ADVERTISEMENT

മകൻ തരുന്ന തുകയ്ക്കു ആദായ നികുതി അടയ്ക്കണോ?

1. ദുബായിൽ ജോലി‌കിട്ടിയ മകൻ ഒരു വർഷമായി എനിക്കു മാസം 25,000 രൂപ അയയ്ക്കുന്നുണ്ട്. അതിനു പുറമെ മരിച്ചു‌പോയ ഭർത്താവിന്റെ പെൻഷനായി 10,500 രൂപയോളം മാസവരുമാനവുമുണ്ട്. ഇനി‌മുതൽ ആദായനികുതി അടയ്ക്കേണ്ടി‌വരുമെന്ന് അടുത്തൊരു ബന്ധു പറയുന്നു. എങ്കിൽ ബാധകമായ നികുതി എത്രയാണ്? അതു ഞാൻ എങ്ങനെ, എവിടെ അടയ്ക്കണം എന്നും വിശദമാക്കിത്തരണമെന്ന് അഭ്യർഥിക്കുന്നു. നബീസ, മഞ്ചേരി

Representative Image. Photo Credit: Atstock Productions / istockphotos.com
Representative Image. Photo Credit: Atstock Productions / istockphotos.com

വകുപ്പ് 56‌ൽ പറഞ്ഞിട്ടുള്ള ചില അടുത്ത ബന്ധുക്കളിൽനിന്നും ലഭിക്കുന്ന തുകകൾക്കുമേൽ തുക കൈപ്പറ്റുന്ന ആൾക്ക് നികുതി ബാധ്യത ഇല്ല.മക്കൾ ഇതിൽ ഉൾപ്പെടുന്നതിനാൽ അവർ തരുന്ന തുകകൾക്കുമേൽ തുക ലഭിക്കുന്നയാൾക്ക് നികുതി ബാധ്യതയില്ല. അതിനാൽ ദുബായിൽ‌നിന്നു മകൻ അയയ്ക്കുന്ന തുക പൂർണമായും നികുതി വിമുക്തമായതിനാൽ താങ്കളുടെ മൊത്ത‌വരുമാനത്തിൽ ഉൾപ്പെടുത്തേണ്ടതില്ല. ഈ തുക ഒഴികെയുള്ള താങ്കളുടെ ഒരു സാമ്പത്തിക വർഷത്തെ മൊത്ത വരുമാനം താങ്കൾക്കു ബാധകമായ അടിസ്ഥാന കിഴിവിൽ (3 ലക്ഷം രൂപ) കുറവായതിനാൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള ബാധ്യതയില്ല.

2. ജാതിയും കുരുമുളകും വിറ്റ തുകയ്ക്ക് നികുതി ഉണ്ടോ? 

ഇൻകം ഫ്രം അദർ സോഴ്സ് എന്നതിൽ ഉൾപ്പെടുന്നവ ഏതെല്ലാം? നാട്ടിൽ തിരിച്ചെത്തിയ ശേഷം വാങ്ങിയ സ്ഥലത്തെ ജാതി, നാളികേരം, കുരുമുളക് എന്നിവ വിറ്റപ്പോൾ ഈ വർഷം 5 ലക്ഷം രൂപയോളം കിട്ടി. ഇതിനു ഞാൻ നികുതി കൊടുക്കണോ? എത്രയാണ് നിരക്ക്? ഏതു ഹെഡ്സിലാണ് അതു കാണിക്കേണ്ടത്?  ജേക്കമ്പ് കുരുവിള ,വയനാട്

ശമ്പളം, വാടക‌വരുമാനം, ബിസിനസ് വരുമാനം, മൂലധന‌നേട്ടം അഥവാ ക്യാപിറ്റൽ ഗെയിൻസ് എന്നീ വരുമാന ഗണങ്ങളിൽ ഉൾപ്പെടാത്ത വരുമാനങ്ങളെയാണ് ‘ഇൻകം ഫ്രം അദർ സോഴ്സസ്’ എന്നതിൽ ഉൾപ്പെടുത്തേണ്ടത്.

Black pepper (Image credit: Khunaoy/ShutterStock)
Black pepper (Image credit: Khunaoy/ShutterStock)

വകുപ്പ് 2(1A) പ്രകാരമുള്ള കാർഷിക വരുമാനത്തിന്റെ (agricultural income) നിർവചന പ്രകാരം ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന, കൃഷിക്കായി വിനിയോഗിക്കപ്പെടുന്ന ഭൂമിയിൽ കൃഷി ചെയ്തു ലഭിക്കുന്ന വരുമാനം കൃഷിയിൽ‌നിന്നുമുള്ള വരുമാനം എന്ന‌നിലയ്ക്ക് വകുപ്പ് 10 (1) പ്രകാരം പൂർണമായും നികുതി വിമുക്തമാണ്.

എന്നാൽ താമസ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന സ്‌ഥലത്തു കൃഷി ചെയ്തു ലഭിക്കുന്ന വരുമാനത്തിന്മേൽ നികുതി‌ബാധ്യത ഉണ്ട്. ‘ഇൻകം ഫ്രം അദർ സോഴ്സസ്’ എന്ന വരുമാനഗണത്തിനടിയിൽ ഉൾപ്പെടുത്തി മറ്റു വരുമാനങ്ങളുടെ‌കൂടെ ചേർത്ത് മൊത്ത വരുമാനം കണക്കാക്കി ആ മൊത്ത വരുമാനത്തിന്മേൽ വ്യക്തികൾക്കു ബാധകമായ സ്ലാബ് റേറ്റ് പ്രകാരം ആണ് നികുതി‌ബാധ്യത കണക്കാക്കേണ്ടത്.

3. ടൂൾസ് വാടകയ്ക്ക് നൽകുന്നതിന് നികുതി അടയ്ക്കണോ?

വിവിധയിനം പണിയായുധങ്ങൾ വാടകയ്ക്കു നൽകുന്ന ഞാൻ ആദായനികുതി കൊടുക്കാനും റിട്ടേൺ നൽകാനും ബാധ്യസ്ഥനാണോ? ഏത് ഇനത്തിലാണ് ഈ വരുമാനം കാണിക്കേണ്ടത്? ഏതെല്ലാം ചെലവുകൾ ഈ വരുമാനത്തിൽ നിന്നു കുറയ്ക്കാം പണിയായുധങ്ങളുടെ വാടക വരുമാനവും മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിൽ അവയും ഉൾപ്പെടുന്ന താങ്കളുടെ ഒരു സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം കണക്കാക്കുക. അതു താങ്കൾക്കു ബാധകമായ അടിസ്ഥാന കിഴിവിലും കൂടുതലാണെങ്കിൽ റിട്ടേൺ ഫയൽ ചെയ്യുവാനുള്ള ബാധ്യതയുണ്ട്.

Representative image. (Photo: Image Store 1977/shutterstock)
Representative image. (Photo: Image Store 1977/shutterstock)

പണിയായുധങ്ങൾ വാടകയ്ക്കു നൽകുന്നതിൽ‌നിന്നുമുള്ള ലാഭം താങ്കളുടെ ബിസിനസ് വരുമാനമായി റിട്ടേണിൽ വെളിപ്പെടുത്താവുന്നതാണ്. ലാഭം കണക്കാക്കുമ്പോൾ പണിയായുധങ്ങളുടെ തേയ്മാനച്ചെലവും (depreciation), ബിസിനസിനോട് അനുബന്ധിച്ചു വരുന്ന മറ്റു ചെലവുകളും വരുമാനത്തിൽ‌നിന്നു കുറയ്ക്കാം.

4. പിതാവിന്റെ ചികിത്സാച്ചെലവിന് കിഴിവു കിട്ടുമോ?   

എന്റെ പേരിലുള്ള ഫാമിലി ഫ്ലോട്ടർ പോളിസിയിൽ ഉള്ള പിതാവിന്റെ ചികിത്സാ ചെലവായിവന്ന 94,000 രൂപയുടെ ബില്ലിൽ 62,000 എനിക്കു ക്ലെയിം കിട്ടി. ബാക്കി തുകയായ 32,000 രൂപാ എനിക്ക് സെക്‌ഷൻ 80 D പ്രകാരം കിഴിവു ലഭിക്കുമോ?bജെറി, തൊടുപുഴ 

 60 വയസ്സു തികഞ്ഞ, മുതിർന്ന പൗരനായ താങ്കളുടെ പിതാവിന്റെ ചികിത്സാ ച്ചെലവ് വകുപ്പ് 80 ഡി‌യുടെ അടിയിൽ താങ്കൾക്കു കിഴിവായി ലഭിക്കണമെങ്കിൽ, അദ്ദേഹത്തിന്റെ പേരിൽ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നുണ്ടാവരുത് എന്ന നിബന്ധനയുണ്ട്.

ഫാമിലി ഫ്ലോട്ടർ പോളിസിയിൽ ഉൾപ്പെടുത്തി അദ്ദേഹത്തിനു വേണ്ടിയും ഇൻഷുറൻസ് പ്രീമിയം താങ്കൾ അടയ്ക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ അദ്ദേഹത്തിന്റെ ചികിത്സാച്ചെലവുകൾക്കു വകുപ്പ് 80 ഡിയുടെ അടിയിൽ കിഴിവ് ലഭ്യമല്ല. അതായത് ഇൻഷുറൻസ് ക്ലെയിം കിട്ടാത്ത 32,000 രൂപ വകുപ്പ് 80 ഡിയിൽ കിഴിവായി ലഭ്യമല്ല.

Image Credit: onurdongel/istockphoto.com
Image Credit: onurdongel/istockphoto.com

5. ഇ–കാർ വാങ്ങി, ഏത് ഇനത്തിൽ  കിഴിവു ലഭിക്കും

ഈ ജനുവരിയിൽ 10 ലക്ഷം രൂപയോളം വായ്പ എടുത്ത് ഒരു ഇലക്ട്രിക് കാർ വാങ്ങി. ഇതിൽ എനിക്ക് ഏത് ഇനത്തിൽ എത്ര രൂപ‌വരെ ആദായനികുതി ഇളവായി ക്ലെയിം ചെയ്യാം? എത്ര വർഷം ക്ലെയിം ചെയ്യാം? മനോജ് കുമാർ, നെടുമങ്ങാട്

വകുപ്പ് 80 EEB പ്രകാരം ഇലക്ട്രിക് വാഹനം വാങ്ങുന്നതിനായി ബാങ്കിൽ നിന്നോ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനിയിൽ (NBFC)നിന്നോ എടുത്ത വായ്പയുടെ പലിശത്തുക മൊത്ത വരുമാനത്തിൽ നിന്നു കുറയ്ക്കാം. ഇത് ഒരു സാമ്പത്തിക‌വർഷം 1,50,000 രൂപ എന്ന പരിധിക്കു വിധേയമാണ്. 2019 ഏപ്രിൽ ഒന്നു‌മുതൽ 2023 മാർച്ച്‌ 31 വരെയുള്ള കാലയളവിൽ അനുവദിച്ച വായ്പ ആയിരിക്കണം എന്ന നിബന്ധനയും ബാധകമാണ്.

Image Credit:Vacharapong Wongsalab/istockphoto.com
Image Credit:Vacharapong Wongsalab/istockphoto.com

6  വീടിന്റെ അറ്റകുറ്റപ്പണിക്കെടുത്ത വായ്പയ്ക്ക് 80 സി ഇളവു ലഭിക്കുമോ‌?

ഭവനവായ്പ എടുത്ത് പണിത വീട്ടിൽ ഇപ്പോൾ ചില മാറ്റങ്ങൾ വേണ്ടി വന്നിരിക്കുന്നു. അതിനായി എടുക്കുന്ന വായ്പയ്ക്ക് 80 സിയിൽ ഇളവു നേടാനാകുമോ? പലിശയ്ക്കും ഇളവു‌കിട്ടില്ലേ? ശ്രീദേവി  വാര്യർ , പാലക്കാട് 

താങ്കൾ വാടകയ്ക്കു കൊടുക്കാതെ സ്വന്തം ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന വീടിനെ സംബന്ധിച്ചാണ് ചോദ്യം ചോദിക്കുന്നത് എന്ന അനുമാനത്തിലാണ് ഉത്തരം നൽകുന്നത്. വകുപ്പ് 80C യുടെ അടിയിൽ വീടു വാങ്ങുന്നതിനോ നിർമിക്കുന്നതിനോ‌വേണ്ടി എടുക്കുന്ന ഭവന‌വായ്പയുടെ മുതൽ തിരിച്ചടവ് കിഴിവായി അവകാശപ്പെടാം. എന്നാൽ വീടിന്റെ അറ്റകുറ്റപ്പണികൾക്കായി എടുക്കുന്ന വായ്പയുടെ മുതൽ തിരിച്ചടവു കിഴിക്കാനാകില്ല. അറ്റകുറ്റപ്പണികൾക്കായി എടുക്കുന്ന വായ്പയുടെ പലിശ ‘ഇൻകം ഫ്രം ഹൗസ് പ്രോപ്പർട്ടി’ എന്ന വരുമാന ഗണത്തിനടിയിലെ കിഴിവായി പരമാവധി 30,000 രൂപവരെ അവകാശപ്പെടാവുന്നതാണ്.

7. ഒരു ലക്ഷത്തിന്റെ കിഴിവിന് മൂച്വൽ ഫണ്ടും ഓഹരിയും ഒന്നിച്ചാണോ പരിഗണിക്കുക?

എനിക്ക് ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില ആദായനികുതി സംശയങ്ങൾക്കാണ് ഉത്തരം വേണ്ടത്.  ദീർഘകാല മൂലധനനേട്ടത്തിന് ഒരു വർഷം ഒരു ലക്ഷം രൂപ വരെ ഒഴിവുണ്ട് എന്നറിയാം. ഇത് ഓഹരിക്കും മ്യൂച്വൽ ഫണ്ടിനും ചേർത്താണോ? അതോ രണ്ടിനും പ്രത്യേകമാണോ? ഹ്രസ്വകാലം എന്നത് എത്രയാണ്? 

∙ഇടയ്ക്ക് നല്ല നേട്ടം കിട്ടുമ്പോൾ ഒരു വർഷത്തിനകം‌തന്നെ ചിലപ്പോൾ ഓഹരി വിൽക്കാറുണ്ട്. ഇതിന് ആദായനികുതി എങ്ങനെയാണ് കണക്കാക്കുന്നത്? ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമാക്കാമോ? മോഹൻ കുമാർ, തിരുവല്ല

ഓഹരിക്കും മ്യൂച്വൽ ഫണ്ടിനുംകൂടെ ചേർത്താണ് വകുപ്പ് 112A പ്രകാരമുള്ള ഒരു ലക്ഷം രൂപയുടെ കിഴിവ്. ഓഹരിക്കും മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾക്കും പ്രത്യേകം ഒരു ലക്ഷം രൂപ വീതം കിഴിവ് ലഭ്യമല്ല.സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളെയും ഓഹരി അധിഷ്ഠിത ഫണ്ടുകളുടെയും കാര്യത്തിൽ, വാങ്ങിയ തീയതി മുതൽ 12 മാസം വരെയുള്ള സമയമാണ് ഹ്രസ്വകാലമായി കണക്കാക്കേണ്ടത്. വാങ്ങിയ തീയതി മുതൽ 12 മാസത്തിൽ കൂടുതൽ കൈവശം വച്ചശേഷം വിറ്റാൽ കിട്ടുന്ന നേട്ടത്തെ/ നഷ്ടത്തെ ദീർഘകാല നേട്ടം/ നഷ്ടം ആയി കണക്കാക്കണം.

12 മാസത്തിനുള്ളിൽ വിറ്റാലുള്ള ലാഭത്തെ ഹ്രസ്വകാല മൂലധന നേട്ടമായും കണക്കാക്കണം. വിറ്റ വിലയും വാങ്ങിയ വിലയും തമ്മിലുള്ള വ്യത്യാസമാണ് ലാഭം. വിൽപനയോടനുബന്ധിച്ചുള്ള ചെലവുകളും വിൽപനത്തുകയിൽ നിന്നു കുറയ്ക്കാം. വകുപ്പ് 111A പ്രകാരം എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെയും ഇക്വിറ്റി ഫണ്ടുകളുടെയും ഹ്രസ്വകാല മൂലധന നേട്ടത്തിന് 15% ആണ് നികുതി ബാധ്യത. ലിസ്റ്റ് ചെയ്യാത്ത ഓഹരി, ഇക്വിറ്റി ഫണ്ട്‌, ഡെറ്റ് ഫണ്ട് എന്നിവയുടെ കാര്യത്തിൽ 12 മാസത്തിനു പകരം 36 മാസം ആണ് സമയപരിധി. അതായത് 36 മാസം‌വരെ ഹ്രസ്വകാലവും അതിൽ കൂടിയാൽ ദീർഘകാലവുമായി കണക്കാക്കണം.

     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com