മകളുടെ ഉന്നത വിദ്യാഭ്യാസത്തിന് എങ്ങനെ തുക കണ്ടെത്തും?
Mail This Article
എന്റെ മകൾക്ക് ഇപ്പോൾ 4 വയസ്സുണ്ട്. 18 വയസ്സു മുതൽ മകളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ചെലവു കണ്ടെത്താൻ എത്തരത്തിലുള്ള നിക്ഷേപം നടത്തണം? മാസം 5000 രൂപ വരെയാണ് മാറ്റി വയ്ക്കാനാവുക.
∙അശ്വതി സഞ്ജീവ്, കൊട്ടിയം
നിക്ഷേപലക്ഷ്യം മകളുടെ വിദ്യാഭ്യാസമായതിനാൽ പതിനെട്ടാം വയസ്സിൽ ബിരുദത്തിനും 21 വയസ്സിൽ ബിരുദാനന്തര ബിരുദത്തിനുമായി തുക ആവശ്യമായി വന്നേക്കാം. ആദ്യം തുക ആവശ്യമായി വരുന്നത് 14 വർഷങ്ങൾക്ക് ശേഷമാണ്. രണ്ടാമത് വേണ്ടിവരുന്നത് 17 വർഷങ്ങൾക്ക് ശേഷവും. അതുകൊണ്ട് ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ് ഏറ്റവും അഭികാമ്യം.
12% ആദായം ലഭ്യമാകുന്ന ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ പ്രതിമാസം 5000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ മകളുടെ പതിനെട്ടാം വയസ്സിൽ 20 ലക്ഷം രൂപ സമാഹരിക്കാനാകും. തുടർന്ന് ബിരുദാനന്തര ബിരുദത്തിനായി 21ാം വയസ്സിലേക്ക് 10 ലക്ഷം രൂപയും ലഭ്യമാക്കാം. മകൾക്കായി 4ാം വയസ്സു മുതൽ 5000 രൂപ പ്രതിമാസം നിക്ഷേപിക്കുകയും തുടർന്ന് എല്ലാവർഷവും 10% നിക്ഷേപ വർധനയും നൽകിയാൽ പതിനെട്ടാം വയസ്സിലും ഇരുപത്തിയൊന്നാം വയസ്സിലും 31 ലക്ഷം രൂപ വീതം ലഭ്യമാക്കാൻ കഴിയും. ഓഹരി വിപണിയുടെ സൂചികയായ സെൻസെക്സ് കഴിഞ്ഞ 43 വർഷമായി നൽകിയിരിക്കുന്ന ശരാശരി ആദായം 16% ആണെന്ന് ഓർക്കുക.
ലേഖിക തിരുവനന്തപുരത്ത് സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ