യുവദമ്പതികൾ ചോദിക്കുന്നു, 31,000 രൂപ വരുമാനത്തിൽ എങ്ങനെ ജീവിതലക്ഷ്യങ്ങൾ നേടും?
Mail This Article
ചോദ്യം: എനിക്കും ഭാര്യയ്ക്കും 26 വയസ്സാണ്. രണ്ടുപേരും അക്കൗണ്ടന്റ്മാരാണ്. ഇരുവർക്കും കൂടി 31,000 രൂപയാണ് മാസം ശമ്പളമായി ലഭിക്കുന്നത്. എനിക്ക് 16,000 ഉം ഭാര്യയ്ക്ക് 15,000 ഉം. ഭാര്യയെ കൂടാതെ അച്ഛനും (62) അമ്മയുമാണ് (60) ഉള്ളത്. എൻബിഎഫ്സി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എനിക്ക് എല്ലാ വര്‍ഷവും 1500 രൂപ വീതം ശമ്പളവർധനവുണ്ട്.
മാസചെലവ്/ നിക്ഷേപം/ ആസ്തി
1. വീട്ടുചെലവ് – 12,000
2. ചിട്ടി – 5000 രൂപ, ഒരു ലക്ഷത്തിന്റെ പിടിക്കാത്ത ഈ ചിട്ടി ഡിസംബറിൽ തീരും.
3. എൽഐസി–ജീവൻ ആനന്ദ് (മാസം 2000 രൂപ)– പ്രതീക്ഷിച്ച നേട്ടമില്ലാത്തതിനാൽ മൂന്നു വർഷത്തിനുശേഷം സറണ്ടർ ചെയ്യാൻ ഉദ്ദേശിക്കുന്നു.
4. മാസത്തിലൊരിക്കൽ പുറത്തുപോയി ഭക്ഷണം കഴിക്കുകയും സിനിമ കാണുകയും ചെയ്യും.
5. സ്വന്തമായി വീടുണ്ട്, 6 ലക്ഷം രൂപയുടെ സ്വർണം, 2 ലക്ഷം രൂപ സേവിങ്സ് (അതു നാട്ടിൽ പൂരഫണ്ടിൽ ഇട്ടിരിക്കുകയാണ്. മാസം 3000 രൂപ ലഭിക്കും).
ലക്ഷ്യങ്ങൾ
1. കുടുംബത്തിനുവേണ്ടി ആരോഗ്യ ഇൻഷുറൻസും എനിക്ക് ടേം ഇൻഷുറൻസും ഉണ്ട്.
2. എത്രയും വേഗം ഒരു സെക്കൻഡ് ഹാൻഡ് കാർ (3 ലക്ഷം വരെ) വാങ്ങണം.
3. 3 വർഷത്തിനു ശേഷം വീട്ടിൽ ഒരു ബെഡ്റൂം എടുക്കണം (1.5–2 ലക്ഷം ചെലവു കണക്കാക്കുന്നു).
4.യാത്രപോവാൻ വർഷത്തിലൊരിക്കൽ ഒരു തുക ഉറപ്പാക്കണം.
5. 2025ൽ ഒരു കുട്ടി വേണമെന്നാണ്. ഭാര്യയ്ക്ക് മൂന്നു മാസമാണ് പ്രസവാവധി ലഭിക്കുക. പ്രസവത്തിനു ശേഷം 6 മാസത്തോളം ജോലിക്കു പോവാതിരുന്നാലുള്ള ചെലവിലേക്കു ചിട്ടിപിടിച്ചു കിട്ടുന്ന ഒരു ലക്ഷം രൂപ നീക്കിവയ്ക്കാനാണ് പ്ലാൻ.
6. രണ്ടു കുട്ടികൾ വേണമെന്നാണ് ആഗ്രഹം. അവരുടെ വിദ്യാഭ്യാസം, വിവാഹം എന്നിവ മുന്നിൽ കണ്ടു പണം സ്വരുക്കൂട്ടണം.
7. റിട്ടയർമെന്റിനായി പറ്റുന്ന ഒരു തുക കണ്ടെത്തണം (45–50 വയസ്സിൽ വേണമെന്നാണ് ആഗ്രഹം. അതു സാധിക്കുമോ?).
മറുപടി: ഏകദേശം കരിയറിന്റെ തുടക്കത്തിൽതന്നെ സാമ്പത്തികാസൂത്രണം നടത്താനുള്ള തീരുമാനത്തെ ആദ്യംതന്നെ അഭിനന്ദിക്കട്ടെ. നല്ല രീതിയിൽ സാമ്പത്തികാസൂത്രണം നടത്തി അതനുസരിച്ചു മുന്നോട്ടുപോകാനായാൽ ജീവിതലക്ഷ്യങ്ങൾ യഥാസമയം സഫലീകരിക്കാൻ സാധിക്കും. രണ്ടുേപരും ഒരേ രീതിയിൽ ജോലി ചെയ്യുന്നവരായതുകൊണ്ടു പരസ്പരമുള്ള വരുമാനത്തെ ആശ്രയിച്ചു മുന്നോട്ടുപോകേണ്ടതായിട്ടുണ്ട്. അതുകൊണ്ടു 50 ലക്ഷം രൂപയുടെയെങ്കിലും ടേം ഇൻഷുറൻസ് രണ്ടുേപരും എടുക്കണം. ഭാവിയിൽ നിങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം കൂടും എന്നത് ഇവിടെ പ്രധാനമാണ്.
നിലവിൽ താങ്കൾക്ക് മറ്റു വായ്പ ബാധ്യതകൾ ഇല്ലെന്നതു നല്ല കാര്യമാണ്. പക്ഷേ, അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു എമർജൻസി ഫണ്ട് നീക്കിവയ്ക്കേണ്ടതുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ ഇപ്പോഴുള്ള വരുമാനത്തിൽ ഇടിവുണ്ടായാൽ ജീവിതച്ചെലവുകളും മറ്റ് ഒഴിവാക്കാനാവാത്ത തിരിച്ചടവു തുകകളും മുടക്കം കൂടാതെ ആറു മാസമെങ്കിലും അടയ്ക്കാനുള്ള തുകയാണ് നാം കരുതിവയ്ക്കേണ്ടത്. താങ്കളുടെ കാര്യത്തിൽ 50,000 രൂപയെങ്കിലും ഇതിനു നീക്കിവയ്ക്കുന്നതു നന്നായിരിക്കും. ചിട്ടിപിടിച്ചു കിട്ടുന്ന തുകയിൽനിന്ന് ഈ തുക മാറ്റിവയ്ക്കാം.
ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിൽ തൽക്കാലം പുതിയത് എടുക്കണമെന്നില്ല. ഇല്ലെങ്കിൽ കുറഞ്ഞത് രണ്ടു ലക്ഷം രൂപയുടെ പരിരക്ഷ എടുക്കണം. ടേം ഇൻഷുറൻസിനും മെഡിക്കൽ ഇൻഷുറൻസിനുമായി 2000–3000 രൂപവരെ മാസം നീക്കിവയ്ക്കേണ്ടി വന്നേക്കാം. പക്ഷേ, ഒരു സാഹചര്യം ഉണ്ടായാൽ അതുവരെ സമാഹരിച്ച സമ്പാദ്യം ഉപയോഗിക്കാതെതന്നെ തുക കണ്ടെത്താനാകും എന്നതാണ് ഇൻഷുറൻസ് പരിരക്ഷയുടെ മികവ്. ഒരു സാമ്പത്തിക ആസൂത്രണം നടത്തുമ്പോൾ ഇക്കാര്യങ്ങൾ എല്ലാം ആദ്യംതന്നെ ചെയ്യേണ്ട കാര്യങ്ങളാണ്.
മിച്ചംപിടിക്കുന്നത് 16,500
രണ്ടു പേർക്കുംകൂടി ആകെ വരുമാനം 31,000 രൂപയാണ്. ഇതിൽനിന്നു ജീവിതച്ചെലവുകൾക്ക് 12,000 രൂപയും പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിനും മറ്റുമായി 1,500 രൂപ നീക്കിയാൽ ബാക്കി 13,500 രൂപ നിക്ഷേപത്തിനായി ഉണ്ടാവും. ഇതിനോടൊപ്പം പൂരഫണ്ടിലെ രണ്ടുലക്ഷം രൂപയിൽനിന്നു ലഭിക്കുന്ന 3,000 രൂപകൂടി േചർത്താൽ ആകെ 16,500 രൂപ മാസം മിച്ചംപിടിക്കാനാവുന്നുണ്ട് എന്നത് നല്ല കാര്യമാണ്. ഇതിൽനിന്ന് അടുത്ത ഡിസംബർവരെ ചിട്ടി അടവിലേക്കു 5,000 രൂപയും ഇൻഷുറൻസിലേക്കുള്ള (എൽഐസി) 2,000 രൂപയും നീക്കിയാൽ ബാക്കി 9,500 രൂപ ഉണ്ടാവും മിച്ചം. ഇനി എടുക്കാൻപോകുന്ന േടം, മെഡിക്കൽ ഇൻഷുറൻസുകൾക്കായി 3,000 രൂപ നീക്കിയാൽ 6,500 രൂപ പുതിയ നിക്ഷേപങ്ങൾക്കായി നീക്കിവയ്ക്കാം.
കാർ വാങ്ങാൻ
എത്രയും വേഗം സെക്കൻഡ് ഹാൻഡ് കാർ വാങ്ങാനാണല്ലോ ഉദ്ദേശിക്കുന്നത്. ഇതിനായി ചിട്ടി, സേവിങ്സ് അക്കൗണ്ടിലെ തുക എന്നിവ വിനിയോഗിക്കാം. എങ്കിലും ചിട്ടിയിൽനിന്നു ലഭിക്കുന്ന തുകയിൽ 50,000 രൂപ എമർജൻസി ഫണ്ടിനായി നീക്കിവച്ചാൽ ബാക്കി 45,000 രൂപയേ എടുക്കാനാവൂ. പൂരഫണ്ടിൽനിന്ന് മാസം 3,000 രൂപ കിട്ടുന്നതിനാൽ ആ തുകയും എടുക്കാതിരിക്കുന്നതാണ് ഉചിതം. പ്രത്യേകിച്ചും ഇപ്പോൾ താങ്കളുടെ വരുമാനം കുറവായ സാഹചര്യത്തിൽ അടുത്ത രണ്ടു വർഷത്തിനുള്ളിൽ തുക സമാഹരിച്ചശേഷം കാർ വാങ്ങുന്നതാവും ഉചിതം. പുതിയതായി ഈ ലക്ഷ്യത്തിലേക്കു തുക സമാഹരിക്കാനായി ഇപ്പോൾ മിച്ചംപിടിക്കാൻ സാധിക്കുന്ന 6,500 അടുത്ത രണ്ടു വർഷത്തേക്കു റിക്കറിങ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കാം. അതുവഴി 1,65,000 രൂപ രണ്ടുവർഷംകൊണ്ടു കണ്ടെത്താം. ചിട്ടി തീരുമ്പോൾ അതിലേക്ക് അടയ്ക്കുന്ന തുകയും തുടർന്ന് 16 മാസത്തോളം ഈ ലക്ഷ്യത്തിലേക്കു നിക്ഷേപിച്ചാൽ 2026 മേയ് മാസത്തോടെ കാർ വാങ്ങാൻ 3 ലക്ഷം രൂപ സമാഹരിക്കാനാകും.
വീട് പുതുക്കാൻ
മൂന്നു വർഷത്തിനുള്ളിൽ വീട് പുതുക്കി പ്പണിയുന്നതിനായി ഒന്നരലക്ഷം രൂപ സമാഹരിക്കേണ്ടതായിട്ടുണ്ട്. കാർ എന്ന ലക്ഷ്യത്തിനുള്ള തുക സമാഹരിച്ചശേഷം അടുത്ത ഒരു വർഷം മാസം നീക്കിവച്ച 11,500 രൂപയോടുകൂടി 1,000 രൂപകൂടി ചേർത്ത് 12,500 രൂപ ഒരു വർഷം ആർഡിയിൽ ഇടാം. അങ്ങനെ 2027 മേയ് മാസത്തോടെ വീട് പുതുക്കിപ്പണിയാനുള്ള തുകകൂടി സമാഹരിക്കാനാകും.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം അടുത്ത വർഷം കുട്ടിയുണ്ടായാൽ ഭാര്യയ്ക്ക് ആറുമാസം ശമ്പളമില്ലാതെ അവധിയെടുക്കേണ്ടിവരും. വരുമാനത്തിൽ കുറവുണ്ടാകും. ഈ സന്ദർഭത്തിൽ ജീവിതച്ചെലവുകൾ താങ്കളുടെ വരുമാനത്തിൽനിന്നു കഴിഞ്ഞുപോകുമെങ്കിലും നിക്ഷേപത്തിനു തുക ലഭിക്കില്ല. ഈ സാഹചര്യത്തിൽ മുകളിൽ പറഞ്ഞ എല്ലാ ലക്ഷ്യങ്ങളും ഒരു വർഷംകൂടി നീക്കിവച്ച് ചെയ്യേണ്ടതായിട്ടുവരും.
കുറച്ചുകൂടി മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന ജോലി തേടുന്നത് ഇന്നത്തെ സാഹചര്യത്തിൽ നന്നായിരിക്കും. ഇപ്പോഴുള്ള ജീവിതച്ചെലവുകൾ അത്യാവശ്യം നടന്നുപോകുമെങ്കിലും ഭാവിയിൽ കുട്ടികൾ, അവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ പലവിധ ചെലവുകൾ ഉയരും. അടുത്ത ഒരു വർഷത്തിനുള്ളിൽ 25,000–30,000 രൂപ ലഭിക്കുന്ന ജോലി കണ്ടെത്തുകയും ചെലവുകൾ ഇപ്പോഴത്തെപ്പോലെ നിയന്ത്രിക്കുകയും ചെയ്താൽ അത്യാവശ്യം ജീവിതലക്ഷ്യങ്ങൾ യഥാസമയം സഫലീകരിക്കാനുള്ള തുക കണ്ടെത്താവുന്നതേയുള്ളൂ.
കുട്ടികളുടെ ഭാവി, റിട്ടയർമെന്റ്
ഭാവിയിൽ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവ പ്രധാനമാണ്. ഇപ്പോൾ കാർ, വീട് എന്നിവയ്ക്കായി മാറ്റിവയ്ക്കുന്ന തുക ആ ലക്ഷ്യങ്ങൾ പൂർത്തിയായശേഷം കുട്ടികൾക്കായി മികച്ച മ്യൂച്വൽഫണ്ടിൽ നിക്ഷേപിച്ചു കണ്ടെത്താനാകും. എന്നാൽ, താങ്കളുടെ റിട്ടയർമെന്റിനായി അടുത്ത രണ്ടു വർഷത്തിനുള്ളിൽ മാസം 16,000 രൂപയെങ്കിലും വിരമിക്കുന്നതുവരെ നീക്കിവച്ചാലേ 50–ാം വയസ്സിൽ റിട്ടയറായി 80 വയസ്സുവരെ ജീവിക്കാനുള്ള തുക കണ്ടെത്താനാവൂ. 50 വയസ്സിൽ റിട്ടയർമെന്റ് എടുത്താൽ 80 വയസ്സുവരെ ജീവിക്കുന്നതിനുള്ള തുക കണ്ടെത്തേണ്ടതുണ്ട്. അതായത്, ഇനി ജോലി ചെയ്യാനുള്ള കാലയളവിനെക്കാൾ കൂടുതലായിരിക്കും വിരമിച്ചശേഷമുള്ള കാലയളവ്. അതിനാൽ റിട്ടയർമെന്റ് നീട്ടിവയ്ക്കുന്ന കാര്യം ഗൗരവമായി ചിന്തിക്കണം. അല്ലെങ്കിൽ കൂടുതൽ തുക സമാഹരിക്കാൻ കഴിയുന്നവിധം വരുമാനം വർധിപ്പിക്കണം. നിലവിലെ സാഹചര്യത്തിൽ ജീവിതച്ചെലവുകൾക്കും ലക്ഷ്യങ്ങൾക്കും ഇപ്പോഴുള്ള വരുമാനം മതിയാകില്ല എന്നാണു മനസ്സിലാക്കുന്നത്. സാമ്പത്തികഭദ്രതയുണ്ടാകാൻ കൂടുതൽ മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കാൻ ശ്രമിക്കുക. ആ സമയം യാത്രയുൾപ്പെടെയുള്ള കാര്യങ്ങൾക്ക് തുക കണ്ടെത്താനാവും. നല്ലൊരു ഭാവി ആശംസിക്കുന്നു •
(നിങ്ങളുടെ സാമ്പത്തികഭാവി സുരക്ഷിതമാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വരവും ചെലവും ബാധ്യതകളും ലക്ഷ്യങ്ങളും ഉൾപ്പെടെയുള്ള പൂർണ വിവരങ്ങൾ ചേർത്ത് എഴുതുക. ഫോൺ നമ്പറും വിലാസവും എഴുതാൻ മറക്കരുത്. ഹാപ്പിലൈഫ് മനോരമ സമ്പാദ്യം, കോട്ടയം - 686001 ഇ–മെയിൽ : sampadyam@mm.co.in whatsApp-92077 49142. മറുപടി സമ്പാദ്യത്തിലൂടെ മാത്രം)