ജാഗ്രത! നികുതി കുറയ്ക്കാൻ നടത്തുന്ന നിക്ഷേപം പണി തന്നേയ്ക്കും
Mail This Article
ആദായനികുതി ലാഭിക്കാനായി അവസാന നിമിഷം തിരക്കിട്ട് നടത്തുന്ന നിക്ഷേപങ്ങള്‍ നികുതി കുറയ്ക്കുന്നതിന് പകരം നികുതി കൂട്ടുന്നതിന് ഇടയാക്കിയേക്കും. അതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത ആവശ്യമാണ്. ഇതൊഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍:
1. ചില നിക്ഷേപങ്ങള്‍ നടത്തിയാല്‍ മുടക്കുന്ന തുകയ്ക്ക് ആദായ നികുതി ഇളവ് ലഭിക്കുമെന്ന് പലരും മനസിലാക്കുന്നതോ ഓര്‍ക്കുന്നതോ ഈ മാര്‍ച്ച് മാസത്തിലാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് പലരും ഇന്‍കം ടാക്സ് പ്ലാനിങ് ആരംഭിക്കുന്നത് തന്നെ. പിന്നെയൊരു പരക്കംപാച്ചിലാണ്. മിച്ചം പിടിച്ചതും കയ്യിലുള്ളതും കടംവാങ്ങിയതുമൊക്കെ ഉപയോഗിച്ച് നിക്ഷേപങ്ങള്‍ നടത്തും. പലതും തനിക്ക് ആവശ്യമുള്ളതാണോ സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുതകുന്നതാണോ എന്നൊന്നും ചിന്തിക്കാറില്ല. ഈ പതിവ് എല്ലാ വര്‍ഷവും ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
2. നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിന് മാനദണ്ഡമാക്കുന്നത് ആദായ നികുതി ലാഭം മാത്രമാകരുത്. ആദ്യം സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങള്‍ ഓരോന്നും ഏതൊക്കെയെന്ന് മുന്‍കൂട്ടി നിശ്ചയിക്കുക. ഓരോന്നും നിറവേറ്റാന്‍ എത്ര തുകവേണ്ടിവരുമെന്ന് കണക്കാക്കുക. അതിനായി മാസാമാസം എത്ര തുകവീതം തുടര്‍ച്ചയായി മിച്ചം പിടിച്ച് നിക്ഷേപിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുക. ഈ തുക വിവിധ നിക്ഷേപമാര്‍ഗങ്ങളിലായി തുടര്‍ച്ചയായി നിക്ഷേപിച്ചുകൊണ്ടിരിക്കുക. ഇത്തരത്തില്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുമ്പോള്‍ അവയില്‍ ഏതൊക്കെ ആദായ നികുതി ഇളവുകൂടി കിട്ടുന്ന മാര്‍ഗങ്ങളില്‍ ആകണമെന്ന് തീരുമാനിക്കുക. അങ്ങനെ ചെയ്താല്‍ ആദായ നികുതി ഇളവ് പരമാവധി നേടിയെടുക്കാന്‍ കഴിയും. ജീവിത അഭിലാഷങ്ങള്‍ നിറവേറ്റാനുള്ള പണം സമാഹരിക്കാനും കഴിയും.
3. ഇങ്ങനെ ചെയ്തില്ലെങ്കില്‍ നികുതി ലാഭിക്കാനായി നടത്തുന്ന നിക്ഷേപങ്ങള്‍ തന്നെ നികുതി ബാധ്യത കൂട്ടുന്ന രീതിയിലാകും. എല്ലാവരും ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന നിക്ഷേപ മാര്‍ഗമാണ് സ്ഥിരനിക്ഷേപ പദ്ധതികള്‍. പലിശ വരുമാനം ഉറപ്പായും കിട്ടും. അതുകൊണ്ട് ആദായ നികുതി ലാഭിക്കാനും പലരും ഇത്തരത്തിലുള്ള സ്ഥിര നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നു. പബ്ലിക് പ്രോവിഡന്റ് ഫണ്ട് ഒഴികെയുള്ള ഒട്ടു മിക്ക സ്ഥിര നിക്ഷേപ പദ്ധതികളിലും നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന് നികുതി ബാധ്യത വരും എന്ന കാര്യം പലരും വിസ്മരിക്കുന്നു. അതായത് ഇത്തരം നിക്ഷേപങ്ങള്‍ കാലവധി പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടം വരുമാനമായി കണക്കാക്കും. ചില നിക്ഷേപങ്ങളിലാകട്ടെ മുടക്കുന്ന തുകയ്ക്ക് നികുതി ഇളവ് ലഭിക്കുന്നതുകൊണ്ട് അത് തിരികെ കിട്ടുമ്പോള്‍ വരുമാനമായി കണക്കാക്കി നികുതി ചുമത്തുകയും ചെയ്യും. ഫലത്തില്‍ ഒരിളവും ലഭിക്കാത്ത സ്ഥിതിയിലാകും കാര്യങ്ങള്‍. അതുകൊണ്ട് സാമ്പത്തിക ലക്ഷ്യങ്ങള്‍ മനസില്‍വെച്ച് അത് നിറവേറ്റാനുള്ള ഒരു നിക്ഷേപ തന്ത്രമാണ് ആദായ നികുതി ലാഭിക്കുന്ന കാര്യത്തിലും പിന്തുടരേണ്ടത്.
4. സ്ഥിര നിക്ഷേപവും ഓഹരി അധിഷ്ഠിത നിക്ഷേപവും സ്വര്‍ണവും എല്ലാം ചേര്‍ന്ന സന്തുലിതമായ നിക്ഷേപ ശീലമാണ് ഓരോരുത്തരും വളര്‍ത്തിയെടുക്കേണ്ടത്.
5. എല്ലാ തുകയും എതെങ്കിലും ഒരു മാര്‍ഗത്തില്‍ മാത്രമായി നിക്ഷേപിക്കരുത്.
6. നിക്ഷേപിച്ചാല്‍ മാത്രമല്ല ആദായ നികുതി ഇളവ് ലഭിക്കുക. മെഡിക്ലെയിം പോളിസി പോലുള്ളവ വാങ്ങിയാല്‍ അതിനും ഇളവ് ലഭിക്കും.
7. ഏത് നിക്ഷേപമാര്‍ഗം തിരഞ്ഞെടുക്കുമ്പോഴും അത് സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള പരിശ്രമങ്ങളെ സഹായിക്കുന്നതാണ് എന്നുറപ്പാക്കണം.
8. നാണ്യപ്പെരുപ്പ നിരക്കിനെയും മറികടക്കുന്ന നേട്ടം തരുന്ന മാര്‍ഗങ്ങളെ ഉറപ്പായും നിക്ഷേപ ശ്രേണിയില്‍ ഉള്‍പ്പെടുത്തണം.
9. എല്ലാം അവസാനത്തേക്ക് വയ്ക്കാതെ കഴിയുന്നത്ര നേരത്തെ ആദായ നികുതി പ്ലാനിങ് ആരംഭിക്കണം.
10. ഇടനിലക്കാര്‍, ഏജന്റുമാര്‍, അഡ്വൈസര്‍മാര്‍ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തുന്നതില്‍ തെറ്റില്ല. പക്ഷേ നിക്ഷേപ തീരുമാനങ്ങള്‍ സ്വയം എടുക്കണം. ലാഭ സാധ്യത സ്വയം ബോധ്യപ്പെട്ടാല്‍ മാത്രമേ അതിനെ അടിസ്ഥാനമാക്കി നിക്ഷേപം നടത്താവൂ.
(പെഴ്സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ് മെൻററും ആണ് ലേഖകൻ. സംശയങ്ങൾ ഇ മെയ്ൽ ചെയ്യാം. jayakumarkk8@gmail.com )