ADVERTISEMENT

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റിനായി കാതോർക്കുകയാണ് ഏവരും. ജൂലൈ 23നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ബജറ്റായതിനാൽ ജനപ്രിയ വാഗ്ദാനങ്ങൾ വാരിനിറയ്ക്കേണ്ട അടിയന്തര സാഹചര്യം നിർമലയ്ക്കില്ല. എങ്കിലും ബിജെപിക്കും എൻഡിഎയ്ക്കും ഏറെ നിർണായകമായ ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണെന്നത് നിർമല ഗൗരവമായി തന്നെ കണ്ടേക്കും.

ലോക് സഭാ തിരഞ്ഞെടുപ്പിലെ തണുപ്പൻ വിജയത്തിന്‍റെ ക്ഷീണം മാറ്റാനും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരിച്ചുവരവ് നടത്താനുമുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. റിസർവ് ബാങ്കിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും പ്രതീക്ഷിച്ചതിലും കവിഞ്ഞ ലാഭവിഹിതം കിട്ടിയതും ധനക്കമ്മി നിയന്ത്രണ പരിധിക്കുള്ളിലാണെന്നതും ആനുകൂല്യങ്ങൾ നൽകാൻ നിർമലയ്ക്ക് മുന്നിലെ അനുകൂലഘടകങ്ങളാണ്. ഉദാഹരണത്തിന്, ഒരുലക്ഷം കോടിയോളം രൂപ മാത്രം ലാഭവിഹിതം റിസർവ് ബാങ്കിൽ നിന്ന് പ്രതീക്ഷിച്ച സർക്കാരിന് ലഭിച്ചത് 2.11 ലക്ഷം കോടി രൂപയാണ്.

ഉറ്റുനോട്ടം ആദായ നികുതിയിൽ

Financial-plan

സാധാരണ ബജറ്റ് കാലങ്ങളിലെന്ന പോലെ ഇക്കുറിയും ആദായ നികുതിയിൽ ഇളവുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സ്ലാബ് പരിഷ്കരണത്തിനുള്ള സാധ്യത വിരളമാണ്. ആദായ നികുതി ബാധകമല്ലാത്ത വാർഷിക വരുമാന പരിധി കൂട്ടുമോ? സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉയർത്തുമോ? തുടങ്ങി നിരവധി ആവശ്യങ്ങളാണ് നിർമലയ്ക്ക് മുന്നിലുള്ളത്.

1) ഇളവ് 5 ലക്ഷം രൂപവരെ

ആദായ നികുതിയിൽ ഇളവ് അനുവദിച്ച്, മധ്യവർഗത്തിന്‍റെ കൈവശം പണം ഉറപ്പാക്കാനും അതുവഴി ഉപഭോക്തൃവിപണിയെ ഉഷാറാക്കാനും നടപടി വേണമെന്ന ആവശ്യം ശക്തമാണ്. പഴയ ആദായ നികുതി സ്കീമിൽ രണ്ടരലക്ഷം രൂപയും പുതിയ സ്കീമിൽ 3 ലക്ഷം രൂപയുമാണ് ആദായ നികുതി ബാധകമല്ലാത്ത വാർഷിക വരുമാന പരിധി. റിബേറ്റുമുള്ളതിനാൽ നിലവിൽ പഴയ സ്കീമിൽ 5 ലക്ഷം രൂപവരെയും പുതിയ സ്കീമിൽ 7 ലക്ഷം രൂപവരെയും വാർഷിക വരുമാനമുള്ളവർക്ക് നികുതി ബാധ്യതയില്ല. വരുമാന ഇളവിന്‍റെ പരിധി ഇരുസ്കീമിലും 5 ലക്ഷം രൂപ വരെയാക്കണമെന്ന ആവശ്യം ശക്തമാണ്. ഇത് നിർമല പരിഗണിച്ചേക്കുമെന്നും മറ്റ് മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ലെന്നും വിലയിരുത്തലുകളുണ്ട്.

2) 80സിയിൽ ഇത്തവണയെങ്കിലും തൊടുമോ?

ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള ഇളവ് 1.50 ലക്ഷം രൂപയാണ്. ഇത് ഒന്നരലക്ഷം രൂപയായി ഉയർത്തിയതാകട്ടെ 10 വർഷം മുമ്പും. പരിധി 2 ലക്ഷം രൂപയാക്കണമെന്ന ആവശ്യം നിർമല ഇത്തവണ പരിഗണിക്കുമോ? കാത്തിരുന്നു കാണാം. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയെന്നത് 75,000 രൂപയോ ഒരുലക്ഷം രൂപയോ ആക്കണമെന്ന ആവശ്യത്തിനുമുണ്ട് വർഷങ്ങളുടെ പഴക്കം.

3) ഭവന വായ്പ എടുക്കുന്നവരുടെ പ്രതീക്ഷകൾ

ഭവന വായ്പയുടെ ഭാരം പേറുന്നവർക്ക് ഇത്തവണ ബജറ്റ് ആശ്വാസമാകുമോ? സെക്ഷൻ 24 പ്രകാരം ഭവന വായ്പാ പലിശയ്ക്ക് രണ്ടുലക്ഷം രൂപവരെ ഇളവുണ്ട്. ഇത് 5 ലക്ഷം രൂപയാക്കണമെന്നതാണ് ഒരാവശ്യം. ഇത് അംഗീകരിച്ചാൽ വായ്പയുടെ പ്രതിമാസ തിരിച്ചടവിൽ (EMI) വലിയ ആശ്വാസം ലഭിക്കും.

4) വേണം പ്രത്യേക ആനുകൂല്യം

നിലവിൽ 80സി പ്രകാരം ഒന്നരലക്ഷം രൂപവരെ ലഭിക്കുന്ന ഇളവുകളുടെ ഭാഗമാണ് ഭവന വായ്പയുടെ മുതലിന്‍റെ തിരിച്ചടവും. ഇതിനെ സെക്ഷൻ 80സിൽ നിന്ന് വേർപെടുത്തി പ്രത്യേക ഇളവായി മാറ്റിയാൽ, കൂടുതൽ നേട്ടം വായ്പാ ഇടപാടുകാരന് ലഭിക്കും.

5) തിരിച്ചുകൊണ്ടുവരണം ഈ ഇളവുകൾ

ആദ്യമായി വീട് വാങ്ങുന്നവർക്ക് നേരത്തേ സെക്ഷൻ 80ഇഇഎ പ്രകാരം വായ്പാ പലിശയിൽ 50,000 രൂപവരെ ഇളവ് ലഭിച്ചിരുന്നു. 2022 മാർച്ചിൽ അവസാനിപ്പിച്ച  ഈ ആനുകൂല്യം പുനരാരംഭിക്കണമെന്ന ആവശ്യവുമുണ്ട്. മറ്റൊന്ന് ക്രെഡിറ്റ്-ലിങ്ക്ഡ് സബ്സിഡി സ്കീം (CLSS) പുനരാരംഭിക്കണമെന്നതാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പലിശ സബ്സിഡിയോടെ ഭവന വായ്പ നേടാവുന്ന സ്കീമാണിത്.

English Summary:

Union Budget Expectation 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com