ADVERTISEMENT

ഇത്തവണത്തെ സംസ്ഥാന ബജറ്റ് അവതരണം ജീവനക്കാരും സർവീസ് പെൻഷൻകാരും ഏറെ പ്രതീക്ഷയോടെയാണ് വീക്ഷിച്ചത്. തങ്ങൾക്ക് കിട്ടാനുള്ള ശമ്പള പെൻഷൻ കുടിശികയുടെയും ക്ഷാമബത്ത കുടിശികയുടെയും വിതരണം സംബന്ധിച്ച എന്തെങ്കിലും പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. നേരത്തെ സർക്കാർ പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് ശമ്പള പെൻഷൻ പരിഷ്ക്കരണത്തിന്റെയും അതിനോടനുബന്ധിച്ച ക്ഷാമബത്ത/ക്ഷാമാശ്വാസത്തിന്റെയും ഒരു ഗഡു 2023 മാർച്ചിനുള്ളിൽ നൽകേണ്ടതാണ്. ഇതു കൂടാതെ 4 ഗഡു ക്ഷാമബത്ത വേറെയുമുണ്ട്. ഇതു സംബന്ധിച്ച സൂചനകളൊന്നും ബജറ്റിൽ നൽകാതിരുന്നത് ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. കടുത്ത നിരാശയാണ് ധനമന്ത്രി ഇത്തവണത്തെ ബജറ്റിലൂടെ ജീവനക്കാർക്കും പെൻഷൻകാർക്കും സമ്മാനിച്ചത്.

ശമ്പള - പെൻഷൻ കൂടിശിക എത്ര?

2021പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി നൽകേണ്ട കുടിശിക നാലു തുല്യ ഗഡുക്കളായി നൽകാനാണ് സർക്കാർ തീരുമാനിച്ചത്. അതിലെ രണ്ടു ഗഡുക്കൾ സമയബന്ധിതമായി നൽകി. ശേഷിക്കുന്ന രണ്ടു ഗഡുക്കൾ 2021 ഓഗസ്റ്റിലും നവംബറിലുമായി അനുവദിക്കാനും തീരുമാനിച്ചു. തുടർന്ന് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രണ്ടും മൂന്നും ഗഡുക്കളുടെ വിതരണം 2022 - 23, 2023 - 24 വർഷങ്ങളിലേക്ക് മാറ്റിവയ്ക്കുകയാണുണ്ടായത്. ഇതിലെ ഒരു ഗഡുവാണ് വരുന്ന മാർച്ചിനുള്ളിൽ ലഭിക്കേണ്ടത്. ഇതിന്റെ വിതരണമാണ് ഇപ്പോൾ വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്. ഇതിനു പുറമെ 2021, 2022 വർഷങ്ങളിലെ 4 ക്ഷാമബത്ത/ ക്ഷാമാശ്വാസ ഗഡുക്കളും ലഭിക്കാനുണ്ട്.

പെൻഷൻകാർക്കു വേണം പ്രത്യേക പരിഗണന

ജീവിത സായാഹ്നത്തിൽ എത്തിനിൽക്കുന്ന പെൻഷൻകാരുടെ അവസ്ഥ പരിഗണിച്ച് കുടിശികയുടെ മൂന്നും നാലും ഗഡുക്കൾ ഒരുമിച്ചു നൽകുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. ഇതിനിടെ എല്ലാ പെൻഷൻകാരും നിർദിഷ്ട ഫോറത്തിൽ സത്യവാങ്മൂലം ട്രഷറികളിൽ ഹാജരാക്കാനും  ആവശ്യപ്പെട്ടിരുന്നു. ഇതോടെ പെൻഷൻകാരുടെ പ്രതീക്ഷകൾക്ക് ചിറകു മുളച്ചു. കുടിശിക പ്രതീക്ഷിച്ചിരിക്കുന്ന നിരവധി പെൻഷൻകാരാണ് നിത്യേന മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് കെ.എസ്.എസ്.പി.യു ഉൾപ്പെടെയുള്ള വിവിധ പെൻഷൻ സംഘടനകൾ സർക്കാറിന് നിവേദനം നൽകിയിരുന്നു. ഇത് അനുഭാവ പൂർവം പരിഗണിക്കുമെന്ന് പെൻഷൻകാര്‍ വിചാരിച്ചിരുന്നു.

senior-7-

കുടിശിക ഈ വർഷം ഇല്ല

സംസ്ഥാന സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടിശികയുടെ 2 ഗഡുക്കളും ക്ഷാമാശ്വാസ കുടിശികയുടെ 2 ഗഡുക്കളും സർക്കാറിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് അടുത്ത സാമ്പത്തിക വർഷം വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. പെൻഷൻ പരിഷ്ക്കരണ കുടിശികയിനത്തിൽ 2800 കോടിയും ക്ഷാമാശ്വാസ കുടിശികയ്ക്കായി  1400 കോടി രൂപയും വേണ്ടി വരും. നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ സർക്കാറിന് ഇത്രയും തുക ഈ സാമ്പത്തിക വർഷം കണ്ടെത്താൻ പ്രയാസമാണ്. ഡിസംബർ, ജനുവരി മാസങ്ങളിലെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനുള്ള തീരുമാനവും ആയിട്ടില്ല. ഇതിനു മാത്രം 1600 കോടി രൂപ വേണ്ടിവരും. ഫെബ്രുവരി മാസത്തെ ശമ്പള പെൻഷൻ വിതരണത്തിനുള്ള തുകയും കണ്ടെത്തണം.

ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേ ദിവസമാണ് കേരളത്തിന് കടമെടുക്കാവുന്ന തുകയുടെ പരിധിയിൽ നിന്ന് 2700 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചത്. ഇനി മൂന്നു മാസത്തിനുള്ളിൽ 937 കോടി രൂപയേ കടമെടുക്കാൻ സാധിക്കുകയുള്ളൂ. ജീവനക്കാരുടെ കുടിശിക പിഎഫിൽ ലയിപ്പിക്കാം. അതേസമയം പെൻഷൻ കുടിശിക പണമായി നൽകാനുള്ള 4200 കോടി രൂപ എങ്ങനെ കണ്ടെത്തുമുള്ള ആലോചനയിലാണ് ധനവകുപ്പും സർക്കാരും.

Engilsh Summary : Kerala State Pensioners will not Get Their Pension This Year Also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com