിന്നാലെ കേരളവും അനുവദിക്കുകയായിരുന്നു പതിവ്. പരമാവധി രണ്ടുഗഡു കുടിശ്ശികയ്ക്കപ്പുറം പോകാറില്ലായിരുന്നു. 

 

∙ നാലു ഗഡു കൂടിശ്ശിക

 

ഉപഭോക്തൃ വില സൂചികയിൽ ഉണ്ടാകുന്ന വർദ്ധനവ് അനുസരിച്ചാണ് കേന്ദ്ര സർക്കാർ ഡിഎ നിശ്ചയിക്കുന്നത്. കേന്ദ്രം 2022 ജൂലായിലെ ക്ഷാമബത്ത കൂടി പ്രഖ്യാപിച്ചതോടെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നാലു ഗഡു ഡിഎ /ഡിആർ കുടിശികയായി.

2021 ജനുവരി 2%

2021 ജൂലായ് 3%

2022 ജനുവരി 3%

2022 ജൂലായ് 3%

 

എന്നീ ഗഡുക്കളാണ് ഇനി ലഭിക്കാനുള്ളത്. ഇതു മൊത്തം 11% വരും. നിലവിൽ 18% ഡിഎ/ഡിആർ ലഭിക്കേണ്ട സ്ഥാനത്ത് 7% മാത്രമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.  കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തിൽ 28% ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചതിനു ശേഷമുള്ള നിരക്കാണ് 7% ക്ഷാമബത്ത. കുടിശികയുള്ള ക്ഷാമബത്ത ഗഡുക്കളിൽ രണ്ടു ഗഡുക്കളെങ്കിലും അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീവനക്കാരുടെ കുടിശിക പി.എഫിൽ ലയിപ്പിക്കാനേ സാധ്യതയുള്ളൂ. പെൻഷൻകാർക്ക് പണമായി അനുവദിക്കുമെങ്കിലും ഗഡുക്കളായി നൽകുന്നതു പരിഗണിച്ചേക്കും.

 

∙ ശമ്പള - പെൻഷൻ പരിഷ്കരണ കുടിശിക

 

ശമ്പള - പെൻഷൻ പരിഷ്കരണ കുടിശികയും അതോടൊപ്പമുള്ള ഡിഎ/ഡിആർ കുടിശികയും നാലു ഗഡുക്കളായി  അനുവദിച്ചിരുന്നു. അതിലെ രണ്ടു ഗഡുക്കൾ മാത്രമാണ് നിലവിൽ ലഭിച്ചിട്ടുള്ളത്. ശേഷിക്കുന്ന രണ്ടു ഗഡുക്കൾ 2022-23, 2023-24സാമ്പത്തിക വർഷങ്ങളിൽ അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനവും ജീവനക്കാരും പെൻഷൻകാരും പ്രതീക്ഷിക്കുന്നു. സർക്കാറിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ എന്തു സംഭവിക്കുമെന്നാണ് ഇവർ ഉറ്റുനോക്കുന്നത്.

 

∙ പെൻഷൻ പ്രായം കൂട്ടുമോ?

 

ബജറ്റ് അടുക്കുമ്പോൾ എല്ലാ വർഷവും പെൻഷൻ പ്രായം വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷ ഉടലെടുക്കാറുണ്ട്. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 57 ആക്കണമെന്ന് കെ. മോഹൻദാസ് അദ്ധ്യക്ഷനായ ശമ്പള പരിഷ്കരണ സമിതി ശുപാർശ ചെയ്തിരുന്നു. പെൻഷൻ പ്രായം 56 ൽ നിന്ന് 57 ആയി വർദ്ധിപ്പിച്ചാൽ വിരമിക്കൽ ആനുകൂല്യമായി നൽകേണ്ട 5000 കോടി രൂപ തൽക്കാലം ലാഭിക്കാമെന്നാണ് സർക്കാറിന്റെ കണക്ക്. പ്രതി വർഷം ഇരുപതിനായിരത്തോളം ജീവനക്കാർ വിരമിക്കാറുണ്ട്. വിരമിക്കൽ ആനുകൂല്യമായി ഓരോ ജീവനക്കാരനും 20-50 ലക്ഷം രൂപ നൽകേണ്ടിവരും. പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഭൂരിഭാഗം സർവീസ് സംഘടനകളും അനുകൂലമാണ്. എന്നാൽ എൽ.ഡി.എഫിന്റെയും സി പി എംന്റെയും നയം പെൻഷൻ പ്രായം വർദ്ധിപ്പിക്കേണ്ടതില്ലെന്നതാണ്. അഭ്യസ്തവിദ്യരായ യുവാക്കളുടെ  തൊഴിലവസരം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം സർക്കാരിൽ നിന്ന് ഉണ്ടാകാനുള്ള സാധ്യതയില്ല. നേരത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 വയസ്സാക്കി ഏകീകരിക്കാനുള്ള തീരുമാനം വിവാദമായതിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു.

 

∙ പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുമോ?

 

ജീവനക്കാർ ഉറ്റുനോക്കുന്ന മറ്റൊരു വിഷയമാണ് പങ്കാളിത്ത പെൻഷന്റെ കാര്യം.  സംസ്ഥാനത്തെ അഞ്ചേകാൽ ലക്ഷത്തോളം ജീവനക്കാരിൽ 1.70 ലക്ഷത്തോളം ജീവനക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ കീഴിലാണ്. പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കണമെന്നാണ് സർവീസ് സംഘടനകളും പെൻഷൻകാരും ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ പങ്കാളിത്ത പെൻഷൻ പിൻവലിച്ചാൽ സർക്കാറിന് ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത ഭീമമാണ്. പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കാൻ തീരുമാനിച്ച സംസ്ഥാനങ്ങൾക്കൊന്നും പദ്ധതിയിലേക്ക് അടച്ച തുക തിരിച്ചു നൽകാൻ കേന്ദ്രം തയ്യാറായിട്ടില്ല. പദ്ധതിയിൽ നിന്നു പിന്മാറാനുള്ള സാധ്യതയ്ക്ക് പ്രധാന വിലങ്ങുതടിയായി നിൽക്കുന്നത് ഇതാണ്. അതേ സമയം പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി പിൻവലിക്കാനുള്ള സാധ്യതയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് സർക്കാറിന്റെ പരിഗണനയിലാണ് ഇക്കാര്യത്തിലുള്ളപ്രതിസന്ധികൾ തരണം ചെയ്യാൻ എന്തു മാർഗമാണ് സർക്കാർ സ്വീകരിക്കുകയെന്ന ആകാംഷയിലാണ് സർക്കാർ ജീവനക്കാരും പെൻഷൻകാരും.

 

English Summary: Kerala Budget 2023 Expectations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com