'റിച്ച് ഡാഡ് പുവർ ഡാഡ്' 100 കോടി ഡോളർ കടത്തിൽ, ആരാധകർ ഞെട്ടലിൽ
Mail This Article
പലപ്പോഴും പല ഫിൻഫ്ലുൻസർമാരും അടുത്തകാലത്തായി നിക്ഷേപകരെ തങ്ങളുടെ അക്കൗണ്ടിൽ കോടികൾ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വഴിതെറ്റിക്കാറുണ്ട് . അവർ പറയുന്ന ഓഹരികളും, ക്രിപ്റ്റോ കറൻസികളും വാങ്ങിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ഇതിനെ ഉപയോഗിക്കാറുണ്ട്.എന്നാൽ രാജ്യാന്തര തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ ലക്ഷക്കണക്കിന് ആളുകളെ നിക്ഷേപ പാഠങ്ങൾ പഠിപ്പിക്കുകയും സമ്പന്നരാക്കുകയും ചെയ്ത 'റിച്ച് ഡാഡ് പുവർ ഡാഡ് ഗ്രന്ഥ കർത്താവ് 100 കോടി കടത്തിലാണെന്ന ഏറ്റുപറച്ചിൽ നിക്ഷേപക ലോകത്തെ യഥാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
നിക്ഷേപ തന്ത്രം
സ്വർണത്തിലും, വെള്ളിയിലും നിക്ഷേപം നടത്തുക എന്നതായിരുന്നു കിയോസാക്കിയുടെ തന്ത്രം. അതുപോലെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.'നല്ല കടം' , 'ചീത്ത കടം' എന്നീ പദ പ്രയോഗങ്ങളും അദ്ദേഹം നിക്ഷേപക ലോകത്തിന് പരിചയപ്പെടുത്തി. റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ ബിസിനസ് സംരംഭങ്ങളിൽ നിക്ഷേപിക്കുന്നതിനെയാണ് നല്ല കടം എന്നദ്ദേഹം ഉദേശിച്ചത്. ടി വി, കാർ പോലുള്ളവ വാങ്ങാനുള്ള കടങ്ങളെ മോശം കടമെന്ന് അദ്ദേഹം വിളിച്ചു. സമ്പന്നനാകാൻ നല്ല കടം ഉപയോഗിക്കണം, മോശം കടം എടുത്താൽ ദരിദ്രനാകും എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
സമ്പത്തിനെ കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റി മറിച്ചു
ലോകം കാലാകാലങ്ങളായി കരുതി വന്ന സമ്പത്തിനെ കുറിച്ചുള്ള ചിന്താഗതികളെ മാറ്റി മറിക്കുകയാണ് റിച്ച് ഡാഡ് പുവർ ഡാഡ് എന്ന പുസ്തകത്തിലൂടെ കിയോസ്കി ചെയ്തത്. ഉയർന്ന വരുമാനം മാത്രമാണ് സാമ്പത്തിലേക്കുള്ള ഒറ്റ വഴി എന്ന പരമ്പരാഗതമായ ചിന്താഗതിയെ കാറ്റിൽ പറത്തി , മനസ്സ്‌വെച്ചാൽ ആർക്കും സമ്പന്നനാകാം എന്ന ചിന്താഗതിയിലേക്ക് അദ്ദേഹം ലോകത്തെ നയിച്ചു. സംരംഭകത്തിന്റെ നേട്ടങ്ങൾ, കണക്കു കൂട്ടിയുള്ള റിസ്ക് എടുക്കൽ, നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന നിഷ്ക്രിയ വരുമാനം എന്നീ കാര്യങ്ങൾക്ക് അദ്ദേഹം ഊന്നൽ കൊടുത്തു . ഉദാഹരണത്തിന് വായ്പയെടുത്ത് ഒരു വീട് വാങ്ങി അത് വാടകക്ക് കൊടുത്താൽ വർഷങ്ങളോളം ലഭിക്കുന്ന വാടക വരുമാനത്തിനായിരുന്നു അദ്ദേഹം പ്രാധാന്യം കൊടുത്തിരുന്നത്.
പണം വ്യാജം
ഡോളർ പോലുള്ള കറൻസികളിൽ വിശ്വസിക്കരുതെന്നും സമ്പാദ്യം സ്വർണം, വെള്ളി തുടങ്ങിയവയിലാണ് നല്ലതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. ബിറ്റ് കോയിൻ നിക്ഷേപവും അദ്ദേഹത്തിന് ഇപ്പോൾ പ്രിയപ്പെട്ടതാണ്. സ്വർണവും, വെള്ളിയും, ബിറ്റ് കോയിനും ഭാവിയുടെ ആസ്തികളാണ് എന്ന് 'റിച്ച് ഡാഡ് പുവർ ഡാഡിന്റെ' രചയിതാവ് റോബർട്ട് കിയോസാക്കി ആവർത്തിച്ചു.
വരാനിരിക്കുന്ന സാമ്പത്തിക തകർച്ചയിൽ ബിറ്റ് കോയിനെയും വിശ്വസിക്കാം എന്ന പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്കും, ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. 2025 ആകുന്നതോടെ ബിറ്റ് കോയിൻ 5 ലക്ഷം ഡോളർ ആകുമെന്നാണ് കിയോസാക്കിയുടെ പ്രവചനം. സ്വർണത്തേക്കാളും, വെള്ളിയേക്കാളും സാമ്പത്തിക സുരക്ഷയും, സാമ്പത്തിക സ്വാതന്ത്ര്യവും ബിറ്റ് കോയിൻ തരുമെന്നാണ് ലോകമാസകലം അനുയായികളുള്ള സാമ്പത്തിക ഗുരുവിന്റെ വിശ്വാസം.
ലോകം മുഴുവൻ ജനങ്ങളെ ഇളക്കി മറിച്ച പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ് ആണെങ്കിലും അദ്ദേഹത്തിന്റെ സ്വന്തം കമ്പനിയായ 'റിച്ച് ഗ്ലോബൽ' ഒരു നിയമ തർക്കത്തെ തുടർന്ന് 2012ൽ പാപ്പരായി എന്ന് പറഞ്ഞിരുന്നു.കാശു പിരിവു നടത്തി സെമിനാറുകൾ നടത്തി ആളുകളെ കൂട്ടി പറ്റിക്കുന്ന ഏർപ്പാട് കിയോസാക്കിക്ക് ഉണ്ടെന്ന ദുഷ്പ്പേരും കേൾക്കേണ്ടി വന്നിട്ടുണ്ട്. 2020 ന് ശേഷം അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾ സോഷ്യൽ മീഡിയ നിറഞ്ഞിരുന്നു. ഇതുകൊണ്ടൊക്കെ തന്നെ ഇപ്പോൾ താൻ കടത്തിലാണ് എന്ന് കിയോസാക്കി പറയുമ്പോഴും ഇത് ശരിയാണോ, തെറ്റാണോ എന്ന സംശയത്തിലാണ് നിക്ഷേപക ലോകവും. കടത്തിലാണ് എന്ന് പറയുമ്പോഴും 'അത് എന്റെ പ്രശ്നമല്ല, ബാങ്കുകളുടെ പ്രശ്നമാണ്, ഞാൻ തകർന്നാൽ ബാങ്കുകൾ തകരും' എന്നുള്ള വാക്കുകള്‍ എങ്ങനെ വ്യാഖ്യാനിക്കണമെന്ന് അറിയാതെ കുഴങ്ങുകയാണ് അദ്ദേഹത്തിന്റെ ആരാധക വൃന്ദം.