വർഷാവസാനം സ്വർണ വിലയിൽ മാറ്റമില്ല
Mail This Article
ഡിസംബർ മാസം അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 5,855 രൂപയിലും പവന് 46,840 രൂപയിലുമാണ് ശനിയാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് വെള്ളിയാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്. ഒരേ മാസത്തിൽ രണ്ട് തവണ റെക്കോർഡ് വില കുറിച്ചാണ് ഡിസംബർ മാസം കടന്ന് പോകുന്നത്. ഡിസംബർ 28 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,890 രൂപയും പവന് 47,120 രൂപയുമാണ് സ്വർണത്തിലെ ഏറ്റവും പുതിയ റെക്കോർഡ്. ഡിസംബർ 4ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,885 രൂപയും പവന് 47,080 രൂപയുമാണ് രണ്ടാമത്തെ ഉയർന്ന റെക്കോർഡ് നിരക്ക്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് ഡിസംബർ 13ന് രേഖപ്പെടുത്തിയ പവൻ പവന് 45320 രൂപയും, ഗ്രാമിന് 5665 രൂപയുമാണ്.
സ്വർണ വ്യാപാര മേഖലയിൽ ഒരുപാട് റെക്കോർഡുകൾ ഇട്ടാണ് ഈ വർഷം കടന്നു പോകുന്നത്. പുതിയ റെക്കോർഡുകളും പുതിയ ഉയരങ്ങളും 14 തവണയാണ് ഈ വർഷം സംസ്ഥാന സ്വർണ വിപണിയെ തേടിയെത്തിയത്. 2020 ആഗസ്‌റ്റ് ഏഴിലെ, പവന് 42,000 രൂപയെന്ന നിരക്ക് ഈ വർഷം ജനുവരി 24 ന് മറികടന്ന് സ്വർണം കുതിപ്പ് തുടങ്ങി. ( പവന് 42,160 രൂപ ). 2023 ജനുവരി 1 ന് 5,060 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിൻറെ വില. 2023 ഡിസംബർ 28ന് അത് ഗ്രാമിന് 5,890 രൂപയായി ഉയർന്നു. അതായത് ഗ്രാമിന് 830 രൂപയുടെ വർധനവും, പവന് 6,640 രൂപയുടെ വർധനവും ഒരു വർഷത്തിനുള്ളിൽ രേഖപ്പെടുത്തി. ഈ വർഷം ഏറ്റവും കുറവ് സ്വർണ വില രേഖപ്പെടുത്തിയ മാസമാണ് ജനുവരി. മെയ് 5ന് റെക്കോർഡ് നിരക്കായ പവന് 45,760 രൂപയിലെത്തിയ സ്വർണം എന്നാൽ നാലു മാസങ്ങളിൽ ഇടിവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ വിലയുയർന്ന മാസം ഒക്ടോബറും നവംബറുമാണ്. കഴിഞ്ഞ ആറു വർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം രൂപയുടെ വിലവർധനവാണ് ഉണ്ടായത്.
രാജ്യാന്തര വിപണിയിലെ തങ്ങളുടെ ചുവട് പിടിച്ചാണ് സംസ്ഥാന വിപണിയിലും സ്വർണവില ഉയർന്നത്. ഇസ്രായേൽ- ഹമാസ് യുദ്ധ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വർണത്തിന് ആവശ്യക്കാർ ഉയർന്നതാണ് സ്വർണ വില ഈ വർഷം കുതിക്കാൻ കാരണം. ഒപ്പം ആഗോള വിപണികളിലെ തളർച്ച, ഓഹരി വിപണികളിലെ ഇടിവ്, യുഎസ് ബാങ്ക് പ്രതിസന്ധിയുടെ എന്നിവയും വിലയെ സ്വാധിനിച്ചു. വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് പ്രകാരം പുതുവർഷത്തിലും സ്വർണ്ണവില മുന്നോട്ടു കുതിക്കാൻ തന്നെയാണ് സാധ്യത.