ജീവനക്കാർക്ക് നിരാശ; 'ജീവൻ രക്ഷ'യുടെ അധിക ബാധ്യതയും
Mail This Article
സംസ്ഥാന ബജറ്റ് ജീവനക്കാരെയും പെൻഷൻകാരെയും നിരാശയിലാഴ്ത്തി. പ്രതീക്ഷിച്ച ആനുകൂല്യങ്ങളിൽ ഒന്നു പോലും ലഭിച്ചില്ല. അതേസമയം ജീവനക്കാരുടെ ജി.പി.എ.ഐ.എസ് പ്രീമിയം വർദ്ധിപ്പിക്കുകയും ചെയ്തു.
ഡി എ കുടിശിക ഇല്ല
ജീവനക്കാരും പെൻഷൻകാരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കുടിശിക/ ക്ഷാമബത്ത, ക്ഷാമാശ്വാസ ഗഡുക്കളുടെ വിതരണത്തെക്കുറിച്ച് ഒരു സൂചന പോലും ബജറ്റിൽ ഇല്ല. നിലവിൽ 2021 മുതലുള്ള നാലു ഗഡു ക്ഷാമബത്ത (മൊത്തം 11 ശതമാനം)യാണ് കുടിശികയായിട്ടുള്ളത്. കേന്ദ്രം പ്രഖ്യാപിക്കാനിരിക്കുന്ന 2023 ജനുവരിയിലെ 4 ശതമാനം ഡി എ കൂടിയാവുന്നതോടെ 5 ഗഡു (മൊത്തം 15 ശതമാനം) കുടിശികയാവും. ക്ഷാമബത്ത/ ക്ഷാമാശ്വാസ കുടിശികയുടെ ഒന്നോ രണ്ടോ ഗഡുക്കളെങ്കിലും പ്രഖ്യാപിക്കുമെന്ന് ജീവനക്കാരും പെൻഷൻകാരും പ്രതീക്ഷിച്ചിരുന്നു. നിലവിൽ 2020ലെ നിരക്കിലുള്ള 7 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്.
ശമ്പള – പെൻഷൻ പരിഷ്ക്കരണ കുടിശിക
ശമ്പള / പെൻഷൻ പരിഷ്കരണ കുടിശികയുടെ കാര്യവും ധനമന്ത്രി ബജറ്റിൽ സൂചിപ്പിച്ചില്ല. നിലവിൽ ശമ്പള / പെൻഷൻ പരിഷ്കരണ കുടിശികയുടെ രണ്ടു ഗഡു മാത്രമാണ് ലഭിച്ചിട്ടുള്ളത്. കുടിശികയുള്ള രണ്ടു ഗഡു 2022-23 , 2023-24 സാമ്പത്തികവർഷങ്ങളിൽ അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. നിലവിലെ പശ്ചാത്തലത്തിൽ കുടിശിക വിതരണം വീണ്ടും നീട്ടിവയ്ക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും പെൻഷൻകാരും.
പ്രീമിയം 1000 രൂപയാക്കി
സർക്കാർ / അർദ്ധ സർക്കാർ / പൊതുമേഖല / സഹകരണ സ്ഥാപനങ്ങൾ/സർവകലാശാല / മറ്റു സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കായി നടപ്പാക്കിയിട്ടുള്ള ജി.പി.എ.ഐ.എസ് അപകട ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർദ്ധിപ്പിച്ചു. അതേസമയം അപകടം മൂലമുള്ള മരണത്തിനുള്ള പരിരക്ഷ 10ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷമായി ഉയർത്തി. സ്വാഭാവിക മരണത്തിന് സമാശ്വാസമായി 5 ലക്ഷം രൂപയുടെ അധിക പരിരക്ഷ ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. ജി.പി.എ.ഐ.എസ് പദ്ധതി പരിഷ്കരിച്ച് ജീവൻരക്ഷ എന്ന പുതിയ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു.
English Summary: Emplyees and Pensioners are Sad About Pension