റിട്ടയർമെന്റ് ആനുകൂല്യങ്ങൾക്ക് എത്ര വീതം ആദായനികുതി നൽകണം?
Mail This Article
ചോദ്യം: ഈ മാർച്ചിൽ റിട്ടയർ ചെയ്യുകയാണ് ഞാൻ. ലീവ് എൻകാഷ്മെന്റ്, ഗ്രാറ്റുവിറ്റി എന്നീ ഇനത്തിൽ കിട്ടുന്ന തുകയുടെ ആദായനികുതി ബാധ്യതയെക്കുറിച്ച് അറിയണമെന്നുണ്ട്. വിശദമാക്കാമോ? (ജനുവരി ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്)
മറുപടി
A ലീവ് സറണ്ടർ
*ഗവൺമെന്‍റ് ജീവനക്കാർക്ക് റിട്ടയർമെന്റ് സമയത്ത് ലഭിക്കുന്ന ലീവ് സറണ്ടർ തുക പൂർണ്ണമായും നികുതി വിമുക്തമാണ്.
*ഗവൺമെന്‍റ് ജീവനക്കാർ അല്ലാത്തവർക്ക് വകുപ്പ് 10(10AA) പ്രകാരം താഴെപ്പറയുന്നവയിൽ ഏറ്റവും കുറഞ്ഞ തുക, നികുതി ബാധ്യത ഇല്ലാത്ത തുകയായി അവകാശപ്പെടാവുന്നതാണ്.
1. ലീവ് സാലറി ആയി ലഭിച്ച തുക
2. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള തുകയായ 3 ലക്ഷം രൂപ
3. 10 മാസത്തെ ശമ്പളം (അവസാന 10 മാസത്തെ ശരാശരി ശമ്പളത്തിന്‍റെ അടിസ്ഥാനത്തിൽ കണക്കാക്കിയത്)
4. റിട്ടയർമെന്‍റ് സമയത്ത് ക്രെഡിറ്റിലുള്ള ലീവ് (മാസങ്ങൾ) X അവസാനത്തെ 10 മാസത്തെ ശരാശരി മാസശമ്പളം.
ഗ്രാറ്റുവിറ്റി
∙ഗവൺമെന്‍റ് ജീവനക്കാർക്ക് റിട്ടയർമെന്‍റ് സമയത്തു ലഭിക്കുന്ന ഗ്രാറ്റുവിറ്റി തുക പൂർണ്ണമായും നികുതി വിമുക്തമാണ്.
∙മറ്റു ജീവനക്കാരിൽ, ഗ്രാറ്റുവിറ്റി നിയമത്തിനടിയിൽ വരുന്നവർ ഗ്രാറ്റുവിറ്റി നിയമം ബാധകമല്ലാത്തവർ എന്നു തരം തിരിച്ചു താഴെ പറയും വിധമാണ് നികുതി ഇളവ് നിർണയിക്കേണ്ടത്:
ഗ്രാറ്റുവിറ്റി നിയമത്തിനടിയിൽ വരുന്നവർക്ക് താഴെ പറയുന്നവയിൽ ഏറ്റവും കുറഞ്ഞ തുക നികുതി ബാധ്യത ഇല്ലാത്ത തുകയായി അവകാശപ്പെടാം:
1. ഗ്രാറ്റുവിറ്റി ആയി ലഭിച്ച തുക
2. (അവസാനം ലഭിച്ച ശമ്പള തുക) x 15/26 x ജോലിയിൽ പൂർത്തിയാക്കിയ വർഷങ്ങളുടെ എണ്ണം.
3. ഗവൺമെന്‍റ് പ്രഖ്യാപിച്ച തുകയായ 20 ലക്ഷം രൂപ
ഗ്രാറ്റുവിറ്റി നിയമം ബാധകമല്ലാത്തവർക്ക് താഴെ പറയുന്നവയിൽ ഏറ്റവും കുറഞ്ഞ തുക നികുതി ബാധ്യത ഇല്ലാത്ത തുകയായി അവകാശപ്പെടാം.
1. ഗ്രാറ്റുവിറ്റി ആയി ലഭിച്ച തുക
2. ഗവൺമെന്‍റ് പ്രഖ്യാപിച്ച തുകയായ 20 ലക്ഷം രൂപ
3. അര മാസത്തെ ശമ്പളം (അവസാനത്തെ 10 മാസത്തെ ശരാശരി) X ജോലിയിൽ പൂർത്തിയാക്കിയ വർഷങ്ങളുടെ എണ്ണം
(ആദായനികുതി സംശയങ്ങൾക്ക് ഈ പംക്തിയിലൂടെ മറുപടി ലഭിക്കും. എഡിറ്റർ, മനോരമ സമ്പാദ്യം, കോട്ടയം– 686001 എന്ന വിലാസത്തിലോ sampadyam@mm.co.in ലോ 9207749142 എന്ന വാട്സാപ് നമ്പറിലോ ചോദ്യങ്ങൾ അയയ്ക്കാം. ഉത്തരങ്ങൾ സമ്പാദ്യത്തിലൂടെ മാത്രം.)