ആദായ നികുതി നിരക്കില്‍ മാറ്റമില്ലെങ്കിലും നിങ്ങളുടെ നിക്ഷേപ പദ്ധതികള്‍ പുനരവലോകനം ചെയ്യണം
Mail This Article
ഓരോ തവണയും ബജറ്റിലെ പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിലാണ് പലരും അടുത്ത വര്‍ഷത്തേക്കുള്ള സാമ്പത്തിക ആസൂത്രണത്തിനു തുടക്കം കുറിക്കുക. ആദായ നികുതി സംബന്ധമായ പ്രഖ്യാപനങ്ങള്‍ക്കായി അവര്‍ കാത്തിരിക്കുന്നതും ഇതേ ഉദ്ദേശവുമായാണ്. ആദായ നികുതി നിരക്കുകളിലും വ്യവസ്ഥകളിലും മാറ്റങ്ങളില്ലാത്ത ഇടക്കാല ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചതെന്നതിനാല്‍ സാമ്പത്തിക ആസൂത്രണം കഴിഞ്ഞ വര്‍ഷത്തേതു പോലെ തുടരാം എന്നു കരുതാമോ? അതല്ല ശരിയായ രീതി.
നികുതി ആസൂത്രണത്തിന്റെ ഭാഗമായി ആദായ നികുതി ഇളവുകളും മറ്റ് വ്യവസ്ഥകളുമെല്ലാം ബുദ്ധിപൂര്‍വ്വം പ്രയോജനപ്പെടുത്തുന്നത് ശരി തന്നെ. പക്ഷേ, അതു മാത്രം അടിസ്ഥാനമാക്കിയായിരിക്കരുത് നിങ്ങളുടെ സാമ്പത്തിക ആസൂത്രണം. പഴയ രീതിയിലെ നികുതി നല്‍കുന്നവരാണ് ടാസ്‌ക് പ്ലാനിങ് ഇപ്പോള്‍ കൂടുതലായി നടത്തുന്നത്. നികുതി നിരക്കുകളില്‍ വ്യത്യാസമില്ല എന്നതിന്റെ പേരില്‍ അവര്‍ പോലും മുന്‍ വര്‍ഷത്തെ അതേ പദ്ധതികളുമായി മുന്നോട്ടു പോകരുത്.
ജീവിത സാഹചര്യങ്ങളിലെ മാറ്റം സുപ്രധാനം
കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബാംഗങ്ങളുടെ പ്രായത്തിന് അനുസരിച്ച് ആരോഗ്യ സേവന ചെലവുകളിലുണ്ടായതും ഇനി ഉണ്ടാകാന്‍ പോകുന്നതുമായ വര്‍ധനവ്, ദൈനംദിന ജീവിതത്തിലെ ചെലവുകള്‍, സാമ്പത്തിക ലക്ഷ്യങ്ങളിലുണ്ടായ മാറ്റങ്ങള്‍ എന്നിവയെല്ലാം വിശദമായി വിലയിരുത്തി മാത്രമായിരിക്കണം അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കേണ്ടത്.
കുട്ടികള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിലേക്കു കടക്കുകയാണെങ്കില്‍ അതനുസരിച്ച് വന്‍ മാറ്റങ്ങളാവും നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളിലുണ്ടാകുക. അതുപോലെ തന്നെ കുട്ടികളുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസകാലം കഴിഞ്ഞാലും മാറ്റങ്ങളുണ്ടാകും. ഇവയെല്ലാം വിശദമായി വിലയിരുത്തണം. വിദ്യാഭ്യാസ വായ്പകളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍, നിങ്ങളുടെ ഭവന വായ്പയിലെ പലിശ ഇനത്തില്‍ അടക്കേണ്ട തുകയിലുണ്ടാകുന്ന കുറവ്, വൈദ്യുത വാഹനങ്ങള്‍ വാങ്ങിയതു വഴി നികുതിയില്‍ ലഭിക്കുന്ന ഇളവ് തുടങ്ങി വിലയിരുത്താന്‍ നിരവധി ഘടകങ്ങള്‍ ഉണ്ടാകും.
ചെറിയ മാറ്റം കൂടുതൽ നേട്ടം
നിങ്ങളുടെ ശമ്പളത്തിലോ വരുമാനത്തിലോ ഉണ്ടാകുന്ന വര്‍ധനവാണ് മറ്റൊരു ഘടകം. പത്തു ലക്ഷം രൂപയ്ക്കടുത്ത് വാര്‍ഷിക വരുമാനമുള്ളവരാണെങ്കില്‍ ചെറിയൊരു വര്‍ധനവു പോലും അടുത്ത നികുതി സ്ലാബിലേക്കു പോകുന്ന ഫലമായിരിക്കും നല്‍കുക. അതു നിങ്ങളുടെ അറ്റ വരുമാനത്തില്‍ ചെറിയ കുറവും ഉണ്ടാക്കിയേക്കാം. ഇത്തരം ഘട്ടങ്ങളില്‍ നികുതി ആസൂത്രണത്തിന്റെ കാര്യത്തില്‍ ചെറിയൊരു വ്യത്യാസം വരുത്തിയാല്‍ ലാഭിക്കാനാവുന്നത് ഗണ്യമായ തുകയായിരിക്കും.
നികുതി ആസൂത്രണത്തില്‍ അടിസ്ഥാനമാക്കി മാത്രമായിരിക്കരുത് മൊത്തത്തിലെ സാമ്പത്തിക ആസൂത്രണം എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത.