വായ്പയ്ക്ക് ചെല്ലുമ്പോൾ പൂജ്യം അല്ലെങ്കിൽ മൈനസ് ഒന്ന് സ്കോർ വില്ലനാകുമോ?
Mail This Article
ഒരാൾ മറ്റൊരാൾക്ക് വായ്പ നൽകുമ്പോൾ ഏറ്റവും പ്രധാനമായി പരിഗണിക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, വായ്പ തിരിച്ച് നൽകാനുള്ള വഴി വായ്പ വാങ്ങുന്നയാൾക്കുണ്ടോ? രണ്ട്, വായ്പസമയത്തിന് തിരിച്ച് കൊടുക്കുന്ന ശീലമുണ്ടോ? ഈ രണ്ടു കാര്യങ്ങളിലും ഉത്തരം ഉണ്ട് എന്നാണെങ്കിൽ വായ്പ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ആളുകൾ ഇക്കാര്യം മനസ്സിലാക്കുന്നത് മുൻകാല അനുഭവം വെച്ചായിരിക്കാം. അല്ലെങ്കിൽ വായ്പ ചോദിക്കുന്നയാളിനെ അറിയാവുന്നതും തനിക്ക് വിശ്വസിക്കാവുന്നതുമായ ചിലരോട് ചോദിച്ചറിഞ്ഞാവാം.
വ്യക്തികൾ തമ്മിലുള്ള പണം കടം കൊടുക്കൽ രീതി പോലെ തന്നെയായിരുന്നു കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ ബാങ്കുകളും ഈ കാര്യങ്ങൾ മനസ്സിലാക്കിയിരുന്നത്. വായ്പ ആവശ്യപ്പെടുന്ന വ്യക്തികളുടെ സാമ്പത്തിക ചുറ്റുപാടുകൾ, നിലവിൽ കടങ്ങളുണ്ടോ, കടം വാങ്ങിയാൽ കൃത്യമായി തിരിച്ചു കൊടുക്കുന്ന ശീലമുള്ള ആളാണോ, നാട്ടിൽ സൽപേരുള്ള ആളാണോ എന്നിങ്ങനെയുള്ള കാര്യങ്ങൾ അവിടവിടെ തിരക്കി അന്വേഷിക്കും. ഇന്നത്തെ രീതിയിൽ ഇതിനെ മാർക്കറ്റ് എൻക്വയറി (Market Enquiry) എന്നോ ഡ്യൂ ഡിലിജെൻസ് (Due diligence) എന്നോ ഒക്കെ പറയാം. ഈ അന്വേഷണം തൃപ്തികരമാണെങ്കിൽ മാത്രമേ വായ്പ നൽകുകയുള്ളൂ.
സിബിൽ (CIBIL) തുടങ്ങുന്നു
എന്നാൽ വിവരങ്ങൾ ശേഖരിക്കുന്ന ഈ രീതി അപൂർണമായതിനാലും വിവരങ്ങൾ ശേഖരിക്കുന്നതിന് തന്നെ നിയതമായ ഒരു ക്രമം ഇല്ലാതിരുന്നാലും കൂടുതൽ ശാസ്ത്രീയമായ ഒരു സംവിധാനം കണ്ടെത്തേണ്ടത് ആവശ്യമായി. അതിനുള്ള പരിഹാരമായാണ് റിസർവ് ബാങ്ക് നിയമിച്ച സിദ്ദിഖി കമ്മിറ്റിയുടെ ശുപാർശപ്രകാരം 2000 ൽ ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് (CIBIL) എന്ന സ്ഥാപനം ഉടലെടുത്തത്. ഇത് ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥാപനമാണ്. ICICI, SBI, IOB, HSBC, Union Bank of India, Bank of India, Bank of Baroda, Allahabad Bank എന്നീ ബാങ്കുകൾ ചേർന്നാണ് സിബിലിന് തടക്കമിട്ടത്. 2016 ൽ സിബിൽ, ട്രാൻസ് യൂണിയൻ എന്ന അമേരിക്കൻ സ്ഥാപനവുമായി ചേർന്ന് ട്രാൻസ് യൂണിയൻ സിബിൽ ആയി.
എന്താണ് സിബിൽ സ്കോർ?
വീട് വയ്ക്കുന്നതിനോ, വാഹനം വാങ്ങുന്നതിനോ, പഠനാവശ്യത്തിനോ, വീട്ടിലെ മറ്റാവശ്യങ്ങൾക്കോ, ബിസിനസ്സ് ചെയ്യുന്നതിനോ ബാങ്ക് വായ്പകൾ എടുക്കുന്നത് ഇന്ന് സർവസാധാരണമാണ്. പേഴ്സണൽ ലോണുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയും സാധാരണമാണ്. അപേക്ഷകർക്ക് വായ്പക്ക് അർഹതയുണ്ടോയെന്ന് ബാങ്കുകൾ പരിശോധിക്കുന്ന പ്രധാന മാനദണ്ഡമാണ് സിബിൽ/ക്രെഡിറ്റ് സ്കോർ.
എത്രമാത്രം വിശ്വസിക്കാം
വായ്പ മുടക്കം കൂടാതെ തിരിച്ചടക്കുന്ന കാര്യത്തിൽ അപേക്ഷകനെ എത്രമാത്രം വിശ്വസിക്കാം എന്ന് ബാങ്കുകൾ മനസ്സിലാക്കുന്ന ഒരു ഉപാധിയാണ് സിബിൽ സ്കോർ. നേരത്തെ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ടുള്ള വായ്പകൾ കൃത്യമായി തിരിച്ചടച്ചിട്ടുണ്ടോ, വായ്പ യഥാവിധി ഉപയോഗിച്ചിട്ടുണ്ടോ, വായ്പയുടെ കാലാവധി എത്രയാണ്, ഏതുതരം വായ്പകളാണ് എടുത്തിട്ടുള്ളത്, പുതിയ വായ്പകൾക്ക് വേണ്ടി അടുത്ത കാലത്ത് സിബിൽ റിപ്പോർട്ട് എടുത്തും മറ്റും അന്വേഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നതെല്ലാം നോക്കിയാണ് സിബിൽ സ്കോർ നിശ്ചയിക്കുന്നത്. ഇത്തരം വിവരങ്ങൾ ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യസ്ഥാപങ്ങളിൽ നിന്നും സ്വീകരിച്ച് വിശകലനം ചെയ്താണ് ഓരോരുത്തരുടെയും റിപ്പോർട്ടുകളും സ്കോറും തയ്യാറാക്കുന്നത്. നേരത്തെ എടുത്ത വായ്‌പകൾ മുടക്കം കൂടാതെ അടച്ച് ഇടപാട് അവസാനിപ്പിച്ചുണ്ടെങ്കിൽ, അല്ലെങ്കിൽ നിലവിലുള്ള വായ്പകൾ മുടക്കം കൂടാതെ തിരിച്ചടച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലോ അത്തരം അപേക്ഷകരുടെ സിബിൽ സ്കോർ നല്ലതായിരിക്കും. ഈട് ഒന്നും നൽകാത്ത വായ്പകളായ വ്യക്തിഗത – വിദ്യാഭ്യാസ വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ മുടക്കം വരാതെ അടച്ച് തീർക്കുന്നവരുടെ സിബിൽ സ്കോർ വളരെ മെച്ചപ്പെട്ടതായിരിക്കും. ദീർഘകാല വായ്പകളായ ഭവന വായ്പ മുതലായവ മുടക്കം കൂടാതെ അടക്കുന്നവരുടെയും സിബിൽ സ്കോർ ഉയർന്നിരിക്കും. സാമ്പത്തിക അച്ചടക്കത്തിനും സത്യസന്ധതയ്ക്കും സിബിൽ സ്കോർ വലിയ മുൻതൂക്കം നൽകുന്നു.
സിബിൽ സ്കോർ എത്ര കിട്ടിയാൽ വായ്പ ലഭിക്കും?
സിബിൽ സ്കോർ എന്നത് ഒരു മൂന്നക്ക നമ്പറാണ്. 300 മുതൽ 900 വരെയുള്ള സ്കെയിലിൽ ആണ് സിബിൽ സ്കോർ രേഖപ്പെടുത്തുക. എത്രമാത്രം ഉയർന്ന സ്കോർ ലഭിക്കുന്നുവോ വായ്പ ലഭിക്കാനുള്ള സാധ്യത അത്രയും നന്നായിരിക്കും. 700 നു മുകളിലുള്ള സ്കോർ ആണ് വായ്പ ലഭിക്കുവാൻ അഭികാമ്യം. സ്കോർ 800 ന് മുകളിലാണെങ്കിൽ വായ്പ നൽകാൻ വേണ്ടി ബാങ്കുകൾ അവരുടെ പുറകെ കൂടും!
എന്താണ് പൂജ്യം അല്ലെങ്കിൽ മൈനസ് ഒന്ന് സ്കോർ?
ഒരു തരത്തിലുള്ള വായ്പയും എടുക്കാത്ത ഒരാളുടെ സിബിൽ സ്കോർ പൂജ്യമോ മൈനസ് ഒന്നോ ആയിരിക്കും. നേരത്തെ വായ്പയൊന്നും എടുക്കാത്തതിനാൽ ഇദ്ദേഹത്തിന്റെ വായ്പ തിരിച്ചടവ് ചരിത്രം ഒന്നും ലഭിക്കാത്തതുകൊണ്ടാണ് ഇത്. ഇത്തരം അപേക്ഷകർക്ക് ചില ബാങ്കുകൾ വായ്പ നൽകില്ല. എന്നാൽ അപേക്ഷകന്റെ മറ്റു വിവരങ്ങൾ സ്വീകാര്യമാണെങ്കിൽ സിബിൽ സ്കോർ ഇല്ലെങ്കിലും വായ്പ നൽകാനുള്ള നയങ്ങൾ ചില ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും ഉണ്ട്.
വായ്പ ഒന്നും തൽക്കാലം വേണ്ട എന്നിരുന്നാലും ഒരു ക്രെഡിറ്റ് കാർഡ് എടുത്ത് ഉപയോഗിക്കുന്നതും കൃത്യമായി പണം അടയ്ക്കുന്നതും ഉയർന്ന സിബിൽ സ്കോർ നിലനിർത്താൻ സഹായിക്കും. വായ്പയുടെ മുൻ ചരിത്രം ഇല്ലെങ്കിലും ബാങ്കിൽ നിലവിലുള്ള നിക്ഷേപത്തിന്റെ ഈടിന്മേൽ ക്രെഡിറ്റ് കാർഡ് ലഭിക്കും. ഈ വിധം ക്രെഡിറ്റ് സ്കോർ നന്നായി നിലനിർത്തുന്നത് ഭാവിയിൽ വായ്പയുടെ ആവശ്യം വരുമ്പോൾ ഉപകരിക്കും.
സിബിൽ കൂടാതെ ഈ മേഖലയിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന മറ്റു പ്രധാനപ്പെട്ട സ്ഥാപനങ്ങളാണ്, ഇക്വിഫാക്സ്, എക്സ്പീരിയൻ, CRIF ഹൈ മാർക്ക് എന്നിവ. ഇവയും ക്രെഡിറ്റ് സ്കോർ നൽകുന്നുണ്ട്.
ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനാണ് ലേഖകൻ