ലോകം പുതിയ 'സൂപ്പര്‍ സൈക്കിളി'ല്‍!
Mail This Article
ആഗോള സമ്പദ് വ്യവസ്ഥ ഒരു പുതിയ സൂപ്പര്‍ സൈക്കിളിലേക്ക് നീങ്ങുകയാണെന്ന് പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സ്. നിര്‍മിത ബുദ്ധിയും (എഐ) കാര്‍ബണ്‍ രഹിത സങ്കേതങ്ങളും ചാലകശക്തിയായ പുതിയ സമ്പദ് വ്യവസ്ഥയാകും ഭാവിയിലേതെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ യൂറോപ്പ് ഗവേഷണ വിഭാഗം മേധാവി പീറ്റര്‍ ഓപ്പന്‍ഹെയ്മര്‍ പറഞ്ഞത്.
എന്താണീ സൂപ്പര്‍ സൈക്കിള്‍?
സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ ഉപയോഗിക്കുന്ന പദമാണ് സൂപ്പര്‍ സൈക്കിള്‍. സാമ്പത്തിക വികസനത്തിന്റെ ദൈര്‍ഘ്യമേറിയ ഒരു കാലയളവിനെയാണ് ഇതുകൊണ്ട് അടിസ്ഥാനപരമായി അര്‍ത്ഥമാക്കുന്നത്.
ജിഡിപിയിലെ വന്‍വളര്‍ച്ച, ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആവശ്യകത കൂടുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവയെല്ലാം സൂപ്പര്‍ സൈക്കിള്‍ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.
പുതിയ സങ്കേതികവിദ്യകളുടെ വ്യാപനമാണ് അടുത്ത സൂപ്പര്‍ സൈക്കിളിനെ നയിക്കുക. അതില്‍ ഏറ്റവും പ്രധാനം നിര്‍മിത ബുദ്ധിയായിരിക്കും. ഇതിന് പോസിറ്റീവ് ഇഫക്റ്റായിരിക്കും കൂടുതലുണ്ടാകുകയെന്ന് ഓപ്പന്‍ഹൈമറിനെപ്പോലുള്ളവര്‍ കരുതുന്നു. എഐ കൂടുതല്‍ വിന്യസിക്കപ്പെടുമ്പോള്‍ ഉല്‍പ്പാദന ക്ഷമത കൂടുമെന്നാണ് കരുതപ്പെടുന്നത്.
ഭൂമിയുടെ നിലനില്‍പ്പിന്റെ കൂടി ഭാഗമായുള്ളതാണ് കാര്‍ബണ്‍ മുക്ത സംവിധാനങ്ങളെന്നും വിലയിരുത്തപ്പെടുന്നു. ഹരിതോര്‍ജത്തിലധിഷ്ഠിതമായ കാര്‍ബണ്‍ രഹിത ബിസിനസുകള്‍ തഴച്ചുവളരുകയെന്നതും പുതിയ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.