ADVERTISEMENT

രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യനിരക്ക്‌ കഴിഞ്ഞ മൂന്ന്‌ വര്‍ഷം കൊണ്ട്‌ പകുതിയിലേറെയാണ്‌ കുറഞ്ഞത്‌. 2020-21ല്‍ ജിഡിപിയുടെ 11.5 ശതമാനമായിരുന്ന ഗാര്‍ഹിക സമ്പാദ്യനിരക്ക്‌ 2022-23ല്‍ 5.1 ശതമാനമായി. ഇതാകട്ടെ 50 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ സമ്പാദ്യനിരക്ക്‌ കൂടിയാണ്‌.

ജനങ്ങളുടെ ഉപഭോഗം പൊടുന്നനെ വര്‍ധിച്ചതാണ്‌ ഗാര്‍ഹിക സമ്പാദ്യനിരക്ക്‌ കുത്തനെ കുറയുന്നതിന്‌ കാരണമായത്‌. പാശ്ചാത്യ നാടുകളിലേതു പോലെ കൂടുതല്‍ പണം ചെലവിടുന്ന ശീലത്തിലേക്ക്‌ ഇന്ത്യക്കാര്‍ മാറുന്നത്‌ രാജ്യത്തിന്റെ സമ്പാദ്യനിരക്ക്‌ കുറയാന്‍ കാരണമാകുന്നു.

ഈ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിച്ചോ? ഇല്ലെങ്കിൽ സെപ്റ്റംബർ 30ന് ഇവ മരവിപ്പിക്കും Read more ...

ബാങ്ക്‌ സ്ഥിര നിക്ഷേപ പദ്ധതികളുടെയും പോസ്റ്റ്‌ ഓഫീസ്‌ സാമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്ക്‌ കുറഞ്ഞതോടെ ജനങ്ങള്‍ ഇത്തരം നിക്ഷേപ മാര്‍ഗങ്ങളില്‍ പണമിടുന്നത്‌ കുറഞ്ഞു വരുന്നതാണ്‌ കാണുന്നത്‌. സ്ഥിര നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക്‌ കുറയുമ്പോള്‍ ഇവയില്‍ നിക്ഷേപിക്കാന്‍ മടിക്കുന്ന ജനങ്ങള്‍ കൂടുതലായി ചെലവിടാന്‍ തുടങ്ങുന്നത്‌ കാണാറുണ്ട്‌. ഇത്‌ സമ്പാദ്യ നിരക്ക്‌ കുറയുന്നതിനും കാരണമാകാറുണ്ട്‌. പക്ഷേ പലിശ നിരക്ക്‌ കുറഞ്ഞതിനാല്‍ സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിന്നും അകന്നു നില്‍ക്കുന്ന ഒരു വിഭാഗം പേര്‍ ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നികുതി രഹിത ബോണ്ടുകളിലും നിക്ഷേപിക്കാന്‍ താല്‍പ്പര്യം കാട്ടിയിട്ടുണ്ടെങ്കിലും അത്‌ സമ്പാദ്യനിരക്കില്‍ പ്രതിഫലിക്കാന്‍ മാത്രം ഗണ്യമല്ല.

സാമ്പത്തിക ശീലത്തിലെ മാറ്റം

പ്രധാനമായും സാമ്പത്തിക ശീലത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം റിസര്‍വ്‌ ബാങ്ക്‌ പുറത്തുവിട്ട പുതിയ കണക്കുകളില്‍ വ്യക്തമാണ്‌. സമ്പാദ്യനിരക്ക്‌ കുറഞ്ഞപ്പോള്‍ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത ജിഡിപിയുടെ 5.8 ശതമാനമായി ഉയരുകയും ചെയ്‌തു. നിലവില്‍ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത സമ്പാദ്യ നിരക്കിനേക്കാള്‍ ഉയര്‍ന്നതാണ്‌.

credit-card-4-

വായ്‌പയെടുക്കുന്ന ശീലം വ്യാപകമാകുന്നതാണ്‌ സാമ്പത്തിക ബാധ്യത ഉയരുന്നതിനുള്ള കാരണം. ഉപഭോഗം വര്‍ധിച്ചപ്പോള്‍ കൈവശമുള്ള പണത്തിന്‌ പുറമെ വായ്‌പയെ കൂടി ആശ്രയിക്കുന്ന രീതി വ്യാപകമായി. ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന്‌ മുതല്‍ വീട്‌ വെക്കുന്നതിനു വരെ ഇന്ത്യക്കാര്‍ എടുക്കുന്ന വായ്‌പയുടെ തോത്‌ ക്രമത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ക്രെഡിറ്റ്‌ കാര്‍ഡും പേഴ്‌സണല്‍ ലോണും ഉള്‍പ്പെടെയുള്ള വിവിധ തരത്തിലുള്ള അരക്ഷിത വായ്‌പകളുടെ വിതരണം ഉദാരമാക്കിയത്‌ കടമെടുക്കാനുള്ള പ്രവണതക്ക്‌ ആക്കം കൂട്ടി.

ജനങ്ങളുടെ ഉപഭോഗം ഇന്ത്യയെ പോലെ ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ നല്ലതാണ്. ഉപഭോഗത്തില്‍ അധിഷ്‌ഠിതമായ വിവിധ ബിസിനസുകള്‍ വളരുന്നതിന്‌ ഉപഭോഗത്തിലെ വര്‍ധന വഴിവെക്കും. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പാദ്യനിരക്ക്‌ `ബാലന്‍സ്‌ഡ്‌' ആയ നിലകൊള്ളുന്നതാണ്‌ ആരോഗ്യകരം. മൂലധനത്തിന്‌ ദാരിദ്ര്യം അനുഭവിക്കുന്ന ഒരു മൂന്നാം ലോക സമ്പദ്‌വ്യവസ്ഥയില്‍ സമ്പാദ്യ നിരക്ക്‌ ക്രമാതീതമായി കുറയുന്നത്‌ ആരോഗ്യകരമല്ല.

വേണ്ടതെന്ത്

യുഎസ്‌ പോലുള്ള വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ സമ്പാദ്യത്തിന്‌ പ്രാധാന്യം കൊടുക്കാതെ ഉപഭോഗത്തിന്‌ അമിതമായി പണം ചെലവിടുന്നവരാണ്‌. ക്രെഡിറ്റ്‌ കാര്‍ഡ്‌ കൂടാതെയുള്ള ഒരു ജീവിതം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തവരാണ്‌ ഇത്തരം രാജ്യങ്ങളിലെ നല്ലൊരു വിഭാഗം പേരും. അതേ സമയം ജപ്പാന്‍ പോലുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ ഉപഭോഗത്തേക്കാള്‍ മുന്‍ഗണന നല്‍കുന്നത്‌ സമ്പാദ്യത്തിനാണ്‌. ഉപഭോഗം കുറയുന്നതിനാല്‍ ജപ്പാന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളര്‍ച്ച വര്‍ഷങ്ങളായി പരിമിതമാണ്‌.

യഥാര്‍ത്ഥത്തില്‍ യുഎസിലെയും ജപ്പാനിലെയും മാതൃകകള്‍ക്ക്‌ മധ്യേയുള്ള മാര്‍ഗമാണ്‌ ഉത്തമം. ഉപഭോഗം ക്രമാതീതമായി വര്‍ധിക്കുന്നത്‌ ജനങ്ങളുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതേ സമയം ഉപഭോഗം തീര്‍ത്തും കുറയുന്നത്‌ രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കും. ഇതിനിടയിലുള്ള `ബാലന്‍സ്‌ഡ്‌' ആയ നിലയിലെത്തുന്നതാണ്‌ ഇന്ത്യ പോലൊരു രാജ്യത്തിന്‌ അനുയോജ്യം.

ലേഖകൻ ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്

English Summary : How to Balance Your Savings and Expense?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com