ലോകത്തെ കടക്കെണിയിൽപ്പെടുത്തി സ്വയം വീണു, കരകയറാനാകാതെ ചൈന
Mail This Article
മറ്റുള്ള രാജ്യങ്ങളെ കടം കൊടുത്ത് 'സഹായിച്ച്' അവിടങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ വിവിധ വഴികൾ പയറ്റുന്ന ചൈന ഇപ്പോൾ സ്വയം കടക്കെണിയിൽപ്പെട്ടിരിക്കുന്ന കഥകളാണ് വിദേശ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചൂടുള്ള വാർത്ത. രാജ്യാന്തര ഏജൻസികൾ നൽകുന്നതിനേക്കാൾ കൂടിയ നിരക്കിൽ രഹസ്യ സ്വഭാവത്തോടെ നൽകുന്ന പല വായ്പകളും ആഫ്രിക്കൻ രാജ്യങ്ങളും പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും തിരിച്ചടയ്ക്കാതെ ഇരിക്കുന്നതും, ചൈനയ്ക്കകത്തെ റിയൽ എസ്റ്റേറ്റ് പ്രതിസന്ധിയുമെല്ലാം ഇപ്പോൾ തിരിച്ചടിച്ചിരിക്കുകയാണ്.
ഒരു ഡസനോളം പാവപെട്ട രാജ്യങ്ങളെയാണ് ചൈന കൊടും കടക്കെണിയിൽ പെടുത്തിയിരിക്കുന്നത്. 98 രാജ്യങ്ങൾക്കാണ് ചൈന കടം കൊടുത്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന ഏകദേശ കണക്ക്. ഈ രാജ്യങ്ങൾ കടത്തുക തിരിച്ചടക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്. മിക്ക രാജ്യങ്ങൾക്കും ഉയർന്ന പലിശ പോലും തിരിച്ചടക്കാനാകുന്നില്ല.
ലോകത്തിന്റെ ഫാക്ടറി
1990കളിൽ ആഗോളവൽക്കരണം ശക്തി പ്രാപിച്ചപ്പോൾ, പല പാശ്ചാത്യ രാജ്യങ്ങളും വേതനം കുറവുള്ള രാജ്യങ്ങളിൽ ഫാക്ടറികൾ സ്ഥാപിക്കുന്ന രീതിയിലേക്ക് വന്നിരുന്നു. തൊഴിലാളികളെ നന്നായി പരിശീലിപ്പിച്ചെടുത്തുകൊണ്ടു വര്ഷങ്ങളോളം ചൈന പോലുള്ള രാജ്യങ്ങളിൽ ഉൽപ്പാദനം നടത്തി നല്ല ലാഭമുണ്ടാക്കാൻ ഇത്തരം കമ്പനികൾക്ക് കഴിഞ്ഞു. എന്നാൽ ഇപ്പോൾ ചൈനയിലെ സാഹചര്യങ്ങൾ മാറിമറിയുകയാണ്. വേതനം കുറവുള്ള സമ്പദ് വ്യവസ്ഥ, പാശ്ചാത്യ ഉൽപ്പന്നങ്ങൾ വാങ്ങാൻ താൽപ്പര്യമുള്ള മധ്യവർഗവും ഉള്ള ചൈന, ഇത്രയും നാൾ നിർമ്മാതാക്കളുടെയും വിപണിയുടെയും സ്വർഗ്ഗമായിരുന്നു.എന്നാൽ ഇപ്പോൾ ചൈനീസ് ജനത അവരുടെ ചെലവുകൾ വെട്ടികുറച്ചിരിക്കുകയാണ്. തൊഴിലില്ലായ്മയും, പണപ്പെരുപ്പവും സമ്പദ് വ്യവസ്ഥയെ വലക്കുന്നുണ്ട്.
വൻ കമ്പനികൾ ചൈന വിടുന്നു
ഇന്ത്യയിൽ വിശ്വാസം കൂടുകയും, ചൈനയിൽ വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നതിനാൽ പല വൻകിട കമ്പനികളും ചൈന വിട്ട് ഇന്ത്യയിൽ നിക്ഷേപത്തിന് ഇപ്പോൾ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ചൈനയുടെ സാമ്പത്തിക മാന്ദ്യവും രാഷ്ട്രീയ സംഘർഷങ്ങളും ഉയർന്നതോടെ, അമേരിക്കയിലെ പല കമ്പനികളും ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് ഉൽപ്പാദനം മാറ്റാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആപ്പിൾ ഈ വർഷം ആദ്യം ഇന്ത്യയിൽ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ തുറന്നു. ടെസ് ല, സ്റ്റാർ ലിങ്ക് തുടങ്ങിയ കമ്പനികളും ഇന്ത്യയിൽ ഉൽപ്പാദനം തുടങ്ങാൻ ആലോചനയുണ്ടെന്ന് ഇലോൺ മസ്‌ക് പറഞ്ഞു.
ലോകത്തിന്റെ ഫാക്ടറിയാകാൻ ഇന്ത്യ സജ്ജം
അടിസ്ഥാന സൗകര്യങ്ങൾ, ഭൂമി, വേതനം കുറവുള്ള തൊഴിലാളികൾ, ഉൽപ്പാദിപ്പിക്കുന്നത് ഇവിടെ തന്നെ വിറ്റഴിക്കാൻ കഴിയുന്ന അത്ര വളരുന്ന ജനസംഖ്യയുള്ള വിപണി എന്നീ കാര്യങ്ങളെല്ലാം ഇപ്പോൾ ഇന്ത്യക്ക് അനുകൂലമായി വന്നിരിക്കുകയാണ്. അമേരിക്കയിലെ കോർപ്പറേറ്റ് തലവന്മാരിലേക്ക് ഈ ഒരു സന്ദേശം കൈമാറാനാണ് പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ സന്ദർശനം ലക്ഷ്യമിടുന്നത്. ഇതുകൂടാതെ ഐ ടി പോലുള്ള മേഖലകളിൽ ഇന്ത്യൻ കമ്പനികൾ ഇപ്പോൾ തന്നെ നല്ലൊരു മേൽവിലാസം രാജ്യത്തിന് ഉണ്ടാക്കിയിട്ടുണ്ട്.
ഇതൊക്കെ പോരാതെ ചൈനയിലെ ജനസംഖ്യ കുറയുകയും, ഇന്ത്യയിലേതു വളരുകയും ചെയ്യുന്നതോടെ, കമ്പനികൾ സ്ഥാപിച്ചു ഇവിടെ തന്നെ വിപണി കണ്ടെത്താം എന്നൊരു ആത്മവിശ്വാസം ആഗോള ഭീമന്മാർക്കുണ്ടായിട്ടുണ്ട്.
2023 ൽ ആഗോള സാമ്പത്തിക മാന്ദ്യം പല രാജ്യങ്ങളെയും മോശമായി ബാധിക്കും എന്ന പ്രവചനങ്ങൾ മുൻപേ ഉണ്ടായിരുന്നെങ്കിലും അത് ചൈനയുടെ കാര്യത്തിൽ വ്യത്യസ്തമാണ്. ചൈനയുടെ ഉള്ളിൽ തന്നെയുള്ള പ്രശ്നങ്ങള്‍ കൊണ്ടാണ് അവർക്ക് കൂടുതൽ പ്രതിസന്ധി ഉണ്ടാകുന്നത്.
ചൈനയെ പ്രശ്നത്തിലേക്ക് നയിച്ച മൂന്ന് പ്രധാന കാര്യങ്ങൾ സീറോ കോവിഡ് നയം, ഭവന പ്രതിസന്ധി, തന്ത്രപരവും സാങ്കേതികവുമായ മേധാവിത്വത്തിന് അമേരിക്കയുമായുള്ള മത്സരം എന്നിവയാണ്.
സീറോ കോവിഡ് നയം
കോവിഡ്19 പാൻഡെമിക് 2020കളുടെ തുടക്കത്തിൽ വിതരണത്തെ തടസ്സപ്പെടുത്തുന്ന നിരവധി നിർമ്മാണ, ഷിപ്പിങ് സൗകര്യങ്ങൾ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചു. സീറോ കോവിഡ് നയം പൗരന്മാരെ വീടിനുള്ളിൽ തന്നെ തുടരാൻ നിർബന്ധിതരാക്കി, ഇത് ജോലിയെയും വരുമാനത്തെയും ബാധിച്ചിരുന്നു. 2022 ഓഗസ്റ്റ് വരെ, ചൈനയുടെ ജിഡിപിയുടെ 10 ശതമാനം സംഭാവന ചെയ്യുന്ന 20 നഗരങ്ങളെങ്കിലും ലോക്ക്ഡൗണിലായിരുന്നു.
നിർമാണ മേഖലയിലെ പ്രതിസന്ധി
ചൈനീസ് ജിഡിപിയുടെ നാലിലൊന്ന് ഭവന മേഖലയാണ് ചെയ്യുന്നത്. ചൈനയിലെ രണ്ടാമത്തെ വലിയ ഭവന നിർമ്മാണ സ്ഥാപനമായ എവർഗ്രാൻഡെ ഗ്രൂപ്പിന് കടുത്ത കടബാധ്യതകൾ ഉണ്ടായത് ഭവന പ്രതിസന്ധിക്ക് കഴിഞ്ഞ വർഷം മുതൽ ആക്കം കൂട്ടി. ഡെവലപ്പർമാർ സെമി-ഫിനിഷിങ് കെട്ടിടങ്ങൾ ഉപേക്ഷിച്ചു, സ്ഥാപകർ അവരുടെ ഓഹരികൾ വിറ്റു, ഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടന്നു, ഭവനം വാങ്ങുന്നവരെ മോർട്ട്ഗേജ് നൽകേണ്ടതില്ലെന്ന് നിർബന്ധിച്ചു. എല്ലാ ബാങ്ക് വായ്പകളുടെയും നാലിലൊന്ന് ഭവന നിർമ്മാണത്തിന് വായ്പ നൽകിയതിനാൽ ഭവന വായ്പ തിരിച്ചടക്കാത്തത് ബാങ്കിങ് പ്രതിസന്ധിയിലേക്ക് നയിച്ചു.
അമേരിക്കയുമായുള്ള മത്സരം
435 ബില്യൺ ഡോളറിന്റെ കയറ്റുമതിയും 125 ബില്യൺ ഡോളറിന്റെ ഇറക്കുമതിയും ഉള്ള ചൈനയ്ക്ക് യുഎസുമായി 310 ബില്യൺ ഡോളറിന്റെ വ്യാപാര മിച്ചമുണ്ട്. ചൈനയിൽ നിന്നുള്ള 250 ബില്യൺ ഡോളറിന്റെ ഇറക്കുമതിക്ക് ഉയർന്ന ഇറക്കുമതി തീരുവ ചുമത്തി ചൈനയെ തളർത്താൻ ട്രംപ് നോക്കിയപ്പോൾ, ചൈനയുടെ സൂപ്പർ കമ്പ്യൂട്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യവസായത്തെ തകർക്കാൻ ബൈഡൻ ഭരണകൂടം പ്രവർത്തിച്ചു.
ചൈന ലോകത്തിന്റെ ലോൺ മാഫിയ എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിലൂടെ' പല രാജ്യങ്ങൾക്കും കടം കൊടുത്ത് 'വൺ ബെൽറ്റ് വൺ റോഡ്' പദ്ധതി വിജയിപ്പിക്കാനിറങ്ങിയ ചൈന തന്നെ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. ചൈനീസ് സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആഴത്തിൽ പഠിക്കുന്ന വിദഗ്ധർ ഇത്തരമൊരു പ്രതിസന്ധിയിലേക്ക് ചൈന എത്തിയതിൽ അദ്ഭുതമൊട്ടുമില്ല എന്നാണ് പറയുന്നത്. ഇതൊക്കെ കൊണ്ടുതന്നെയാണ് ചൈനയിലെ യൂറോപ്യൻ യൂണിയൻ ചേംബർ ഓഫ് കൊമേഴ്‌സ് ജൂണിൽ നടത്തിയ സർവേയിൽ 23 ശതമാനം പാശ്ചാത്യ സ്ഥാപനങ്ങൾ രാജ്യത്ത് നിന്ന് പ്രവർത്തനങ്ങൾ മാറ്റുന്നത് പരിഗണിക്കുകയാണെന്ന് പറയുന്നത്. ചൈനയിലെ ബിസിനസ് മുൻ വർഷങ്ങളെ അപേക്ഷിച്ച് 2021 മുതൽ കൂടുതൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ടതായി 50 ശതമാനം സർവേയിൽ പങ്കെടുത്തവർ റിപ്പോർട്ട് ചെയ്തു.
ചൈനയുടെ വായ്പ തിരിച്ചടയ്ക്കാൻ പങ്കാളി രാജ്യങ്ങൾക്ക് കഴിയാത്തതാണ് ചൈനയുടെ കടക്കെണിയുടെ മൂലകാരണം. പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും, ആത്യന്തികമായി സ്വന്തം സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിച്ചേക്കാവുന്ന ഈ കാര്യങ്ങളിൽ ക്രിയാത്മകമായ ചർച്ചകൾക്ക് ചൈന ഇതുവരെ തയ്യാറായിട്ടുമില്ല.
English Summary : China is in Debt Trat