ഇനി 34 ദിവസം മാത്രം! കുറഞ്ഞ സമയത്തിനുള്ളിൽ പരമാവധി ആദായ നികുതി ലാഭിക്കാന്‍ എന്തു ചെയ്യും?
Mail This Article
2023-24 സാമ്പത്തിക വര്‍ഷം നമ്മളെപ്പോലുള്ള സാധാരണക്കാര്‍ നല്കുന്ന ആദായ നികുതി 10.22 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക്. മുന്‍സാമ്പത്തിക വര്‍ഷം ഇത് 9.22 ലക്ഷം കോടി രൂപയായിരുന്നു. ബിസിനസ് സ്ഥാപനങ്ങള്‍ നല്കുന്ന ആദായ നികുതിയേക്കാള്‍ കൂടുതലായിരിക്കുകയാണ് സാധാരണ ജനങ്ങള്‍ നല്കുന്ന ആദായനികുതി. അതായത് ടാറ്റ, ബിര്‍ള, അംബാനി, അദാനി തുടങ്ങിയവരുടെ സ്ഥാപനങ്ങളേക്കാള്‍ കൂടുതല്‍ ആദായം നമ്മള് ഉണ്ടാക്കുന്നു എന്നര്‍ത്ഥം. എന്താല്ലേ.. ഈ നമ്മള് എന്നുപറയുമ്പോള്‍ അതില്‍ 21,000 രൂപ പ്രതിമാസം ശമ്പളം വാങ്ങുന്ന ഒരു പ്യൂണ്‍ മുതല്‍ ഉള്‍പ്പെടുന്നു.
വ്യക്തികളില്‍ നിന്നുള്ള ആദായ നികുതിയുടെ കാര്യത്തിലെ ഈ വന്‍ വര്‍ധനയ്ക്ക് കാരണം സാങ്കേതിവിദ്യയുടെ ഉപയോഗം, നിയമം ലളിതമാക്കിയത്, നികുതി നിരക്കുകളുടെ ഏകീകരണം മുതലായവയാണ് എന്നാണ് ധനമന്ത്രാലയം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. പക്ഷേ യഥാര്‍ത്ഥ കാരണം അതൊന്നുമല്ല എന്ന് അറിയാമല്ലോ.
നമ്മള് അന്ധമായി ആദായ നികുതി നല്കിക്കൊണ്ടിരിക്കുകയാണ്. ലഭ്യമായ ഇളവുകള്‍ പോലും നമ്മള് പ്രയോജനപ്പെടുത്തുന്നില്ല. നികുതി ആസൂത്രണം നടത്തുന്നില്ല. ആദായ നികുതി കിഴിവുകള്‍ ഉപയോഗിക്കുന്നില്ല. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ അത് ചെയ്യുന്നുണ്ട്. നല്ല വൃത്തിക്ക് ചെയ്യുന്നുണ്ട്.
ആ നില മാറണം. നമ്മളും ലഭ്യമായ ഇളവുകളും കിഴിവുകളും പ്രയോജനപ്പെടുത്തണം. നിയമം അനുശാസിക്കുന്ന എല്ലാ ലൂപ് ഹോളുകളും പ്രയോജനപ്പെടുത്തണം.
വേഗം തുടങ്ങിക്കോളു
നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള വരുമാനത്തിന് നികുതി ലാഭിക്കാനുള്ള ആസൂത്രണം ഇനിയും ആരംഭിച്ചിട്ടില്ലാത്തവര്‍ എത്രയും വേഗം അത് ആരംഭിക്കേണ്ട സമയമാണ് ഇനി മുന്നിലുള്ളത്. എത്ര നേരത്തെ ആസൂത്രണം ആരംഭിക്കുന്നോ അത്ര കൂടുതല്‍ നികുതി ലാഭിക്കാം അധികഭാരമില്ലാതെ. ആദായ നികുതി ആസൂത്രണം ആരംഭിക്കാന്‍ എത്ര വൈകുന്നോ അത്രയും സങ്കീര്‍ണമാകും കാര്യങ്ങള്‍. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. സമയമെല്ലാം കഴിഞ്ഞുപോയി എന്ന് ആകുലപ്പെടേണ്ട. ഈ സാമ്പത്തിക വര്‍ഷം ആദായ നികുതി പ്ലാന്‍ ചെയ്യാന്‍ ഇനിയും കിട്ടും 35 ദിവസം. എത്രയും വേഗം ഈ വര്‍ഷത്തെ ഏകദേശ മൊത്തവരുമാനം കണക്കാക്കി അതില്‍ നിന്ന് നികുതിബാധ്യത എത്രയെന്ന് കണ്ടെത്തണം. ഈ ബാധ്യത കുറയ്ക്കാന്‍ നിലവിലുള്ള ഏതൊക്കെ മാര്‍ഗങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാം എന്ന് കണ്ടെത്തണം. നികുതിയിളവിനായി നിയമം അനുശാസിക്കുന്ന ഒരു മാര്‍ഗം പോലും പ്രയോജനപ്പെടുത്താതെ വിട്ടുകളയരുത്. അതിന് നികുതിദായകരെ പ്രാപ്തരാക്കുന്ന, ആദായ നികുതി ലാഭിക്കാനുള്ള എളുപ്പവഴികള്‍ ലളിതമായി വിശദമാക്കുന്ന ഒരു സീരീസ് മനോരമ ഓണ്‍ലൈന്‍ വായനക്കാര്‍ക്കായി ആരംഭിക്കുകയാണ്. ഇന്നുമുതല്‍ എല്ലാ ദിവസവും വായിക്കാം.
∙2023-24 സാമ്പത്തികവര്‍ഷം എത്ര രൂപ വരെയുള്ള വരുമാനത്തിനാണ് നികുതി ബാധ്യതയെന്ന് ആദ്യം നോക്കാം.
∙രണ്ട് തരത്തിലുള്ള ആദായ നികുതി വ്യവസ്ഥയാണ് ഉള്ളത്. ഓള്‍ഡ് റെജിമും ന്യൂ റെജിമും.
∙നികുതി സ്ലാബിലും ഇളവുകളിലും കിഴിവുകളിലും റേറ്റിലും രണ്ട് രീതിയിലും വ്യത്യാസം ഉണ്ട്. ആദ്യം രണ്ട് വ്യവസ്ഥകളും വിശദമായി പരിശോധിക്കാം.
ഓള്‍ഡ് റെജിം
2.5 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ട. 2.5 ലക്ഷം രൂപമുതല്‍ അഞ്ചുലക്ഷം രൂപവരെയുള്ള വരുമാനത്തിന് അഞ്ച് ശതമാനമാണ് ആദായ നികുതി നിരക്ക്. എന്നാല്‍ അഞ്ച് ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതി കണക്കാക്കുമെങ്കിലും നികുതി തുക എത്രയാണോ അത്രയും തുക റിബേറ്റായി തിരികെ ആദായനികുതി വകുപ്പ് നികുതി ദായകന് നല്‍കും. അതായത് അഞ്ച് ലക്ഷം രൂപവരെയുള്ള വരുമാനത്തിന് ആദായ നികുതി നല്‍കേണ്ട. അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് 20 ശതമാനം ആദായ നികുതി നല്‍കണം. 10 ലക്ഷത്തിനുമേല്‍ വരുമാനത്തിന് നല്‍കേണ്ട ആദായ നികുതി വരുമാനത്തിന്റെ 30 ശതമാനമാണ്. അതായത് ആറ് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളയാള്‍ 20,000 രൂപയും 11 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളയാള്‍ 1.30 ലക്ഷം രൂപയും (1,00,000+30,000) ആദായ നികുതി നല്‍കണം.
നികുതി ബാധ്യത ഒറ്റനോട്ടത്തില്‍
∙അഞ്ച് ലക്ഷം രൂപവരെയുള്ള വരുമാനത്തിന് - നികുതി ഇല്ല
∙5 ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള വരുമാനത്തിന് - നികുതി 20 ശതമാനം
∙10 ലക്ഷത്തില്‍ കൂടുതലുള്ള വരുമാനത്തിന് - നികുതി 30 ശതമാനം
ന്യൂ റെജിം
∙3 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ട.
∙3 ലക്ഷം രൂപമുതല്‍ 6 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് അഞ്ച് ശതമാനമാണ് ആദായ നികുതി നിരക്ക്.
∙ആറ് ലക്ഷം മുതല്‍ 9 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് 10 ശതമാനം ആദായ നികുതി നല്‍കണം.
∙9 ലക്ഷം മുതല്‍ 12 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് 15 ശതമാനം ആദായ നികുതി നല്‍കണം.
∙12 ലക്ഷം മുതല്‍ 15 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് 20 ശതമാനം ആദായ നികുതി നല്‍കണം.
∙15 ലക്ഷം മുതലുള്ള വരുമാനത്തിന് 30 ശതമാനം നികുതി നല്‍കണം.
ഈ സാമ്പത്തിക വര്‍ഷത്തെ ശമ്പളവരുമാനക്കാരയ 60 വയസിന് താഴെ പ്രായമുള്ള ഇടത്തരക്കാരുടെ ആദായ നികുതി ബാധ്യത ഇത്രയുമാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി വേണം നികുതി ആസൂത്രണം ആരംഭിക്കാന്‍. പക്ഷേ പലരും അതിന് മിനക്കെടാറില്ലാത്തത് ചില അബദ്ധ ധാരണകള്‍ കാരണമാണ്. അതേക്കുറിച്ച് നാളെ.
(പെഴ്സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. സംശയങ്ങള്‍ ഇ മെയ്ല് ചെയ്യാം. jayakumarkk8@gmail.com)