"സമ്പാദിക്കാൻ പണമില്ല" സാധാരണക്കാരന്റെ ഈ വലിയ പ്രശ്നം എങ്ങനെ മറികടക്കാം ?
Mail This Article
മനോരമ സമ്പാദ്യം മാഗസിനിലൂടെ നൽകിയ സാമ്പത്തികാസൂത്രണ പ്ലാനുകൾ പിന്തുടർന്ന് ജീവിതലക്ഷ്യങ്ങൾ നേടിയെടുത്തവർ ഏറെയുണ്ട്. അതേ സമയം വിദഗ്ധർ നൽകിയ ആ പ്ലാനുകൾ പകുതിവഴിക്ക് ഉപേക്ഷിച്ചവരും നാളേക്കായി നീട്ടിവച്ചവരും ഉണ്ട്. എന്തുകൊണ്ടാണ് സാമ്പത്തികാസൂത്രണത്തിനുള്ള കൃത്യവും മികച്ചതുമായ വഴികൾ അറിഞ്ഞിട്ടും അവർക്ക് അതു പിന്തുടരാൻ സാധിക്കാത്തത്? കാരണം വ്യക്തികളുടെ ജീവിതരീതി, പെരുമാറ്റം, സാമ്പത്തിക രീതി തുടങ്ങിയവയൊന്നും ഒരു രാത്രികൊണ്ടു മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നല്ല.
മാറ്റേണ്ടതു ചിന്താഗതി
പണം ഒന്നിനും തികയുന്നില്ല എന്ന് ആകുലപ്പെട്ട ഐടി പ്രൊഫഷനലായ മാത്യുവിനോട് 1000 രൂപയെങ്കിലും ഒരുമാസം മിച്ചംപിടിക്കാമല്ലോ എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടി, 1000 രൂപയൊക്കെ മിച്ചംപിടിച്ചിട്ട് എന്തിനാണെന്നാണ്?
ഈ ചിന്താഗതിയാണു മാറ്റേണ്ടത്. സംഖ്യയിലെ പൂജ്യത്തെക്കുറിച്ചു തുടക്കത്തിൽ വ്യാകുലപ്പെടേണ്ട, 100 എങ്കിൽ 100 രൂപ മിച്ചംപിടിച്ചു തുടങ്ങുക. പൂജ്യമൊക്കെ കാലക്രമേണ കൂടിക്കോളും. ഇടത്തരം വരുമാനക്കാരായ ഭൂരിപക്ഷവും ചിന്തിക്കുന്നത് തങ്ങൾക്കു സമ്പാദിക്കാൻ മാത്രമുള്ള വരുമാനം ലഭിക്കുന്നില്ല എന്നാണ്. ഇങ്ങനെ അവരെക്കൊണ്ടു ചിന്തിപ്പിക്കുന്ന ഘടകങ്ങൾ പലതാണ്.
- ഓരോ മാസവും അപ്രതീക്ഷിതമായി എത്തുന്ന ചെലവുകൾ. ഉദാഹരണത്തിന് ഒരുമാസം രണ്ടു കല്യാണം വന്നാല്‍തന്നെ സമ്മാനം കാരണം ആ മാസത്തെ ബജറ്റ് താളംതെറ്റും.
- കടങ്ങള്‍ മുഴുവൻ വീട്ടിയശേഷം സമ്പാദിച്ചുതുടങ്ങാം എന്ന ചിന്ത. ഇത്തരക്കാർ നേരിടുന്ന വലിയ അബദ്ധം, കയ്യിൽ ഒന്നും കരുതാത്തതിനാൽതന്നെ വീണ്ടും വീണ്ടും കടം വാങ്ങേണ്ടിവരും എന്നതാണ്.
- വരുമാനം പരിഗണിക്കാതെ ചെലവഴിക്കുന്നവർ. ആ സ്വഭാവം മാറ്റാതെ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല. സോഷ്യൽ മീഡിയ ലൈഫിൽ കുടുങ്ങി, കിട്ടുന്നതിലധികം ചെലവഴിച്ച് ജീവിതം ആസ്വദിക്കുന്ന രീതി സ്വീകരിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു.
- വ്യക്തികളുടെ മറ്റു പല രീതികളും പണം മിച്ചംപിടിക്കുന്നതിനു തടസ്സമാകാം. ഉദാഹരണത്തിന് പണം തികയാത്തതുമൂലം വീട് പുതുക്കിപ്പണിയുന്നത് പാതിവഴിക്കു നിർത്തിയ രാഹുൽ ഇഎംഐയിൽ കൂടിയ ഐഫോണ്‍ വാങ്ങിയത് അടുത്തിടെയാണ്.
ഇവിടെ ഏതു കാരണത്തിലാണ് നിങ്ങൾ കുടുങ്ങിയിരിക്കുന്നതെന്നു സ്വയം കണ്ടെത്തുകയും അതു മാറ്റി മിച്ചംപിടിക്കാൻ ശ്രമിക്കുകയുമാണു വേണ്ടത്.
കണക്കു നോക്കാം, മാറ്റം വരുത്താം
കഴിഞ്ഞ മാസത്തെ അടിസ്ഥാനമാക്കി താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഇപ്പോൾ ഉത്തരം കണ്ടെത്താൻ ശ്രമിക്കുക. അതുവഴി നിങ്ങളുടെ ചെലവഴിക്കൽ രീതി ശരിയാണോ എന്നു സ്വയം കണ്ടെത്താം. ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുക.
- കഴിഞ്ഞ മാസത്തെ നിങ്ങളുടെ വരുമാനവും ചെലവുകളും തമ്മിലുള്ള വ്യത്യാസം എത്രയാണ്?
- വിചാരിച്ചതിലും കൂടുതൽ പണം ഈ മാസം ചെലവായോ? എത്ര രൂപ?
- കഴിഞ്ഞ മാസത്തെ ചെലവുകളിൽ അനാവശ്യമായത് എന്നു തോന്നുന്നവ എന്തൊക്കെയാണ്?
ഇവിടെ വരുമാനത്തിലധികം വരുന്ന ചെലവുകൾ എങ്ങനെ നിയന്ത്രിക്കാം എന്ന് ആലോചിക്കുക. അതിനുള്ള വഴികൾ കണ്ടെത്തുക
എല്ലാ ചെലവുകളും അപ്രതീക്ഷിതമല്ല
അപ്രതീക്ഷിത ചെലവുകൾ വരുന്നു എന്നു പരാതിപ്പെടാത്തവർ വിരളമാണ്. എന്താണ് ഈ അപ്രതീക്ഷിതം? തൊഴിൽ നഷ്ടം, രോഗം, മരണം, പ്രകൃതിദുരന്തംമൂലമുള്ള നാശനഷ്ടങ്ങൾ തുടങ്ങിയവയൊക്കെയാണ് അപ്രതീക്ഷിതമായി സംഭവിക്കുന്നവ. പക്ഷേ, ഈ പറഞ്ഞവയ്ക്കുള്ള പരിഹാരമാണ് ഇന്‍ഷുറൻസും എമർജൻസി ഫണ്ടും. ഒന്നാലോചിച്ചു നോക്കിയാൽ, എല്ലാ വർഷവും കൃത്യമായി എത്തുന്ന ഓണം, ക്രിസ്മസ്‌പോലുള്ള ആഘോഷങ്ങൾ, മുൻകൂട്ടി വിളിക്കുന്ന കല്യാണങ്ങൾ, കുട്ടികളുടെ പഠന ആവശ്യങ്ങള്‍... തുടങ്ങി റിട്ടയർമെന്റ് ഫണ്ടു വരെ നീളുന്ന ഒട്ടുമിക്ക ചെലവുകളും മുൻകൂട്ടി അറിയാൻപറ്റും. ഇത്തരത്തിൽ ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നവരാണ് വളരെ നേരത്തേതന്നെ പ്രത്യേക ലക്ഷ്യത്തിലേക്കു വേണ്ടി പണം സമ്പാദിക്കുന്നത്. അവർക്കു കടക്കെണിയുണ്ടാകില്ല. ഭാവി ഭദ്രമായിരിക്കും.
സേവിങ്സ് v/s ഇൻവെസ്റ്റ്‌മെന്‍റ്
ഇൻവെസ്റ്റ്‌മെന്‍റ് , സേവിങ്സ് എന്നിവ പലപ്പോഴും ആളുകൾ തെറ്റായി ആണ് മനസ്സിലാക്കുന്നത്. രണ്ടും ഒന്നാണോ...? തീർച്ചയായും അല്ല. കിട്ടുന്ന വരുമാനത്തിൽ നിന്നു ചെലവുകളെല്ലാം കഴിഞ്ഞശേഷം മിച്ചം പിടിക്കുന്ന തുകയാണ് സേവിങ്സ്. എന്നാൽ ഇങ്ങനെ മിച്ചംപിടിക്കുന്ന തുക കൂടുതൽ നേട്ടം ലക്ഷ്യമിട്ട് മികച്ച പദ്ധതികളിൽ ഇടുമ്പോഴേ അതു നിക്ഷേപമാകൂ. മ്യൂച്വൽ ഫണ്ടിലോ ബാങ്ക് സ്ഥിരനിക്ഷേപത്തിലോ പണം ഇടുന്നത് നിക്ഷേപത്തിന് ഉദാഹരണമാണ്. അതുപോലെ സ്ഥിരവരുമാനം ലക്ഷ്യമിട്ട് കടമുറിയോ വീടോ പണിതു വാടകയ്ക്കു നൽകുക, വില കൂടുമ്പോൾ വിറ്റു ലാഭമെടുക്കാനായി ഭൂമിയോ സ്വർണമോ വാങ്ങുക എന്നിവയും നിക്ഷേപമാണ്. മിച്ചം പിടിക്കുന്ന പണം കൈവശം സൂക്ഷിച്ചാൽ പണപ്പെരുപ്പം അതിനെ കാർന്നു മൂല്യം കുറയും. പകരം ശരിയായി നിക്ഷേപിച്ച് അതിന്റെ മൂല്യം വർധിപ്പിക്കണം.
എല്ലാവർക്കും അറിയാം, പക്ഷേ...
പണം സമ്പാദിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആരോടും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഭാവിയിൽ സാമ്പത്തികപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പണം സ്വരുക്കൂട്ടാത്തവരാണ് ഭൂരിപക്ഷവും. സിഗററ്റ് ആരോഗ്യത്തിനു മോശമാണെന്ന് അറിഞ്ഞിട്ടും അതു വലിക്കുന്നതിനു സമാനമാണ് ഈ സ്വഭാവ രീതി. ചെലവു കുറച്ചുകൊണ്ടു മിച്ചംപിടിക്കുക എന്നതാണ് സമ്പാദ്യം എന്ന വാക്കിന്‍റെ ഏറ്റവും ലളിതമായ നിർവചനം. താഴെപ്പറയുന്ന കാര്യങ്ങൾ മെച്ചപ്പെട്ട ഒരു സാമ്പത്തിക അച്ചടക്കം ഉണ്ടാക്കിയെടുക്കാൻ നിങ്ങളെ സഹായിക്കും.
1.വീട്ടിൽ ഒന്നും രഹസ്യമാക്കേണ്ട
നിങ്ങളുടെ വരുമാനം, ബാധ്യതകൾ എന്നിവയെക്കുറിച്ച് കുടുംബം/പങ്കാളി/മക്കൾ എന്നിവരുമായി സംസാരിക്കണം. അപ്പോൾ സാഹചര്യങ്ങൾക്കനുസരിച്ച് ചെലവുകൾ നിയന്ത്രിക്കാൻ അവരും തയാറാകും. കാര്യങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ മാനസിക സമ്മർദവും കുറയ്ക്കാം. ഇത്തരം ചർച്ചകളിൽ കുട്ടികളെ ഇടപെടുത്തുക. അത്യാവശ്യമില്ലാത്തവയ്ക്കായി വാശിപിടിക്കുന്നതു കുറയ്ക്കണമെന്ന് അവർ മനസ്സിലാക്കും. ഒപ്പം ചെറുപ്പത്തിലേ അവർ പണത്തിന്റെ അടിസ്ഥാന പാഠങ്ങളും മണി മാനേജ്മെന്റും പഠിക്കും. അത് അവരുടെ ഭാവി ഭദ്രമാകാൻ സഹായിക്കും.
2.പരിധി നിശ്ചയിക്കുക, പാലിക്കുക
എത്ര ശ്രമിച്ചിട്ടും ബജറ്റിങ് പിന്തുടരാൻ സാധിക്കാത്തവർക്ക് ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുക. ആദ്യംതന്നെ നിക്ഷേപത്തിനുള്ള തുക നീക്കിവയ്ക്കുക. ശേഷം ചെലവഴിക്കുന്ന ഓരോന്നിനും ഒരു പരിധിവയ്ക്കുക. ഉദാഹരണത്തിന് പുറത്തുനിന്നു ഭക്ഷണം കഴിക്കാൻ മാസം 1000 രൂപ നിശ്ചയിക്കുക. 1000 രൂപ ചെലവഴിച്ചുകഴിഞ്ഞാൽ പിന്നെ ആ മാസം പുറത്തുനിന്നു ഭക്ഷണം വേണ്ട എന്നുവയ്ക്കാൻ സാധിക്കണം. പറയാൻ എളുപ്പമാണെങ്കിലും ഇതു പിന്തുടരാൻ അൽപം പ്രയാസമാണ്. ഷോപ്പിങ് ഉൾപ്പെടെ എല്ലാക്കാര്യത്തിലും ഈ രീതി പിന്തുടരാം.
3.എല്ലാക്കാര്യങ്ങളും സ്വയം ഏറ്റെടുക്കേണ്ടതല്ല
ഇരുവർക്കും ജോലിയുണ്ടെങ്കിലും പലപ്പോഴും ദമ്പതികൾക്കിടയിൽ ആരെങ്കിലും ഒരാളായിരിക്കും സാമ്പത്തിക കാര്യങ്ങൾ ചെയ്യുന്നതും തീരുമാനം എടുക്കുന്നതും. ഇക്കൂട്ടത്തിൽപ്പെടുന്ന ആളാണ് നിങ്ങളെങ്കിൽ ഈ രീതി മാറ്റണം. പങ്കാളിയുമായി ചേർന്നു തീരുമാനങ്ങൾ എടുക്കണം. കാര്യങ്ങൾ അറിയില്ലെങ്കിൽ പറഞ്ഞുകൊടുക്കണം. കാരണം നാളെ ഒരു സമയത്ത് നിങ്ങളുടെ അഭാവത്തിൽ ഈ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവന്നാൽ പങ്കാളിക്ക് പിടിച്ചുനിൽക്കാൻ കഴിയാതെവരും.
4.തുടങ്ങാം ഇങ്ങനെ
ഇതുവരെ പണമൊന്നും സ്വരുക്കൂട്ടാൻ ശ്രമിക്കാത്തയാളാണ് നിങ്ങളെങ്കിൽ ആദ്യം ഹെല്‍ത്ത്–ലൈഫ് ഇൻഷുറൻസുകൾ എടുക്കുക. ശേഷം ബുദ്ധിമുട്ടില്ലാതെ ഒരു മാസം എത്രരൂപ മാറ്റിവയ്ക്കാൻ കഴിയും എന്നു കണക്കാക്കുക. മാസവരുമാനമുള്ളവർ കുറഞ്ഞത് 10 ശതമാനമെങ്കിലും മിച്ചംപിടിക്കണം. ദിവസക്കൂലിക്കാരാണെങ്കിൽ മൂന്നു ദിവസത്തെ കൂലിയെങ്കിലും നീക്കിവയ്ക്കാം.
നിക്ഷേപവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉണ്ടെങ്കിൽ മനോരമ സമ്പാദ്യവുമായി ബന്ധപ്പെടാം. വാട്സാപ്പ് : 9207749142. എല്ലാ വായനക്കാർക്കും സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ സാധിക്കട്ടെ, ആശംസകൾ.