ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതീക്ഷ ഉടൻ പൂവണിയുമോ?
Mail This Article
സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും അസ്തമിച്ച പ്രതീക്ഷകൾക്ക് വീണ്ടും ചിറകു മുളച്ചിരിക്കുന്നു. കിട്ടാക്കനിയായി എഴുതിത്തള്ളിയ ഡിഎ, പെൻഷൻ കുടിശിക ഉടൻ നൽകുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനത്തിലാണ് ഇനി പ്രതീക്ഷ. സർക്കാറിന്‍റെ സാമ്പത്തിക പ്രതിസന്ധി എന്നു തീരുന്നുവോ അന്നു മാത്രമേ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യ കുടിശിക വിതരണം ചെയ്യാനാകൂ എന്നതായിരുന്നു ഇതുവരെയുള്ള നിലപാട്.
എന്നാൽ ഡിഎ, പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യുമെന്ന് എൽഡിഎഫ് സർക്കാറിന്‍റെ മൂന്നാം വർഷ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശന വേളയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കിട്ടിയ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാറിനോടുചേർത്തുനിർത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ നിലപാട് എന്നു വിലയിരുത്തുന്നവരും ഉണ്ട്.
ഒരു ഗഡു ഡിഎ ഉടൻ?
2021 ജൂലായ് 1 മുതൽ കുടിശികയുള്ള 3% ഡിഎ നൽകാൻ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് ധനവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സർവീസ് പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമാശ്വാസം ഇതിനൊപ്പം ലഭിച്ചേക്കും. കുടിശിക ഉൾപ്പെടെ ലഭിക്കുമോ എന്ന കാര്യം ഉത്തരവ് വരുമ്പോഴേ അറിയാനാകൂ. തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് അനുവദിച്ച 2% ഡിഎ/ ഡിആർ കുടിശികയുടെ 39 മാസത്തെ കുടിശികയുടെ കാര്യം ഉത്തരവിൽ പരാമർശിച്ചിരുന്നില്ല.
ശമ്പള - പെൻഷൻ പരിഷ്കരണ കമ്മിഷനും ഉടൻ ?
ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രീതി സമ്പാദിക്കാൻ ശമ്പള- പെൻഷൻ പരിഷ്കരണ കമ്മിഷനെയും ഉടൻ നിയമിച്ചേക്കുമെന്നാണ് സൂചന. അടുത്ത വർഷം അവസാനം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടുകൊണ്ടാണ് ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കാനുള്ള നീക്കം. ആറു മാസത്തിനകം പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പും വരുന്നുണ്ട്. കമ്മിഷനെ നിയമിച്ചാലും ഉടനൊന്നും പരിഷ്കരണം നടപ്പാക്കാനിടയില്ല.
സർക്കാറിന്‍റെ കാലാവധി അവസാനിക്കുന്നതിനു മുമ്പായി റിപ്പോർട്ട് നടപ്പാക്കാനായിരിക്കും ശ്രമം. ഒന്നാം പിണറായി സർക്കാർ 2019 ൽ തരേണ്ടിയിരുന്ന ശമ്പള - പെൻഷൻ പരിഷ്കരണം 2021 ലെ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് നൽകിയത്. ഇതേ മാതൃകയിൽ 2026 മാർച്ചിൽ ശമ്പള-പെൻഷൻ പരിഷ്കരണം നടപ്പിലാക്കാനാണു സാധ്യത.
പ്രതീക്ഷ പൂവണിയുമോ?
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും കുടിശിക തീർത്തു നൽകാൻ 18000 കോടി രൂപ കണ്ടെത്തേണ്ടി വരും. ഇതിനു പുറമെയാണ് 6 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക. ഇതിനും 5000 കോടി രൂപയിലധികം വേണ്ടിവരും. ഏപ്രിൽ മുതൽ അതതു മാസം നൽകുമെന്ന ബജറ്റ് പ്രഖ്യാപനം ജൂൺ മാസമായിട്ടും നടപ്പിലാക്കാനായിട്ടില്ല.
കഴിഞ്ഞ ശമ്പള പരിഷ്കരണത്തിന്‍റെ കുടിശിക പോലും ജീവനക്കാർക്ക് നൽകിയിട്ടില്ല. കടമെടുക്കാനുള്ള കേന്ദ്ര അനുമതി കിട്ടിയെങ്കിലും നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല. 37513 കോടിയാണ് ഈ വർഷത്തെ കടമെടുപ്പു പരിധി. ഇതിൽ 5000 കോടി രൂപ എടുത്തുകഴിഞ്ഞു. കിഫ്ബി, പെൻഷൻ കമ്പനി എന്നീ സ്ഥാപനങ്ങളുടെ കടമെടുപ്പും പരിഗണിച്ചാൽ പരിധി വീണ്ടും കുറയും. ഈ പശ്ചാത്തലത്തിൽ സർക്കാർ എങ്ങനെ വാക്കുപാലിക്കുമെന്നാണ് ജീവനക്കാരും പെൻഷൻകാരും ഉറ്റു നോക്കുന്നത്.