പെട്ടെന്ന് പണം വേണോ? മ്യൂചല്‍ ഫണ്ട് ഈട് നൽകി ഡിജിറ്റല്‍ വായ്പ എടുക്കാം
Mail This Article
പെട്ടെന്ന് പണത്തിന് ആവശ്യം വന്നോ? ബാങ്കിൽ പോയി വായ്പ എടുക്കാമെന്ന് വച്ചാൽ നൂലാമാലകൾ കുറെയുണ്ട്. സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചുള്ള ഡിജിറ്റല്‍ വായ്പകള്‍ ഇപ്പോൾ ധാരാളമുണ്ട്. അതിൽ മ്യൂചല്‍ ഫണ്ട് യൂണിറ്റുകള്‍ ഈടു വെച്ചുള്ള ഡിജിറ്റല്‍ വായ്പകളും ലഭ്യമാണ്. ഇത്തരത്തിലെ ഡിജിറ്റൽ വായ്പ എടുക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കും. എങ്ങനെയെന്നല്ലേ?
കുറഞ്ഞ ചെലവിലെ ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ അണ്ടര്‍ റൈറ്റിങ് സൗകര്യങ്ങള്‍, മ്യൂചല്‍ ഫണ്ടുകളും ഓഹരികളും ഡിജിറ്റലായി പണയം വയ്ക്കാനുള്ള സൗകര്യം, പുതിയ പണമടക്കല്‍ രീതികള്‍ തുടങ്ങിയവ ഡിജിറ്റല്‍ വായ്പകള്‍ നേരിട്ടിരുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഗണ്യമായി കുറച്ചിട്ടുണ്ട്. ഇതാണ് മ്യൂചല്‍ ഫണ്ട് യൂണിറ്റുകളുടെ ഈടിന്‍മേലുള്ള വായ്പകള്‍ കൂടുതല്‍ പ്രചാരം നേടുന്നതിനു കാരണമായത്. ചെറിയ പട്ടണങ്ങളില്‍ കൂടുതല്‍ ലളിതമായും വിപുലമായും ഡിജിറ്റല്‍ വായ്പകള്‍ ലഭിക്കുന്നതിനും ഇത് അവസരമൊരുക്കിയിട്ടുണ്ട്.
ഓഫിസില്ലാതെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമെത്തിക്കാനാകുമെന്ന പ്രത്യേകതയുണ്ട്. മിറെ അസറ്റിന് അഞ്ഞൂറിലേറെ പട്ടണങ്ങളില്‍ നിന്നായി എണ്ണായിരത്തിലേറെ വായ്പാ അക്കൗണ്ടുകളാണ് മ്യൂചല്‍ ഫണ്ട് യൂണിറ്റുകളും ഓഹരികളും ഈടു വെച്ചു വായ്പ എടുക്കാനായി ആരംഭിച്ചിട്ടുള്ളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
പ്രത്യേകതകളിവയാണ്
∙വളരെ എളുപ്പത്തില്‍ പണയം വയ്ക്കാം. തന്നെയുമല്ല വായ്പ തിരിച്ചടച്ചു കഴിഞ്ഞാല്‍ അതേ വേഗത്തില്‍ പണയം എടുക്കാം.
∙വസ്തുവോ സ്വര്‍ണമോ പണയപ്പെടുത്തുന്നതു പോലുള്ള ബുദ്ധിമുട്ടുകളില്ല.
∙ഡിജിറ്റലായി എവിടെ ഇരുന്നു കൊണ്ടും മ്യൂചല്‍ ഫണ്ട് യൂണിറ്റുകള്‍ പണയം വെക്കാം.
∙എസ്‌ഐപികള്‍ കൂടുതല്‍ പ്രചാരം നേടുന്നതും ദീര്‍ഘകാല നിക്ഷേപകരുടെ എണ്ണം വര്‍ധിക്കുന്നതും അവസരമാണ്.
∙മ്യൂചല്‍ ഫണ്ടുകള്‍ വിൽക്കാതെ പണം സമാഹരിക്കാമെന്നതിനാൽ എന്നത് ഇവ പണയം വെക്കുന്ന പ്രവണതയേറുന്നുണ്ട്.
∙വേഗത, ലളിതമായ നടപടിക്രമങ്ങള്‍, പലിശ നിരക്ക് എന്നിവ ചെറിയ കാലത്തേക്കുള്ള വായ്പകള്‍ തേടുന്നവര്‍ക്കു മുന്നില്‍ ഈ വായ്പയെ പ്രിയങ്കരമാക്കുന്നു.
ലേഖകൻ മിറെ അസറ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും ഡയറക്ടറുമാണ്