എത്ര പണം വീട്ടിൽ സൂക്ഷിക്കാം? ഇക്കാര്യങ്ങളറിഞ്ഞില്ലെങ്കിൽ പിടി വീണേക്കും
Mail This Article
ആദായ നികുതി നിയമം അനുസരിച്ച് വീട്ടിൽ സൂക്ഷിക്കാവുന്ന പണത്തിന് പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ല. എന്നാൽ ഒരു ആദായനികുതി റെയ്ഡ് നടന്നാൽ പണത്തിന്റെ ഉറവിടം തെളിയിക്കേണ്ടത് നിർബന്ധമാണ്. അപ്പോൾ കണക്കിൽപ്പെടാത്ത പണത്തിന് പിഴ ഈടാക്കാം, വിശദീകരിക്കാത്ത പണം പിടിച്ചെടുക്കാൻ ആദായനികുതി ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. മൊത്തം തുകയുടെ 137% വരെ പിഴ ചുമത്തും.
∙വായ്‌പയ്ക്കോ നിക്ഷേപങ്ങൾക്കോ വേണ്ടി 20,000 രൂപയോ അതിൽ കൂടുതലോ പണമായി സ്വീകരിക്കാൻ സാധിക്കില്ല. ആദായനികുതി വകുപ്പ് ഇക്കാര്യം കർശനമായി വിലക്കിയിട്ടുണ്ട്.
∙50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പാൻ നമ്പറുകൾ നിർബന്ധമാണ്: സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സേഷൻ അനുസരിച്ച്, വ്യക്തികൾ ഒരു സമയം 50,000 രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്കും പിൻവലിക്കലുകൾക്കും പാൻ നമ്പർ നൽകണം.
∙30 ലക്ഷം രൂപയിൽ കൂടുതലുള്ള ആസ്തികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽപ്പെടും.
∙ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള പേയ്‌മെന്റ് നടത്തുമ്പോൾ അത് ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽപ്പെടും.
∙ഒരു വർഷത്തിൽ ബാങ്കിൽ നിന്ന് ഒരു കോടി രൂപയിൽ കൂടുതൽ പണം പിൻവലിക്കുന്ന വ്യക്തികൾക്ക് 2 ശതമാനം TDS നൽകേണ്ടി വരും.
∙ഒരു വർഷത്തിൽ 20 ലക്ഷം കവിയുന്ന പണമിടപാടുകൾക്ക് പിഴ ഈടാക്കാം. 30 ലക്ഷത്തിന് മുകളിലുള്ള വസ്തുവകകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽപ്പെടും.
∙പാൻ, ആധാർ ഇല്ലാതെയുള്ള വാങ്ങലുകൾക്ക് 2 ലക്ഷത്തിൽ കൂടുതൽ പണമായി നൽകരുത്. ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കുള്ള നിയന്ത്രണങ്ങളും ഉണ്ട്.
∙ഒരു ദിവസം ബന്ധുവിൽ നിന്ന് 2 ലക്ഷം രൂപയിൽ കൂടുതൽ പണമായി സ്വീകരിക്കുന്നതിനും നിബന്ധനകളുണ്ട്.
നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനും ആദായനികുതി ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ നിയമങ്ങൾ മനസിലാക്കുന്നത് പരമപ്രധാനമാണ്.