അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിയാൽ ഐശ്വര്യം വരുമോ?
Mail This Article
2024 തുടക്കം മുതൽ സ്വർണവിലയിൽ വൻ കുതിപ്പാണ്. ഇപ്പോഴും സ്ഥിതി ഭിന്നമല്ല. ഇതിനിടയിലാണ് അക്ഷയതൃതീയ എത്തുന്നത്. അതുകൊണ്ടുതന്നെ ആ ദിവസം സ്വർണം വാങ്ങണോ എന്ന വലിയ ചോദ്യത്തിന് ഇത്തവണ പ്രസക്തിയും പ്രാധാന്യവും കൂടുതലാണ്.
അക്ഷയതൃതീയ എന്ത്?
സമ്പത്തിന്റെ, ഐശ്വര്യത്തിന്റെ ഉത്സവമാണ് അക്ഷയതൃതീയ എന്നു പറയാം. തൃതീയ എന്നാൽ മൂന്നാമത്തേത്. വൈശാഖമാസത്തിെല മൂന്നാം നാൾ ആണ് അക്ഷയ തൃതീയയായി ആഘോഷിക്കുന്നത്. ഭൂമിയിൽ സൂര്യൻ ഏറ്റവും ഉജ്വലമായി ജ്വലിക്കുന്ന ദിവസം ആണിത്. കൃഷ്ണൻ കുചേലനു സമ്പത്തു നൽകിയ ദിവസം, പാഞ്ചാലിക്കു കൃഷ്ണൻ അക്ഷയപാത്രം നൽകിയ ദിവസം, ഗംഗാനദി സ്വർഗത്തിൽനിന്ന് ആദ്യമായി ഭൂമിയെ സ്പർശിച്ച ദിവസം എന്നിങ്ങനെ ഒട്ടേറെ വിശേഷങ്ങൾ ഹിന്ദുപുരാണങ്ങൾ ഐശ്വര്യവുമായി ബന്ധപ്പെടുത്തി ഈ ദിവസത്തിനു കൽപിച്ചു നൽകുന്നു.
വിശ്വാസത്തിന്റെ ലക്ഷ്യം അഥവാ യുക്തി
അക്ഷയ എന്നാൽ ഒരിക്കലും നശിക്കാത്തത് എന്നാണ്. അതിനാൽ അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങിയാൽ അത് ഒരിക്കലും നശിക്കില്ലെന്നും ഭാവിയിൽ ഐശ്വര്യം ഉറപ്പാക്കുമെന്നുമാണ് വിശ്വാസം. ഇത്തരം വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങളാണെന്നു പറഞ്ഞു തള്ളാം. പക്ഷേ, പഴഞ്ചൊല്ലിൽ പതിരില്ല എന്നു പറയുന്നതുപോലെ വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ഇത്തരം ആചാരങ്ങളിലും ചില യുക്തികൾ ഉണ്ടാകും.
പണ്ടുകാലത്ത് മിച്ചം പിടിക്കുക, ഭാവിയിലേക്കായി നിക്ഷേപിക്കുക എന്നിവയ്ക്കൊന്നും വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. പട്ടിണി കൂടാതെ ഓരോ ദിവസവും തള്ളിനീക്കുന്നതിനിടയിൽ എന്തു ബാക്കി വയ്ക്കാൻ. ഇനി വല്ലതും അൽപം പിടിച്ചാൽ അതുകൊണ്ട് സ്വർണമോ ഭൂമിയോ വാങ്ങും. അതിനാൽ കഷ്ടിച്ചു ജീവിച്ചുപോരുന്ന ബഹുഭൂരിപക്ഷം പേരിലും നാളേക്കായി അൽപം മിച്ചം പിടിക്കാനും സൂക്ഷിക്കാനും പ്രേരിപ്പിക്കുക എന്നതാണ് അക്ഷയതൃതീയയുമായി ബന്ധപ്പെട്ട് ഈ വിശ്വാസത്തിന്റെ ലക്ഷ്യം അഥവാ യുക്തി എന്നു പറയാം.
ദാരിദ്ര്യത്തിൽ ജീവിക്കുന്നവർക്ക് നാളേക്കായി മാറ്റിവയ്ക്കുക എന്നത് പ്രായോഗികമല്ല. എന്നാൽ, അക്ഷയതൃതീയയ്ക്ക് സ്വർണം വാങ്ങിയാൽ അത് ഇരട്ടിക്കും, ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരും എന്നൊക്കെയുള്ള വിശ്വാസവുമായി ബന്ധപ്പെടുത്തുന്നതോടെ എങ്ങനെയും അൽപം സ്വർണം വാങ്ങും. ഇതുവഴി നാളേക്കായി അൽപം മിച്ചം പിടിക്കാനും നിക്ഷേപിക്കാനും അവർക്കു കഴിയുന്നു.
സ്വർണം വാങ്ങലിന്റെ പ്രസക്തി
എന്നാൽ, ശരിയായ നിക്ഷേപത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും വ്യത്യസ്തമായ പദ്ധതികൾ ലഭ്യമായ ഇന്നത്തെ കാലത്ത് അക്ഷയതൃതീയയ്ക്കു സ്വർണം വാങ്ങൽ എന്ന വിശ്വാസത്തിന് എന്തു പ്രസക്തി? എത്രയൊക്കെ നിക്ഷേപപദ്ധതികൾ ഉണ്ടെങ്കിലും ഇന്നും സ്വർണത്തിന്റെ പ്രസക്തി അൽപവും കുറഞ്ഞിട്ടില്ല. മറിച്ച്, അനിശ്ചിതത്വങ്ങളും ദുരന്തങ്ങളും വ്യാപകമായതിനാൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ മഞ്ഞലോഹത്തിന്റെ മികവ് മറ്റൊരു ആസ്തിക്കും ഇല്ല. അത് കോവിഡ് കാലവും പ്രളയവും പോലുള്ള ദുരന്തങ്ങൾ നമ്മെ പഠിപ്പിച്ചു. സ്വർണം കൈയിൽ ഉണ്ടായിരുന്നവർക്ക് പണത്തിനായി ബുദ്ധിമുട്ടേണ്ടി വന്നില്ല. വിറ്റോ പണയം വച്ചോ കാര്യങ്ങൾ കാണാൻ കഴിഞ്ഞു. അതുകൊണ്ടു അക്ഷയതൃതീയയ്ക്കോ അല്ലാതെയോ സ്വർണം വാങ്ങുന്നതു നല്ലതാണ്. ഒരു വർഷം നിങ്ങൾ മൊത്തം നിക്ഷേപത്തിനായി നീക്കിവയ്ക്കുന്ന തുകയുടെ അഞ്ചു മുതൽ 15% വരെ ഇങ്ങനെ സ്വർണത്തിനായി മാറ്റിവയ്ക്കാം.