ADVERTISEMENT

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ മുന്നേറ്റമാണ് സ്വര്‍ണവിലയിലുണ്ടായിക്കൊണ്ടിരിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന് കരുതുന്ന ഈ മഞ്ഞലോഹത്തിന്റെ വില, ഗ്രാമിന് 5500 രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന തലത്തില്‍ എത്തിനില്‍ക്കുകയാണ്. പോയകാല കണക്കുകള്‍ നോക്കിയാല്‍, 2019 മുതല്‍ വലിയ വര്‍ധനവാണ് സ്വര്‍ണവിലയില്‍ വന്നിരിക്കുന്നതെന്ന് കാണാം. 2019 ല്‍ ഗ്രാമിന് ഏകദേശം 3000 രൂപയായിരുന്ന സ്വര്‍ണവിലയാണ് ഇപ്പോള്‍ 5500 രൂപയിലെത്തി നില്‍ക്കുന്നത്. ഏകദേശം 83 ശതമാനത്തിന്റെ വര്‍ധനയാണ് വന്നിരിക്കുന്നത്. ഇതിന് പിന്നിലുള്ള കാരണങ്ങള്‍ ഒന്ന് നോക്കാം.

വില കൂട്ടിയ മൂന്ന് കാരണങ്ങള്‍

മൂന്ന് കാരണങ്ങളാണ് ഇന്ത്യയിലെ സ്വര്‍ണവിലയെ ബാധിക്കുന്നത്. അതില്‍ ഒന്ന്, രാജ്യാന്തര തലത്തിലെ സ്വര്‍ണവിലയാണ്. ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ചില്‍ യുഎസ് ഡോളറില്‍ ഡിനോമിനേറ്റ് ചെയ്യുന്നതാണ് യഥാര്‍ത്ഥത്തില്‍ രാജ്യാന്തര സ്വർണവില. 2019 ജനുവരിയില്‍ 1278 ഡോളറില്‍ നിന്ന് ഇപ്പോള്‍ 2000 ഡോളറിലെത്തി നില്‍ക്കയാണ് സ്വര്‍ണ വില. ഏകദേശം 57 ശതമാനം വര്‍ധന 3-4 വര്‍ഷത്തിനുള്ളില്‍ രാജ്യാന്തര സ്വര്‍ണവിലയില്‍ വന്നിട്ടുണ്ട്. ചരിത്രം പരിശോധിക്കുമ്പോള്‍ വലിയൊരു വര്‍ധനയാണിതെന്ന് മനസിലാകും. 

goldnew5

സാമ്പത്തിക രംഗത്ത് പ്രശ്‌നങ്ങള്‍ വരുമ്പോള്‍ സ്വര്‍ണം വളരെ സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണെന്നതാണ് പൊതുവെയുള്ള ചിന്ത. രാജ്യാന്തര തലത്തിലെ വിലവര്‍ധനവിന് കാരണവും അതുതന്നെയാണ്. ഏറ്റവും അനിശ്ചിതത്വം നിറഞ്ഞ കാലമായിരുന്നല്ലോ പോയ മൂന്ന്, നാല് വര്‍ഷങ്ങള്‍. കോവിഡ് മഹാമാരി ലോകത്തെ ആകെ ഉലച്ചു കളഞ്ഞു. 2020 മുതല്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയിലേക്കായിരുന്നു കാര്യങ്ങള്‍ നീങ്ങിയത്. ലോക സമ്പദ് വ്യവസ്ഥ അനിശ്ചിതാവസ്ഥയുടെ പാരമ്യത്തിലായിരുന്നു നിന്നിരുന്നത്. ഇത് സ്വര്‍ണമെന്ന സുരക്ഷിത നിക്ഷേപ മാര്‍ഗത്തിന്റെ പ്രസക്തി കൂട്ടി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒരുപാട് സര്‍ക്കാരുകള്‍ നോട്ട് കൂടുതല്‍ പ്രിന്റ് ചെയ്തു. അതിന്റെ ഭവിഷ്യത്ത് കോവിഡാനന്തര കാലത്താണ് കണ്ടുതുടങ്ങിയത്, പണപ്പെരുപ്പത്തിന്റെ രൂപത്തില്‍. അതും സ്വര്‍ണവില കൂടാന്‍ കാരണമായി. ഇതിനോടൊപ്പം റഷ്യ-യുക്രെയ്ന്‍ യുദ്ധം പോലുള്ള രാഷ്ട്രീയ സംഭവവികാസങ്ങളും രാജ്യാന്തരതലത്തില്‍ കൂടുതല്‍ സമ്മര്‍ദങ്ങളുണ്ടാക്കി. 

സ്ഥിതി മാറുന്നുവോ

എന്നാല്‍ പണപ്പെരുപ്പം ഇപ്പോള്‍ സ്ഥിരത കൈവരിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. പലിശനിരക്ക് കൂട്ടുന്നതുപോലുള്ള സംഭവങ്ങള്‍ ഇനിയുണ്ടാവില്ല. ബാങ്കുകളുടെ തകര്‍ച്ചയെല്ലാം കാരണം യുഎസ് ഫെഡ് റിസര്‍വ് കരുതലോടെയാണ് നീങ്ങുന്നത്. ഈ പശ്ചാത്തലത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ പരമാവധി പലിശനിരക്ക് വര്‍ധനയുണ്ടാകാന്‍ സാധ്യതയുളളൂ. അതിനാല്‍ തന്നെ പോയ വര്‍ഷങ്ങളില്‍ സംഭവിച്ചതുപോലുള്ള വലിയൊരു വര്‍ധന സ്വര്‍ണവിലയില്‍ ഉണ്ടായേക്കില്ല. 

goldprice1

യുഎസ് ഡോളറും ഇന്ത്യന്‍ റുപ്പിയും തമ്മിലുള്ള നിരക്ക് വ്യത്യാസമാണ് സ്വര്‍ണവില കൂടാനുള്ള മറ്റൊരു കാരണം. രാജ്യാന്തര സ്വർണവിലയും യുഎസ് ഡോളര്‍ വിനിമയ നിരക്കും ഗുണിച്ചിട്ട് അതോടൊപ്പം ഇറക്കുമതി തീരുവയും കൂട്ടുന്നതാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ സ്വര്‍ണവില. 2019 ജനുവരിയില്‍ 70 രൂപ കൊടുത്താല്‍ 1 ഡോളര്‍ കിട്ടുമായിരുന്നെങ്കില്‍ ഇന്ന് 82 രൂപ കൊടുത്താലേ ഒരു ഡോളര്‍ ലഭിക്കുകയുള്ളൂ. ഇതില്‍ തന്നെ 17 ശതമാനം വര്‍ധന വന്നു. 

അമേരിക്കൻ ഡോളറിന്റെ പ്രഭാവം മങ്ങുന്നു

എന്നാല്‍ ഇപ്പോള്‍ മാറ്റം സംഭവിക്കുന്നു. യുഎസ് ഡോളറിന്റെ നിയന്ത്രണത്തില്‍ നിന്ന് പുറത്തുകടക്കണമെന്ന കാഴ്ച്ചപ്പാട് ലോകത്ത് ശക്തമാകുന്നുണ്ട്. ഡോളറല്ലാതെ ഇന്ത്യന്‍ റുപ്പിയില്‍ നേരിട്ട് ഇടപാട് നടത്താന്‍ പല രാജ്യങ്ങളും തയാറായി തുടങ്ങി. ഇതുപോലെ വ്യത്യസ്ത കറന്‍സികളില്‍ ഇടപാട് നടത്താന്‍ കൂടുതല്‍ രാജ്യങ്ങള്‍ തയാറായാല്‍ യുഎസ് ഡോളറിനോടുള്ള ആശ്രയത്വം ഭാവിയില്‍ കുറയാനാണ് സാധ്യത. യുഎസ് ഡോളറിന്റെ മൂല്യം ഭാവിയില്‍ കൂടാനുള്ള സാധ്യത കുറവാണ്. മൂല്യത്തില്‍ ഇടിവ് വരാനാണ് സാധ്യത. രൂപ ശക്തി പ്രാപിക്കുകയും ചെയ്യും. അങ്ങനെ വന്നാല്‍ സ്വര്‍ണവില കുറയും. 

gold-price

ഇറക്കുമതി തീരുവ

കഴിഞ്ഞ 3-4 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറക്കുമതി തീരുവ കൂടിയിട്ടുണ്ട് എന്നതാണ് സ്വര്‍ണവില കൂടാനുള്ള മൂന്നാമത്തെ കാരണം. ഏഴര മുതല്‍ 15 ശതമാനം വരെ വര്‍ധനയാണ് ഇറക്കുമതി തീരുവയിൽ വന്നത്. സ്വര്‍ണ ഇറക്കുമതി കുറയ്ക്കാനാണ് ഇറക്കുമതി തീരുവ സര്‍ക്കാര്‍ കൂട്ടിയത്. അതിനാല്‍ ആഭ്യന്തര വിപണിയില്‍ വില വര്‍ധിച്ചു. 

മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇനി വലിയൊരു വര്‍ധന സ്വര്‍ണവിലയില്‍ ഉണ്ടാകില്ലെന്ന് വേണം അനുമാനിക്കാന്‍. ലോക സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിക്കുക കൂടി ചെയ്താല്‍ സ്വര്‍ണ വിലയിലും ഏകീകരണം പ്രതീക്ഷിക്കാം.

ലേഖിക നിക്ഷേപ വിദഗ്ധയും കോഴിക്കോട്ടെ അർത്ഥ ഫിനാൻഷ്യൽ സർവീസസിന്റെ സാരഥിയുമാണ്

English Summary : Will Gold Price Go Up Again in Future?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com