യൂട്യൂബർ ഇൻകം ടാക്‌സ് ഫയല്‍ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
Mail This Article
കേരളത്തിലെ പല പ്രമുഖ യൂട്യൂബർമാര്‍ക്കും കോടികളുടെ വരുമാനം ഉണ്ട്. ലക്ഷങ്ങൾ വരുമാനമുള്ളവർ ആയിരക്കണക്കിന് ഉണ്ടാകും. എന്നാൽ പല യൂട്യൂബർമാർ ആദായനികുതിയുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താറില്ല. കേരളത്തിലെ ആയിരക്കണക്കിന് പേരുടെ ആരാധനാപാത്രങ്ങളായ പ്രമുഖ യൂട്യൂബർമാരുടെ വീടുകളിൽ ഇന്ന് നടന്ന ആദായ നികുതി റെയ്ഡിന്റെ പശ്ചാത്തലത്തില്‍ ഇവർ ഇൻകം ടാക്‌സ് ഫയലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിവയാണ്
റിട്ടേൺ ഫയൽ ചെയ്യണോ ?
രണ്ടര ലക്ഷം രൂപയിൽ കൂടുതൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വരുമാനം ഉണ്ടെങ്കിൽ റിട്ടേൺ ഫയൽ ചെയ്യണം. ഫയൽ ചെയ്യുമ്പോൾ യൂട്യൂബ് വരുമാനം മാത്രമല്ല, സ്‌പോൺസർഷിപ്, കോലാബൊറേഷൻ, കൂടാതെ മറ്റു എല്ലാ വരുമാനങ്ങളും (ഉദാ: പലിശ, ഡിവിഡന്റ്, കമ്മീഷൻ etc) ഉൾപ്പെടുത്തണം.
2022–23 ലെ ആദായനികുതി അടയ്ക്കേണ്ട അവസാന തീയതി എന്നാണ്? റിട്ടേൺ സമർപ്പിച്ചാൽ എല്ലാം കഴിഞ്ഞോ?Read more...
ഏതു ഫോം ഉപയോഗിക്കണം ?
യൂട്യൂബ് വരുമാനം ഒരു ബിസിനസ്/പ്രൊഫഷണൽ വരുമാനം ആയാണ് ആദായ നികുതി നിയമ പ്രകാരം കണക്കാക്കുക. അതുകൊണ്ടു തന്നെ ITR 3 അല്ലെങ്കിൽ ITR 4 ഈ ഫോമുകൾ ആണ് ഉപയോഗിക്കേണ്ടത്. കമ്മീഷൻ വരുമാനം ലഭിക്കുണ്ടെങ്കിൽ ITR 4 ഉപയോഗിക്കാൻ സാധിക്കില്ല.
റിട്ടേൺ ഫയൽ ചെയ്യുമ്പോൾ എന്തൊക്കെ പരിഗണിക്കണം ?
യൂട്യൂബ് വരുമാനം വിദേശ നാണ്യമായി നേരിട്ട് ബാങ്ക് അക്കൗണ്ടിൽ വന്നിട്ടുണ്ടായിരിക്കും.അതും മറ്റു വരുമാനങ്ങളും പരിഗണിച്ചു മൊത്തം വരവ് നിർണയിക്കുക. യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട ചിലവുകൾ എല്ലാം ഇതിൽ നിന്ന് കുറയ്ക്കാൻ സാധിക്കും.( ഉദാ: വാടക, ജോലിക്കാരുടെ ശമ്പളം,യാത്ര ചെലവ്, കിച്ചൺ ചാനലുമായി ബന്ധപ്പെട്ട പർച്ചേസുകൾ etc ) കാമറ, ലാപ്ടോപ്പ്, കാർ തുടങ്ങിയ വസ്തുവകകൾ വാങ്ങിയിട്ടുണ്ടെകിൽ അതിന്റെ തേയ്മാന ചെലവ് ഓരോ വർഷവും കുറയ്ക്കാവുന്നതാണ്. ഇങ്ങനെ എല്ലാ ചിലവുകളും കുറച്ച ശേഷമുള്ള വരുമാനത്തിൽ നിന്നും നികുതി കുറക്കാനുള്ള നിക്ഷേപങ്ങൾ/ചിലവുകൾ ഉണ്ടെങ്കിൽ അത് കൂടി കുറക്കാം. അതിനു ശേഷം വരുന്ന വരുമാനത്തിന് ആണ് നികുതി ബാധ്യത വരുന്നത്.
English Summary : Youtubers and Income Tax Return Filing