ദിവസം 7 രൂപ മുടക്കിയാല്‍ മാസം 5000 നേടാം!
Mail This Article
ജോലികള്‍ ചെയ്യുന്നവരാണ് നമ്മളില്‍ പലരും. അതിൽ തന്നെ കൂടുതൽ പേരും സ്ഥിരത ഇല്ലാത്ത ജോലികള്‍ ചെയ്യുന്നവരാണ്. ജീവതകാലം മുഴുവന്‍ ജോലി മാത്രം ചെയ്തിട്ട് കാര്യമില്ല. പെന്‍ഷന്‍ കാലത്ത് എന്തെങ്കിലും കയ്യില്‍ ഇല്ലെങ്കില്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കണമെന്നില്ല. വയസാകുന്തോറും ജോലി ചെയ്യാന്‍ പറ്റണമെന്നില്ലല്ലോ... എങ്കിൽ പെന്‍ഷന്‍ കാലം സുഖകരമാക്കാന്‍ ദിവസം ഏഴ് രൂപ മുടക്കിയാല്‍ മാസം 5000 രൂപ നേടാന്‍ സാധിക്കും. ഇതിനായി സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതി ലഭ്യമാക്കിയിട്ടുണ്ട്.
18 വയസുമുതല്‍ ദിവസവും 7 രൂപ മാറ്റി വയ്ക്കാന്‍ തയ്യാറെങ്കില്‍ 60 വയസിന് ശേഷം മാസം 5000 രൂപ വരെ നേടാം. അതിന് സഹായിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന.
പദ്ധതിയില്‍ ചേരാന്‍
∙18 വയസ് മുതല്‍ 40 വയസ് വരെയുള്ള ഏതൊരു ഇന്ത്യന്‍ പൗരനും പദ്ധതിയില്‍ ചേരാം
∙ബാങ്ക് വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയില്‍ ചേരാം.
∙മൊബൈല്‍ നമ്പറും ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും വേണം.
∙മാസം 1000 രൂപ മുതല്‍ 5000 രൂപ വരെ ലഭിക്കുന്ന രീതിയില്‍ പണം നിക്ഷേപിക്കാം
∙ഓരോ പ്രായത്തിനും അടയ്‌ക്കേണ്ട തുകയില്‍ വ്യത്യാസമുണ്ട്.
∙മാസം തോറും കുറഞ്ഞത് 20 വര്‍ഷത്തേക്കെങ്കിലും നിശ്ചിത തുക ഈ പദ്ധതിയില്‍ അടയ്ക്കണം.
∙നിക്ഷേപകര്‍ നല്‍കുന്ന വിഹിതത്തിന് അനുസരിച്ച് സര്‍ക്കാരും പദ്ധതിയിലേക്ക് സംഭാവന നല്‍കും.
25 വയസില്‍ പദ്ധതിയില്‍ ചേരുമ്പോള്‍
25 വയസ്സിലാണ് നിങ്ങള്‍ പദ്ധതിയില്‍ ചേരുന്നെങ്കില്‍ മാസം 376 രൂപ നല്‍കണം.പെന്‍ഷന്‍ തുക 5000 തന്നെയാണ്. എന്നാല്‍ പെന്‍ഷന്‍ 1000 രൂപ മതിയെങ്കില്‍ മാസം75 രൂപ അടച്ചാല്‍ മതി. 35 വര്‍ഷമാണ് തുക അടയ്‌ക്കേണ്ടത്.
30 വയസില്‍ ചേരുമ്പോള്‍
30 വയസയുള്ള ഒരാള്‍ 30 വര്‍ഷം വരെ പണം അടയ്ക്കണം. മാസം 577 രൂപയാണ് അടയ്‌ക്കേണ്ടത്.പെന്‍ഷന്‍ തുക 5000 തന്നെയാണ്.
ആജീവനാന്ത പെന്‍ഷന്‍
ആജീവനാന്ത പെന്‍ഷനാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നത്. ഉപഭോക്താവിന്റെ മരണശേഷം ജീവിതപങ്കാളിക്ക് അതേ തുക പെന്‍ഷനായി ലഭിക്കും. പങ്കാളിയുടെയും മരണശേഷം, വരിക്കാരന്‍ 60 വയസ് വരെ സ്വരൂപിച്ച പെന്‍ഷന്‍ നോമിനിക്ക് നല്‍കും. പദ്ധതിയുടെ തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80CCD (1B) പ്രകാരമുള്ള നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. നിബന്ധനകള്‍ക്ക് വിധേയമായി പദ്ധതിയില്‍ നിന്ന് പുറത്തു പോകാം. ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സംഭാവനയും പലിശയും കഴിഞ്ഞുള്ള തുകയാണ് വരിക്കാരന് ലഭിക്കുക.