ADVERTISEMENT

ഏതൊരു ധനമന്ത്രിയും ബജറ്റ് തയാറാക്കുമ്പോൾ മനസ്സിൽ  സൂക്ഷിക്കേണ്ട മൂന്നു കാര്യങ്ങളുണ്ട്. സാമ്പത്തികവളർച്ചയ്ക്ക് ശക്തിയും വേഗവും നൽകുക, സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക, ജീവിതത്തിന്റെ ഗുണമേന്മ കൂട്ടുക. പ്രത്യക്ഷത്തിൽ എളുപ്പമാണെന്നു തോന്നുമെങ്കിലും ഈ മൂന്നിനെയും കൂട്ടിയിണക്കി കൊണ്ടുപോകുക എന്നതു വിഷമകരമാണ്. തന്റെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് ധനമന്ത്രി അതിനു ശ്രമിച്ചിട്ടുണ്ടെന്നു പറയേണ്ടതുണ്ട്. എന്നാൽ അത് എത്രകണ്ടു വിജയിക്കുമെന്നതു കാലം തെളിയിക്കേണ്ടിയിരിക്കുന്നു. ധനമന്ത്രിമാർ എപ്പോഴും നടപ്പിലാക്കാൻ പറ്റുന്ന കാര്യങ്ങൾ മാത്രം പ്രഖ്യാപിക്കുകയും പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പിലാക്കുകയും വേണം. അപ്പോൾ മാത്രമേ ജനങ്ങൾക്കു ധനമന്ത്രിയിലും സർക്കാരിലും  വിശ്വാസമുണ്ടാവുകയുള്ളൂ. 

ബാലഗോപാലിന്റെ മൂന്നാമത്തെ ബജറ്റാണിത്. ലഭ്യമായ വിഭവങ്ങൾക്കുള്ളിൽനിന്നുകൊണ്ട് ഒരു ബജറ്റ് അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വിഭവങ്ങളുടെ അപര്യാപ്തത അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗത്തിലുടനീളം കാണാം. എങ്കിലും തന്റേത് മികച്ചൊരു ബജറ്റാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. 2023–’24  സാമ്പത്തികവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച എത്ര പദ്ധതികൾ നടപ്പിലാക്കിയെന്നോ എത്രയെണ്ണം  ആരംഭിച്ചെന്നോ എത്രയെണ്ണം ആരംഭിക്കാനുണ്ടെന്നോ അദ്ദേഹത്തിന്റെ പ്രസംഗത്തിൽനിന്നു വ്യക്തമല്ല.  

പുതിയ ബജറ്റിലെ വരുമാനവും ചെലവും

2024–’25 ലെ ബജറ്റ് മതിപ്പനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം വരുമാനവും ചെലവും 1,84,327.33 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനം 1,38,655.16 കോടി രൂപയാണ്. ഇതിൽ സംസ്ഥാനത്തിന്റെ വിഹിതം 84,883.51 കോടി രൂപയും കേന്ദ്രവിഹിതം 35,415 കോടി രൂപയുമാണ്. കേന്ദ്രവിഹിതം സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 25.54 ശതമാനമാണ്. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂച്ചെലവ് സംസ്ഥാനത്തിന്റെ മൊത്തം റവന്യൂവരുമാനത്തെക്കാൾ 27,846.05 കോടി രൂപ അധികമാണ്. ഇതാണു സംസ്ഥാനത്തിന്റെ റവന്യൂ കമ്മി. ഇതു സംസ്ഥാന ജിഡിപിയുടെ 2.12 ശതമാനമാണ്. സംസ്ഥാനത്തിന്റെ ധനക്കമ്മി 44,525.72 കോടി രൂപയാണ്. ഇതു സംസ്ഥാന ജിഡിപിയുടെ 3.41 ശതമാനമാണ്. സംസ്ഥാന ബജറ്റിലെ മൂലധനച്ചെലവ് 15,663.22 കോടി രൂപ മാത്രമാണ്. ഇതു സംസ്ഥാന ജിഡിപിയുടെ 1.19 ശതമാനമാണ്. ഇത്രയും കുറഞ്ഞ മൂലധനച്ചെലവ് സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം പകരുമെന്നു കരുതാൻ വയ്യ. 

മുൻ ബജറ്റുകളിലെന്നപോലെ സംസ്ഥാനത്തിന്റെ റവന്യൂച്ചെലവിലെ പ്രധാന ഇനങ്ങൾ ശമ്പളം, പെൻഷൻ, പലിശ എന്നിവയാണ്. കേരളത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 60.23 ശതമാനം ഈ മൂന്നിനങ്ങൾക്കായാണു വിനിയോഗിക്കുന്നത്. എന്നാൽ സംസ്ഥാനത്തിന്റെ മൊത്തം തനതു വരുമാനത്തിന്റെ 68.55 ശതമാനം ശമ്പളവും പെൻഷനും നൽകാനും 28.59 ശതമാനം പലിശ നൽകാനുമാണു വിനിയോഗിക്കുന്നത്. ഈ മൂന്നിനങ്ങളിലെയും ചെലവ് ഗണ്യമായി കുറയ്ക്കാതിരിക്കുന്നിടത്തോളം കാലം സംസ്ഥാനം പ്രതിസന്ധിയിൽനിന്നു പുറത്തുകടക്കില്ല. അതോടൊപ്പം തന്നെ നികുതി നികുതിയേതര വരുമാനങ്ങൾ കൂട്ടുന്നതിനുള്ള തീവ്രമായ ശ്രമം സർക്കാർ ഭാഗത്തുനിന്നുണ്ടാവണം. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള സാമ്പത്തിക നയങ്ങളെക്കാൾ ഇന്നാവശ്യം സാമ്പത്തിക വളർച്ചയും ജനക്ഷേമവും വച്ചുള്ള നയങ്ങൾക്കാണ്. 

സംസ്ഥാനത്തിന്റെ കടബാധ്യത

സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത കൂടിക്കൊണ്ടിരിക്കുകയാണ്. പുതിയ ബജറ്റിലെ കണക്കനുസരിച്ച് 2024 മാർച്ച് അവസാനിക്കുമ്പോൾ സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 4,02,634.15 കോടി രൂപയായിരിക്കും. ഇതു ബജറ്റ് മതിപ്പിനെക്കാൾ 5,530.10 കോടി രൂപ കുറവാണ്.  2025 മാർച്ചിലാകട്ടെ ഇതു 4,47,857 കോടി രൂപയാണ്. ഇതു സംസ്ഥാന ജിഡിപിയുടെ 34.15 % വരും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പള–ഡിഎ കുടിശ്ശികകൾ നൽകാഞ്ഞതാണ് കടം ഇത്ര കുറയാൻ കാരണം. 

പുതിയ ബജറ്റിൽ 120 കോടി രൂപയുടെ അധികച്ചെലവും 1067 കോടി രൂപയുടെ അധികവരുമാനവുമാണു കാണിച്ചിരിക്കുന്നത്.  

കഴിഞ്ഞകാല ബജറ്റുകളിൽനിന്നു ഭിന്നമായി സാമ്പത്തികനയത്തിൽ  അടിമുടി മാറ്റം കൊണ്ടുവരാനുള്ള ഒരു ശ്രമമാണ് ഈ ബജറ്റിൽ കാണുന്നത്. എല്ലാ മേഖലകളിലും സ്വകാര്യനിക്ഷേപം സ്വീകരിക്കുന്നതിനായി വാതിൽ തുറന്നിട്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസരംഗത്താണ് സ്വകാര്യവൽക്കരണം കൂടുതൽ ദൃശ്യമായി കാണുന്നത്. 

‘തകരില്ല കേരളം തളരില്ല കേരളം’ എന്നു ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും നടപ്പു സാമ്പത്തിക വർഷം ഇതുവരെയായി പദ്ധതിച്ചെലവ് അൻപതു ശതമാനത്തിനടുത്തേ വരുന്നുള്ളൂ. കഴിഞ്ഞ രണ്ടുമൂന്നു കൊല്ലത്തെ ബജറ്റ് പരിശോധിച്ചാൽ പ്രഖ്യാപിച്ച പദ്ധതികളിൽ നല്ലൊരു ശതമാനം നടപ്പിലാക്കിയിട്ടില്ലെന്നതാണു യാഥാർഥ്യം. നടപ്പിലാക്കാൻ പറ്റുന്ന പദ്ധതികൾ മാത്രം പ്രഖ്യാപിക്കുകയും പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കുകയുമാണു ചെയ്യേണ്ടിയിരുന്നത്. 

മൂന്നു വർഷത്തിനുള്ളിൽ മൂന്നു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്നാണു ബജറ്റിൽ പറയുന്നത്. 1698 കോടി രൂപയാണ് കാർഷികമേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നത്. ഇതു തികച്ചും അപര്യാപ്തമാണ്. റബറിന്റെ താങ്ങുവില പത്തു രൂപ കൂട്ടി 180 രൂപയാക്കിയത് റബർ കർഷകരോടു കാണിച്ച അനീതിയാണ്. തിരഞ്ഞെടുപ്പു മുന്നിൽ കണ്ടാണ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡിഎ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ക്ഷേമപെൻഷൻ കൃത്യമായി നൽകുന്നതിനു നടപടി എടുക്കുമെന്നു പറഞ്ഞ ധനമന്ത്രി പെൻഷൻ കൂട്ടുന്ന കാര്യത്തിൽ മൗനം പാലിക്കുകയാണുണ്ടായത്. 

ബജറ്റെന്നതു സർക്കാരിന്റെ വെറും ആയവ്യയ കണക്കല്ല. അത് ഒരു ജനതയുടെ ഭാവിയെയും രാഷ്ട്രത്തിന്റെ നിലനിൽപിനെയും കൂടി ബാധിക്കുന്നതാണ്. ബജറ്റിനെ ഒരു വാർഷിക അഭ്യാസമായി കാണാതെ ക്രിയാത്മകമായി സമീപിക്കുകയാണു വേണ്ടത്. 

പുതിയ കേന്ദ്രബജറ്റിൽ അതെത്രത്തോളമുണ്ടെന്നു സംശയമാണ്. 

ലേഖകന്‍ സാമ്പത്തിക വിദഗ്ധനാണ്

English Summary:

Kerala Budget in New Direction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com