വിദേശയാത്രയ്ക്കും ഷോപ്പിങിനും അടുത്തമാസം മുതൽ ചെലവേറും
Mail This Article
രാജ്യാന്തര ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിദേശങ്ങളിലേയ്ക്ക് നടത്തുന്ന യാത്രകൾക്കും ഇടപാടുകള്‍ക്കും റിസര്‍വ് ബാങ്ക് 20 % ടിസിഎസ് ഏര്‍പ്പെടുത്തിയത് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ അടുത്ത മാസം മുതൽ നടത്തുന്ന വിദേശയാത്രകൾക്കും വിദേശ ഷോപ്പിങിനുമൊക്കെ ചെലവേറും. വിദേശ ഇടപാടുകളിലൂടെയുള്ള വിദേശ കറന്‍സിയുടെ ഒഴുക്കിനെ നിയന്ത്രിക്കുകയാണ് ഈ നടപടിയിലൂടെ ആര്‍ബിഐ ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വിദേശ കറന്‍സിയില്‍ പേയ്‌മെന്റ് നടത്തിയാല്‍, കനത്ത നികുതിഭാരമാണ് ക്ഷണിച്ചുവരുത്തുക.ഒക്ടോബര്‍ 1 മുതല്‍ രാജ്യത്തിന് പുറത്തുള്ള എല്ലാ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗങ്ങള്‍ക്കും ഈ നികുതി ബാധകമാകും.
എന്താണ് ടിസിഎസ്?
Tax Collected at Source (TCS) എന്നതാണ് ടിസിഎസ് കൊണ്ടുദ്ദേശിക്കുന്നത്. വിദേശ കറന്‍സിയില്‍ പേയ്‌മെന്റ് നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി ബാങ്ക് അല്ലെങ്കില്‍ മറ്റ് ധനകാര്യ സ്ഥാപനം ഈടാക്കുന്ന നികുതിയാണിത്. ആര്‍ബിഐയുടെ നിയമം അനുസരിച്ച് രാജ്യാന്തര ക്രെഡിറ്റ് കാര്‍ഡിലൂടെയുള്ള ഇടപാടുകള്‍ക്ക് 20 % നികുതി നല്‍കിയേ മതിയാവൂ. അതായത്, ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 10,000 രൂപയുടെ പര്‍ച്ചേസ് നടത്തിയാല്‍ ടിസിഎസായി 2,000 രൂപ നല്‍കേണ്ടി വരും. ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്ത ബാങ്ക്, ഈ നികുതി ഈടാക്കി സര്‍ക്കാരിലേക്ക് നല്‍കുകയാണ് ചെയ്യുക. ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക്, ഓരോ ഇടപാട് നടക്കുമ്പോഴും നികുതി കൃത്യമായി ഈടാക്കുകയും ചെയ്യും.
എന്തുകൊണ്ട് ടിസിഎസ്?
പുറത്തേക്കുള്ള പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിലവിലുള്ള സംവിധാനം കാര്യക്ഷമമാക്കുന്നതിന് കൂടിയാണ് ടിസിഎസ് ഏര്‍പ്പെടുത്തിയത്. മാത്രമല്ല വിദേശ കറന്‍സിയുടെ ഒഴുക്കിനെ കൃത്യമായി ട്രാക്കുചെയ്യാനും അതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കാനും ഈ നികുതി സംവിധാനത്തിലൂടെ കഴിയും. മാത്രമല്ല, നികുതിഭാരം മൂലം രാജ്യാന്തര ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുകയും ചെയ്യും. ഇത് രാജ്യത്തിന്റെ വിദേശ കറന്‍സി കരുതല്‍ ശേഖരത്തിന് ഗുണം ചെയ്യും.
എന്ത് മാറ്റം വരും?
ആര്‍ബിഐയുടെ ഈ നടപടി വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളില്‍ കാര്യമായ സ്വാധീനം ചെലുത്തും. 2022 - 23 സാമ്പത്തിക വര്‍ഷത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകളില്‍ 47.2 ശതമാനമാണ് വര്‍ദ്ധന. അതായത് ആകെ ചെലവഴിച്ചത് 14 ലക്ഷം കോടി രൂപ. ഇ - കോമേഴ്‌സിലൂടെയുള്ള പര്‍ച്ചേസിന്റെ വര്‍ദ്ധന, വിദേശ യാത്രകള്‍, ഷോപ്പിങ്, ഭക്ഷണം തുടങ്ങിയവയ്ക്കായി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ്. ഇടപാടുകളുടെ വര്‍ദ്ധന ഏതാണ്ട് 50 ശതമാനത്തിന്റെ അടുത്ത് എത്തുകയും ചെയ്തു. 20 ശതമാനം നികുതി വരുന്നതോടെ, ഇത്തരം ഇടപാടുകള്‍ കാര്യമായി കുറയുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും അടുത്ത സാമ്പത്തിക വര്‍ഷം ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലൂടെ 2800 കോടി രൂപയുടെ നികുതി ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.
English Summary : Foreign Travel and Shopping Become Costlier from Next Month