ADVERTISEMENT

വീണ്ടുമൊരു കേന്ദ്ര ബജറ്റ് കൂടി പടിവാതിലില്‍ എത്തിനില്‍ക്കേ, ഏവരും ഉറ്റുനോക്കുന്നത് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആദായ നികുതി നിരക്കുകളില്‍ ഇളവ് അനുവദിക്കുമോ എന്നാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ബജറ്റ് ആയതിനാല്‍ ജനപ്രിയമാകാനോ ഇളവുകള്‍ കൊണ്ട് നിറയാനോ സാധ്യത വിരളം. വാണിജ്യ, വ്യവസായ ലോകത്തുനിന്ന് സമ്മര്‍ദ്ദമുള്ളതിനാലും ഉപഭോക്തൃവിപണിക്ക് ഉണര്‍വേകാനുള്ള നടപടികള്‍ ഉണ്ടാവണമെന്ന ആവശ്യങ്ങളുള്ളതിനാലും നേരിയ ഇളവുകള്‍ക്ക് നിര്‍മല തയ്യാറായേക്കുമെന്നാണ് വിലയിരുത്തലുകള്‍.

പ്രത്യക്ഷ നികുതി വരുമാന വര്‍ധന നേട്ടമാകുമോ?
 

കോര്‍പ്പറേറ്റ് നികുതി, വ്യക്തഗത ആദായ നികുതി എന്നിവ ഉൾപ്പെടുന്ന പ്രത്യേക്ഷ നികുതി വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുന്നത് പരിഗണിച്ച്, ആദായ നികുതിയില്‍ ചെറിയ ഇളവ് അനുവദിക്കാന്‍ നിര്‍മല തയ്യാറായേക്കാമെന്ന് പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ ബാബു എബ്രഹാം കള്ളിവയലില്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്‍റെ അറ്റ പ്രത്യക്ഷ നികുതി വരുമാനം (നെറ്റ് ഡയറക്റ്റ് ടാക്സ് കളക്ഷന്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) ബജറ്റില്‍ പ്രതീക്ഷിച്ച 19.45 ലക്ഷം കോടി രൂപയെ മറികടന്ന് 19.58 ലക്ഷം കോടി രൂപയിലെത്തിയിരുന്നു.

income-tax-2-3

നടപ്പുവര്‍ഷം (2024-25) ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 17 വരെയുള്ള കണക്കുപ്രകാരം അറ്റ പ്രത്യക്ഷ നികുതി വരുമാനം ബജറ്റില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്നതിന്‍റെ 21 ശതമാനത്തിലും എത്തിയിട്ടുണ്ട്.

രാജ്യാന്തര നിലവാരത്തിലേക്ക് താഴണം!
 

പുതിയ സ്കീമില്‍ ഉയര്‍ന്ന സ്ലാബിലെ നികുതി 30 ശതമാനമാണ്. സര്‍ചാര്‍ജും (10-25%) സെസും (4%) കൂടി ചേരുമ്പോൾ ഇത് 43 ശതമാനത്തോളവുമാകും. പരമാവധി നികുതിനിരക്ക് രാജ്യാന്തര ശരാശരിയായ 25 ശതമാനത്തിലേക്ക് താഴ്ത്തണമെന്ന ആവശ്യം ശക്തമാണ്.

നിരക്കുകള്‍ താഴ്ന്നാല്‍, കൂടുതല്‍ പേര്‍ നികുതി അടയ്ക്കാന്‍ തയ്യാറാകുമെന്നും ഇത് ഫലത്തില്‍ വരുമാനസ്ഥിരത നിലനിര്‍ത്താന്‍ സര്‍ക്കാരിനെ സഹായിക്കുമെന്നുമുള്ള വാദങ്ങളുമുണ്ട്.

പുതിയ സ്കീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത
 

ഇളവ് അനുവദിക്കാന്‍ തയ്യാറായാലും പഴയ ആദായ നികുതി സ്കീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. പുതിയ സ്കീമിലേക്ക് എല്ലാവരും മാറണം എന്ന നയമാണ് കേന്ദ്രത്തിനുള്ളത്. നിലവില്‍ പുതിയ സ്കീമില്‍ മൂന്നുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി ബാധ്യതയില്ല. ഇളവിന്‍റെ പരിധി മൂന്നുലക്ഷത്തില്‍ നിന്ന് നാല് അല്ലെങ്കില്‍ അഞ്ചുലക്ഷം രൂപയിലേക്ക് ഇത്തവണ ബജറ്റില്‍ ഉയര്‍ത്തിയേക്കാം. പരിധി 5 ലക്ഷം രൂപയാക്കിയാല്‍ വരുമാനത്തിന് ആനുപാതികമായി 10,000 മുതല്‍ 13,000 രൂപവരെ ലാഭിക്കാന്‍ നികുതിദായകന് കഴിയും.

income-tax

പുതിയ സ്കീമില്‍ ഉയര്‍ന്ന സ്ലാബിലെ വരുമാനപരിധി 15 ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപയാക്കണമെന്ന ആവശ്യവുമുണ്ട്. ഇളവ് അനുവദിച്ചാല്‍ അത് സര്‍ക്കാരിന്‍റെ വരുമാനത്തെ എങ്ങനെ ബാധിക്കുമെന്നത് കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com