ADVERTISEMENT

ഓഗസ്റ്റ് 15ന് നാം സ്വാതന്ത്ര്യത്തിന്റെ പല തലങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാറുണ്ടല്ലോ. ഏറെ പ്രസക്തിയുള്ള സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ചും അതേക്കുറിച്ചുള്ള അവബോധം കുട്ടികളില്‍ വളര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ചും കൂടി ചിന്തിക്കേണ്ട വേളയാണ് ഈ സ്വാതന്ത്ര്യ ദിനം.

∙സാമ്പത്തിക ആസൂത്രണവും അതിന്റെ അടിസ്ഥാനങ്ങളുമാണ് ഇതിനായി ആദ്യം മനസിലാക്കേണ്ടത്.

∙ഇന്‍ഷൂറന്‍സിലൂടെ നേടേണ്ട പ്രതിരോധ ശക്തിയും. കടങ്ങളെ കൈകാര്യം ചെയ്യാനുള്ള അവബോധമാണ് അടുത്ത ഘടകം. 

∙സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട അറിവുകള്‍, ചെലവഴിക്കലും സമ്പാദ്യവും അടക്കമുള്ള മേഖലകളിലെ അച്ചടക്കം, അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്, കൃത്യമായ ഇടവേളകളിലെ വിലയിരുത്തല്‍ എന്നിവ മറ്റ് ഘടകങ്ങളാണ്. 

ഭക്ഷണവും വസ്ത്രവും വീടും എന്ന അവശ്യ വിഭാഗങ്ങള്‍ക്കു പിന്നാലെ എത്തുന്നതാണ് സാമ്പത്തിക ആസൂത്രണം എന്നത്.  ഇതിനു തുടക്കം കുറിക്കാന്‍ കൃത്യമായ തയ്യാറെടുപ്പ് വേണം. ആസ്തികള്‍, ബാധ്യതകള്‍, വരുമാനം, ചെലവുകള്‍ എന്നിവയെക്കുറിച്ചുള്ള കൃത്യമായ പട്ടിക തയാറാക്കുകയാണ് ഇതിന്റെ  ആദ്യ പടി.

ബാങ്ക് നിക്ഷേപങ്ങള്‍ കണക്കാക്കണം

അത് എസ്ബിയും സ്ഥിര നിക്ഷേപവും ലോക്കറുകളും എല്ലാം ഉള്‍പ്പെട്ടതാവണം. അക്കൗണ്ട് വിവരങ്ങളും നോമിനിയുടെ വിവരവും എല്ലാം ഇതില്‍ വേണം. ഇതിനു തുടര്‍ച്ചയായി ഇന്‍ഷൂറന്‍സ് വിവരങ്ങള്‍ ക്രോഡീകരിക്കണം. നോമിനി, കാലാവധി തുടങ്ങിയവ ഇവിടെ കൃത്യമായി ഉണ്ടാകണം. മ്യൂചല്‍ ഫണ്ടുകളുടെ ത്രൈമാസ ഹോള്‍ഡിങ് സ്‌റ്റേറ്റ്‌മെന്റ്, പിഎഫ് വിവരങ്ങള്‍ എന്നിവയാണ് ഇതിനു തുടര്‍ച്ചയായി വേണ്ടത്. പിപിഎഫ്, സ്വമേധയാ ഉള്ള പിഎഫ് പണമടക്കൽ എന്നിവയെല്ലാം ഉള്‍പ്പെടുത്താന്‍ മറക്കരുത്. വസ്തുവകകള്‍, വാഹനങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയും ആസ്തികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണം.

ബാധ്യതകളാണ് ഇതിനു തുടര്‍ച്ചയായി ക്രോഡീകരിക്കേണ്ടത്. ഇഎംഐകള്‍, പലിശ, ആ വര്‍ഷത്തെ മുതല്‍ തിരിച്ചടവ് എന്നിവയെല്ലാം ഉണ്ടാകണം. ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ്, മറ്റു വായ്പകള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തണം.

ഇവയ്‌ക്കെല്ലാം തുടര്‍ച്ചയായാണ് വാര്‍ഷിക ബജറ്റ് ഷീറ്റ് ഉണ്ടാക്കേണ്ടത്. സമ്പാദ്യം (അതില്‍ എമര്‍ജന്‍സി ഫണ്ടും നിക്ഷേപങ്ങളും എസ്‌ഐപിയും എല്ലാം വേണം), വരുമാനം, ചെലവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തണം. ശമ്പളത്തിനു പുറമെ ഉള്ള വരുമാനങ്ങളും കണക്കാക്കണം.

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ പദ്ധതികള്‍ തയ്യാറാക്കുകയാണ് ഇതിലെ പ്രധാന ഘടകം. ഇവിടെ നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഒരു ഫിനാന്‍ഷ്യല്‍ പ്ലാനറെ കണ്ടെത്തി ഉപദേശം തേടാം. 

അപ്രതീക്ഷിത ഘട്ടങ്ങള്‍ നേരിടൽ

അപ്രതീക്ഷിത ഘട്ടങ്ങള്‍ നേരിടുകയാണ് മറ്റൊരു സുപ്രധാന മേഖല. ഇന്‍ഷൂറന്‍സ് പരിരക്ഷ ഇതിനു സഹായകമാകും. വരുമാനദാതാവിന് അപ്രതീക്ഷിത വിയോഗം ഉണ്ടായാല്‍ അതു നേരിടാന്‍ ടേം ഇന്‍ഷൂറന്‍സ് ഒരു പരിധി വരെ സഹായകമാകും. വാഹന ഇന്‍ഷൂറന്‍സ്, ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നിവയും സാമ്പത്തിക ലക്ഷ്യങ്ങള്‍ നേരിടാനുള്ള പാതയിലെ ഹമ്പുകള്‍ക്കെതിരായ ഷോക് അബ്‌സോര്‍ബര്‍ പോലെ വര്‍ത്തിക്കും. 

അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് സൂക്ഷിക്കുന്നതും അനിവാര്യമായ ഒന്നാണ്. കമ്പനികളുടെ കണ്ടിന്‍ജന്‍സി ഫണ്ട് പോലെയാണ് ഇത്.   

വായ്പകള്‍ തിരിച്ചടക്കുന്നത് ആസൂത്രണം ചെയ്യുന്നതും പ്രധാനമാണ്.  വായ്പകള്‍ വഴി ആസ്തികള്‍ നേടാമെന്നത് ഏറെ ഗുണകരമാണ്. എന്നാല്‍ അവ തിരിച്ചടക്കുന്നതിലെ ബു്ദ്ധിപരമായ സമീപനം അതിലേറെ പ്രധാനപ്പെട്ടതാണ്. വരുമാനം ലഭിക്കുന്ന ദിവസത്തിനോടുത്ത് ഇഎംഐ തിയതി ക്രമീകരിക്കുന്നതു പോലെ പല കാര്യങ്ങളും നമുക്കു ചെയ്യാം. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യമായി അടക്കുന്നതു പോലുള്ള കാര്യങ്ങളില്‍ സാമ്പത്തിക അച്ചടക്കം ഏറെ പ്രധാനപ്പെട്ടതാണ്. 

വരവില്‍ നിന്നു സമ്പാദ്യത്തിനുള്ള തുക കുറച്ചുള്ളതാണ് ചെലവിന് എന്ന സമീപനം അടിസ്ഥാനമായി സൂക്ഷിക്കണം. ഇത്തരത്തില്‍ ഒരു അച്ചടക്കം കുട്ടികളില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് ഏറെ ബാധ്യതയുണ്ട്. 

അവധിക്കാല യാത്ര അടക്കമുള്ള ചില കാര്യങ്ങളില്‍ ബജറ്റിങ് നടത്താന്‍ കുട്ടികളെ ചുമതലപ്പെടുത്തുന്നത് അവര്‍ക്കുള്ള പ്രായോഗിക പരിശീലനവും ആകും. 

ഇത്തരത്തിലെല്ലാം പദ്ധതികള്‍ തയ്യാറാക്കിയാലും അവ തുടര്‍ച്ചയായി വിശകലനം ചെയ്യുക എന്നതും ഏറെ പ്രധാനപ്പെട്ടതാണ്. അക്കാര്യം കൂടി കൂട്ടികളെ മനസിലാക്കി കൊടുക്കേണ്ടത് മാതാപിതാക്കളുടെ കര്‍ത്തവ്യമാണ്. ഇത്തരം ചെറുതും ആസൂത്രിതവുമായ നീക്കങ്ങളിലൂടെ സാമ്പത്തിക സ്വാതതന്ത്ര്യം നേടിയെടുക്കാന്‍ നമ്മുടെ കുട്ടികളെ പര്യാപ്തരാക്കാം.

ലേഖകൻ ഇന്ത്യാ ഫസ്റ്റ് ലൈഫ് ഇൻഷുറൻസിന്റെ ചീഫ് റിസ്ക് ഓഫീസറാണ്

English Summary : The Importance Of Financial Planning among Kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com