ADVERTISEMENT

ദീർഘകാലം ചികിൽസിച്ചിട്ടും മാറാത്ത മാരകരോഗങ്ങളുമായി ദുരിതമനുഭവിക്കുന്നവർക്ക് ഇന്ത്യയിൽ ദയാവധം അനുവദിക്കുമോ? അതിനുള്ള  ചില സൂചനകൾ പരമോന്നത കോടതി തന്നെ അടുത്തിടെ നൽകിയിരിക്കുകയാണ്. മാരകരോഗികൾക്ക് ചികിത്സ പിൻവലിക്കാനുള്ള നടപടിക്രമങ്ങളിലെ തടസ്സങ്ങൾ മാറ്റാനുള്ള നിർദേശമാണ്  സുപ്രീം കോടതി നൽകിയിരിക്കുന്നത്.  

ചികത്സിച്ചു ഭേദമാക്കാമെന്ന പ്രതീക്ഷയില്ലാത്ത മാരകരോഗങ്ങൾ ബാധിച്ചവർക്ക് വൈദ്യചികിത്സ പിൻവലിച്ച് അന്തസ്സോടെ മരിക്കാനുള്ള  അവസരം  ഇതോടെ ഒരുങ്ങുമെന്നു പ്രതീക്ഷിക്കാം. ചികിൽസ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട മുൻകൂർ മെഡിക്കൽ നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള തടസ്സങ്ങൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നീക്കി. ചികിത്സിക്കുന്ന ഡോക്ടറും രോഗികളെ പരിചരിക്കുന്ന ആശുപത്രിയുമാണ് ഇതിൽ പ്രധാന തീരുമാനം എടുക്കേണ്ടതെന്ന് കോടതി ഉത്തരവിൽ പറയുന്നു.

ഡോക്ടറും രോഗിയുടെ ബന്ധുക്കളും ചേർന്ന് തീരുമാനം

ദീർഘകാല ചികിത്സയ്ക്ക് ശേഷവും  സുഖപ്പെടുമെന്ന   പ്രതീക്ഷയില്ലാത്ത, മാരകമായ രോഗാവസ്ഥയിലുള്ളവരുടെ കാര്യത്തിൽ  പരിചരണം പിൻവലിക്കുന്നതാണോ നല്ലതെന്ന് ചികിൽസിക്കുന്ന ഡോക്ടറും രോഗിയുടെ ബന്ധുക്കളുമായി കൂടിയാലോചിച്ചാണ് തീരുമാനം എടുക്കേണ്ടത്. കൂടിക്കാഴ്ചയുടെ വിവരങ്ങൾ കൃത്യമായി രേഖാമൂലം സമർപ്പിക്കണം.

തുടർന്ന് ചികിത്സിക്കുന്ന ഡോക്ടറും രണ്ട് സ്പെഷ്യലിസ്റ്റുകളും അടങ്ങിയ പ്രാഥമിക മെഡിക്കൽ ബോർഡ് ആശുപത്രി രൂപീകരിക്കും. തുടർന്ന് ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്ന ഒരു സെക്കൻഡറി മെഡിക്കൽ ബോർഡ് രൂപീകരിക്കും. ഈ ബോർഡ് രോഗിയുടെ അവസ്ഥ വീണ്ടും വിലയിരുത്തണം. വൈദ്യസഹായം, ലൈഫ് സപ്പോർട്ട് എന്നിവ പിൻവലിക്കണമോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള കണ്ടെത്തലുകൾ ബോർഡിനു സമർപ്പിക്കാം. 

നൂലാമാലകൾ ഇല്ലാതാകുമോ

ജനറൽ മെഡിസിൻ, നെഫ്രോളജി, ന്യൂറോളജി, ഓങ്കോളജി, റേഡിയോളജി, ക്രിട്ടിക്കൽ കെയർ എന്നീ മേഖലകളിൽ വിദഗ്ധ  ഡോക്ടർമാരടങ്ങുന്ന സ്വതന്ത്ര സമിതി രൂപീകരിക്കാനാണ് നീക്കം. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും എല്ലാ ആരോഗ്യ സെക്രട്ടറിമാർ, ഹൈക്കോടതി റജിസ്ട്രാർ ജനറൽമാർ, ചീഫ് മെഡിക്കൽ ഓഫീസർമാർ എന്നിവർക്ക് ഈ  ഉത്തരവ് കൈമാറാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

നിഷ്ക്രിയ ദയാവധം ഇന്ത്യയിൽ നടപ്പിലാക്കുന്നതിന് വലിയ നൂലാമാലകൾ ഇത്രയും നാൾ ഉണ്ടായിരുന്നു. നിഷ്ക്രിയ ദയാവധത്തിൽ,  മെഷീനുകളുടെ സഹായത്താൽ ജീവൻ നിലനിർത്താൻ ശ്രമിക്കാതെ ഡോക്ടർമാർ രോഗിയെ മരിക്കാൻ അനുവദിക്കുന്നു.ജീവിതത്തിലേക്ക് ഒരു രീതിയിലും തിരിച്ചുവരാൻ സാധ്യതയില്ലാത്ത രോഗികൾക്ക് വെന്റിലേറ്റർ പോലുള്ള ഉപകരണ സഹായം കൊണ്ട് നാളുകളോളം  ആശുപത്രിയിൽ കിടത്തുന്ന ഒരു അവസ്ഥ ഇതിലൂടെ ഒഴിവാക്കാൻ സാധിക്കും.

English Summary : Mercy Killing and Supreme Court Order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com