80സി യിൽ ലോട്ടറി അടിയ്ക്കുമോ? ഇല്ലെങ്കില്‍ നിങ്ങളുടെ ഇഎല്‍എസ്എസ് നിക്ഷേപം എന്തു ചെയ്യണം?
Mail This Article
ഇന്നത്തെ ബജറ്റില്‍ വ്യക്തിഗത ആദായ നികുതിയില്‍ എന്തെല്ലാം ഇളവുകളുണ്ടാകും എന്നാണ് ശമ്പളക്കാര്‍ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. പുതിയ രീതിയിലെ നികുതി നിര്‍ണയത്തിലാണ് ഇളവുകളുണ്ടാകാന്‍ സാധ്യതയെന്നാണ് പരക്കെയുള്ള ചിന്താഗതി. പഴയ രീതിയിലെ നികുതി നിര്‍ണയിക്കുന്നവര്‍ക്കായുള്ള 80 സി ഇളവുകള്‍ അടക്കമുള്ളവയിലെ പരിധി വര്‍ധിപ്പിക്കുമെന്നു കരുതുന്നവരുമുണ്ട്.
കൂടുതല്‍ പേരെ പുതിയ നികുതി നിര്‍ണയ രീതിയിലേക്കു കൊണ്ടു വരാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതിനാല്‍ വ്യക്തിഗത ആദായ നികുതിയില്‍ പ്രഖ്യാപിക്കാനിടയുള്ള ഇളവുകള്‍ പുതിയ നികുതി നിര്‍ണയ വിഭാഗത്തിലായിരിക്കും എന്നും പ്രതീക്ഷിക്കാം.
അങ്ങനെയെങ്കില്‍ പഴയ രീതിയില്‍ നികുതി നിര്‍ണയിക്കുന്നവര്‍ക്കായുള്ള 80 സി വകുപ്പുകളില്‍ അടക്കം പരിധി ഉയര്‍ത്തലുമുണ്ടാകില്ല. മിഡില്‍ ക്ലാസില്‍ പെടുന്ന ശമ്പളക്കാരില്‍ പലര്‍ക്കും പുതിയ രീതിയിലെ ആദായ നികുതി നിര്‍ണയമാണു ലാഭകരമെന്നും വരും.
ഇ എൽ എസ് എസിലെ എസ് ഐ പി
ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ ആദായ നികുതിയില്‍ ഗണ്യമായ നേട്ടം പ്രതീക്ഷിച്ച് തുടങ്ങിയതും ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നതുമായ ഇഎല്‍എസ്എസ് പദ്ധതികളിലെ എസ്‌ഐപി എന്തു ചെയ്യണം? ഈ എസ്‌ഐപികള്‍ തുടരുന്നതു കൊണ്ട് ആദായ നികുതി നേട്ടമൊന്നും ലഭിക്കാനില്ലെന്നതിനാല്‍ അത് അവസാനിപ്പിക്കുകയാണോ വേണ്ടതെന്ന ചോദ്യം നിരവധി നിക്ഷേപകരുടെ മനസില്‍ ഉയരാം.
നിക്ഷേപത്തിന്റെ ലക്ഷ്യം എന്ത്?
ഗണ്യമായ ആദായ നികുതി നേട്ടം ഉണ്ടാകും എന്നതിനാലായിരിക്കാം നിങ്ങള്‍ ഇഎല്‍എസ്എസ് നിക്ഷേപം തെരഞ്ഞെടുത്തത്. 80 സി വകുപ്പു പ്രകാരം ആദായ നികുതി ഇളവു ലഭിക്കുന്നവയില്‍ ഏറ്റവും നേട്ട സാധ്യതയുള്ളത് ഈ നിക്ഷേപത്തിലുമാണ്. എന്നാല്‍ ഇങ്ങനെ നിക്ഷേപം നടത്തിയപ്പോള്‍ അവയ്ക്കു പിന്നില്‍ ഒരു സാമ്പത്തിക ലക്ഷ്യം ഉണ്ടായിരുന്നില്ലേ? നികുതി ആസൂത്രണത്തിന്റെ ഭാഗമായെന്നല്ല, എന്തിന്റെ പേരിലായാലും നിക്ഷേപം നടത്തുമ്പോള്‍ അതിന്റെ കാലാവധിയെ സംബന്ധിച്ചും അവ എന്തിനു വേണ്ടിയാണെന്നതിനെ സംബന്ധിച്ചും കൃത്യമായ ഒരു കാഴ്ചപ്പാടുണ്ടാകണം. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം നിക്ഷേപം പിന്‍വലിക്കേണ്ടത്. നിക്ഷേപങ്ങളുടെ പ്രകടനം കാലാകാലങ്ങളില്‍ വിലിയരുത്തി മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ അതു വരുത്തണമെന്നത് മറ്റൊരു വസ്തുത.
നിക്ഷേപം പിന്‍വലിക്കുന്നതിനെ കുറിച്ചു പൊതുവായ തീരുമാനം കൈക്കൊള്ളാനാവില്ലെന്നതാണ് വാസ്തവം.
വേണം, നിക്ഷേപ ലക്ഷ്യം
ഇങ്ങനെ നിങ്ങള്‍ നടത്തിയ ഇഎല്‍എസ്എസ് നിക്ഷേപം നികുതി നേട്ടമില്ലെന്നതിന്റെ പേരില്‍ മാത്രം പിന്‍വലിക്കരുത്. നിങ്ങളുടെ നിക്ഷേപ ലക്ഷ്യം കൈവരിക്കാന്‍ അതു തുടരുകയാണു വേണ്ടത്. അതല്ലെങ്കില്‍ നിക്ഷേപം പിന്‍വലിക്കാന്‍ യുക്തമായ കാരണങ്ങള്‍ നിങ്ങള്‍ക്കു മുന്നിലുണ്ടാകണം.
ദീര്‍ഘകാല നിക്ഷേപത്തിന്റെ നേട്ടം
ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍ കുറഞ്ഞതു മൂന്നു വര്‍ഷമെങ്കിലും തുടരണമെന്ന രീതിയിലെ ലോക്ക് ഇന്‍ കാലാവധി ഉള്ളതിനാല്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് കൂടുതല്‍ വിപുലമായ നിക്ഷേപ സ്വാതന്ത്ര്യം ലഭിക്കുകയും കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഇതിലൂടെ നിക്ഷേപകര്‍ക്ക് കൂടുതല്‍ മികച്ച അവസരങ്ങളും ലഭിക്കും.
നിക്ഷേപിച്ചിരുന്ന തുക എന്തു ചെയ്യും?
ഇഎല്‍എസ്എസില്‍ പ്രതിമാസം നിക്ഷേപിക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ആ തുക മറ്റൊരിടത്തു നിക്ഷേപിക്കാന്‍ സാധ്യത കുറവാണ്. അതു കണക്കിലെടുക്കുമ്പോഴും എസ്‌ഐപി തുടരുന്നതായിരിക്കും പലര്‍ക്കും മെച്ചം. ഗ്യാരന്റി നല്‍കുന്ന വരുമാനം ഒരു മ്യൂചല്‍ ഫണ്ടിലും ലഭിക്കില്ലെങ്കിലും സാധാരണ സ്ഥിര നിക്ഷേപങ്ങളുടെ ഇരട്ടിയോളം നേട്ടം സ്വന്തമാക്കാനുള്ള സാധ്യതകളും ഇതിലുണ്ട്. ഇനി നിക്ഷേപം വര്‍ധിപ്പിക്കണമെങ്കില്‍ നൂറു രൂപയുടെ മടങ്ങുകളായി വര്‍ധിപ്പിക്കാനും സാധിക്കും.
80 സി വകുപ്പില്‍ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ വന്‍ നേട്ടം
പഴയ രീതിയിലെ നികുതി നിര്‍ണയവുമായി ബന്ധപ്പെട്ട ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതകള്‍ വിരളമാണെങ്കിലും ഇനി അത്തരത്തില്‍ ഒരു നീക്കമുണ്ടായാല്‍ ഇഎല്‍എസ്എസ് വഴി വലിയ നേട്ടം കൈവരിക്കാന്‍ അവസരം തുറന്നു കിട്ടും. ഇപ്പോള്‍ ലഭിക്കുന്ന 1,50,000 രൂപയുടെ പരിധി ഉയര്‍ത്തിയാല്‍ നിങ്ങളുടെ ഇഎല്‍എസ്എസ് നിക്ഷേപം ഉയര്‍ത്തി അതിന്റെ നേട്ടവും സ്വന്തമാക്കാം.