100 ദിവസം 100 പേയ്‌സ്: നാളെ മുതൽ ബാങ്കുകൾ പണം 'തിരിച്ച് നൽകും'!
Mail This Article
മുൻകാലങ്ങളെ അപേക്ഷിച്ച്, ഓരോ മാസത്തിലും സാമ്പത്തിക നിയമങ്ങളിലും ചാർജുകളിലും പല മാറ്റങ്ങളും ഇപ്പോൾ ഉണ്ടാകുന്നുണ്ട്. നിങ്ങളുടെ പോക്കറ്റിനെയും, ബജറ്റിനെയും ബാധിക്കുന്ന ജൂണിലെ ഇത്തരം മാറ്റങ്ങൾ ഇവയാണ്.
ബാങ്കുകൾ പണം തിരിച്ച് നൽകും
ബാങ്കുകളിൽ കിടക്കുന്ന ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ അവകാശികളെ കണ്ടെത്താൻ ആർബിഐ കാമ്പയിൻ പ്രഖ്യാപിച്ചു. രാജ്യത്തെ ഓരോ ജില്ലയിലും ക്ലെയിം ചെയ്യപ്പെടാത്ത മുൻനിര 100 നിക്ഷേപങ്ങൾ 100 ദിവസത്തിനകം കണ്ടെത്തി തീർപ്പാക്കാൻ ബാങ്കുകൾക്കായി സെൻട്രൽ ബാങ്ക് '100 ദിവസം 100 പേയ്‌സ്' കാമ്പെയ്‌ൻ പ്രഖ്യാപിച്ചു. ജൂൺ ഒന്ന് മുതൽ ഈ കാമ്പയിൻ ആരംഭിക്കും.
ഇലക്ട്രിക് ഇരുചക്ര വാഹന വില
ജൂൺ ഒന്ന് മുതൽ രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നത് ചെലവേറിയതാകും. മെയ് 21ന് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ഘനവ്യവസായ മന്ത്രാലയം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സബ്‌സിഡി കുറച്ചു. നേരത്തെ ഈ സബ്‌സിഡി kWh-ന് 15,000 രൂപയായിരുന്നു, ഇത് kWh-ന് 10,000 രൂപയായി കുറച്ചു. ഇതിനു പുറമേ ഇ വി ഉൾപ്പടെയുള്ള വാഹനങ്ങളുടെ മൊത്തം വില കൂടുന്നുണ്ട്. അങ്ങനെയെങ്കിൽ ജൂണിൽ ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങുന്നതിന് 25000 മുതൽ 30000 രൂപ വരെ ചെലവ് കൂടാൻ സാധ്യതയുണ്ട്.
എൽപിജി, സിഎൻജി, പിഎൻജി വിലകൾ
എൽപിജി, സിഎൻജി, പിഎൻജി എന്നിവയുടെ വില എല്ലാ മാസത്തിന്റെയും തുടക്കത്തിൽ സർക്കാർ നിശ്ചയിക്കും. 19 കിലോഗ്രാമിന്റെ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില ഏപ്രിൽ, മെയ് മാസങ്ങളിൽ സർക്കാർ ഗ്യാസ് കമ്പനികൾ തുടർച്ചയായി വെട്ടിക്കുറച്ചിരുന്നു. അതേസമയം, 14 കിലോ ഗാർഹിക ഗ്യാസ് സിലിണ്ടറിന്റെ വിലയിൽ മാറ്റമൊന്നും കണ്ടില്ല. അതുകൊണ്ട് ജൂണിൽ സിലിണ്ടറിന്റെ വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.