റെക്കോർഡ് ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാമോ? കേന്ദ്രബജറ്റിനായി കാതോർത്ത് ഓഹരിവിപണി
Mail This Article
ഇന്ന് തകർച്ചയോടെ തുടങ്ങിയ ഇന്ത്യൻ വിപണി തിരിച്ചു കയറിയെങ്കിലും റിലയന്സിന്റെയും, വിപ്രോയുടെയും തകർച്ചയോടെ നഷ്ടത്തിലാണ് അവസാനിച്ചത്. ഇന്ന് 24595 പോയിന്റിൽ തൊട്ട നിഫ്റ്റി 21 പോയിന്റ് നഷ്ടത്തിൽ 24509 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 102 പോയിന്റ് നഷ്ടത്തിൽ 80502 പോയിന്റിലും ക്ളോസ് ചെയ്തു.
ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ നഷ്ടം ഒഴിവാക്കിയ ഇന്ന് ഓട്ടോ, നിഫ്റ്റി മിഡ് ക്യാപ്, നിഫ്റ്റി നെക്സ്റ്റ്-50 സൂചികകൾ 1%ൽ കൂടുതൽ നേട്ടവുമുണ്ടാക്കി. ഐടിക്കൊപ്പം റിയൽറ്റി, എനർജി, എഫ്എംസിജി സെക്ടറുകൾ ഇന്ന് നഷ്ടവും കുറിച്ചു. വിപ്രോ 9% വീണപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് 3.50% നഷ്ടവും, എച്ച്ഡിഎഫ്സി ബാങ്ക് 2.19% നേട്ടവും കുറിച്ച് വിപണിയെ സ്വാധീനിച്ചു.
നാളെ രാവിലെ പതിനൊന്ന് മണിക്കാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ യൂണിയൻ ബജറ്റ് അവതരിപ്പിക്കുക. ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോർഡ് കരസ്ഥമാക്കുന്ന ബജറ്റിൽ ഏറ്റവും കൂടുതൽ സെക്ടറുകൾക്ക് ‘റെക്കോർഡ്’ ആനുകൂല്യങ്ങൾ നൽകുന്ന ബജറ്റായി ഇത് മാറുമെന്നാണ് വിപണി കരുതുന്നത്.
ആദായ നികുതിയിലും, ക്യാപിറ്റൽ ഗെയിൻ ടാക്‌സിലും ഇളവുകൾ പ്രതീക്ഷിക്കുന്ന ബജറ്റ് സാധാരണ നികുതിദായകനും, കർഷകനും, ചെറുകിട വ്യവസായിക്കും അനുകൂലമാകുന്നതിനൊപ്പം ഇൻഫ്രാ, ഡിഫൻസ് മേഖലയിലെ ചെലവിടലും തുടരുമെന്നാണ് വിപണിയുടെ അനുമാനം.
പറന്ന് പറന്ന് വളം
വ്യാഴം, വെള്ളി ദിനങ്ങളിൽ ലാഭമെടുകളിൽ വീണ വളം സെക്ടർ ഇന്ന് വീണ്ടും വാങ്ങലിൽ മുന്നേറി. 14% വരെ മുന്നേറിയ നാഷണൽ ഫെർട്ടിലൈസർ തന്നെയാണ് ഇന്നും വളം മേഖലയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. ബജറ്റിൽ കർഷകർക്ക് വളത്തിന് സബ്‌സിഡി പ്രഖ്യാപിച്ചാൽ വളം, കീടനാശിനി ഓഹരികൾ നാളെയും മുന്നേറ്റം പ്രതീക്ഷിക്കുന്നു, അല്ലാത്ത പക്ഷം ലാഭമെടുക്കലും.
ഡിഫൻസ് വീണ്ടും അഡ്വാൻസ് ചെയ്തു
ഡൊണാൾഡ് ട്രംപിന്റെ വിജയം റഷ്യയും, യുക്രെയ്നും തമ്മിലുള്ളതടക്കം യുദ്ധങ്ങൾ സമാപിക്കുമെന്നും, അതോടെ ഇന്ത്യൻ ഡിഫൻസ് സെക്ടറിലും വില്പന വരുമെന്നുമുള്ള ജെഫറീസ് മേധാവിയുടെ സൂചനകൾ തളർത്തിയ ഡിഫൻസ് ഓഹരികൾ ഇന്ന് തിരിച്ചു കയറി നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. കൊച്ചിൻ ഷിപ്യാർഡ് ഇന്ന് 5% അപ്പർ സർക്യൂട്ട് നേടി.
ബജറ്റിൽ ഓട്ടോ മേഖല
പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പ്രകാരവും, ഫാസ്റ്റർ അഡോപ്‌ഷൻ മാനുഫാക്ച്ചറിങ് ഇലക്ട്രിക് വെഹിക്കിൾസ് (എഫ്എഎംഇ) പദ്ധതി പ്രകാരവും ബജറ്റിൽ കൂടുതൽ പിന്തുണകൾ ഓട്ടോ മേഖല പ്രതീക്ഷിക്കുന്നു. ഓട്ടോ മേഖല ഇന്ന് 1.15% മുന്നേറി.
പിന്മാറി ബൈഡൻ
അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എതിരാളിയാകാനുള്ള മത്സരത്തിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ബൈഡൻ പിന്മാറിയത് അമേരിക്കാൻ വിപണിക്കും ഇന്ന് അനുകൂലമായേക്കാം. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്ന് ഏഷ്യൻ വിപണികൾ നഷ്ടത്തിൽ ക്ളോസ് ചെയ്‌തെങ്കിലും യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ഈയാഴ്ച വരാനിരിക്കുന്ന അമേരിക്കൻ ജിഡിപികണക്കുകളും ഏണിങ് റിപ്പോർട്ടുകളും, വെള്ളിയാഴ്ച പിസിഇ ഡേറ്റയുമാകും ട്രംപിന്റെ പ്രസ്താവനകൾക്കൊപ്പം അമേരിക്കൻ വിപണിയുടെ തുടർഗതികൾ നിർണയിക്കുക
ക്രൂഡ് ഓയിൽ
ചൈനയുടെ ജിഡിപി വീഴ്ചക്കൊപ്പം കഴിഞ്ഞ ആഴ്ചയിൽ വീണ ക്രൂഡ് ഓയിൽ വില ഇന്ന് ഏഷ്യൻ വിപണി സമയത്ത് ചൈനീസ് കേന്ദ്രബാങ്ക് പ്രൈം ലെൻഡിങ് നിരക്കുകൾ കുറച്ചതിനെത്തുടർന്ന് മുന്നേറിയെങ്കിലും ലാഭമെടുക്കലിൽ താഴെയിറങ്ങി. ബ്രെന്റ് ക്രൂഡ് ഓയിൽ വില 82 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
സ്വർണം
റെക്കോർഡ് നിരക്കിലേക്ക് കുതിച്ച രാജ്യാന്തര സ്വർണവില 2400 ഡോളറിന് മുകളിലാണ് ഇന്ന് വ്യാപാരം തുടരുന്നത്. അമേരിക്കൻ ബോണ്ട് യീൽഡ് നേരിയ നഷ്ടത്തിൽ തുടരുന്നതാണ് സ്വർണത്തിന് അനുകൂലമായത്. ട്രംപിന്റെ തിരിച്ചു വരവ് യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കുമെന്ന സൂചന സ്വർണത്തിന് ക്ഷീണമാണ്.
നാളത്തെ റിസൾട്ടുകൾ
ഹിന്ദുസ്ഥാൻ യൂണി ലിവർ, ബജാജ് ഫിനാൻസ്, മഹിന്ദ്ര & മഹിന്ദ്ര ഫിനാൻസ്, എസ്ആർഎഫ്, എസ്എസ്ഡബ്ലിയുഎൽ, ഷാഫ്ലെർ, യുണൈറ്റഡ് സ്പിരിറ്റ്സ്, റാണെ എഞ്ചിൻ, ഹെറിറ്റേജ് ഫുഡ്സ്, പരാഗ് മിൽക്ക്, ഇക്ര, ഡിസിഎം ശ്രീറാം, ഏകി, ടോറന്റ് ഫാർമ മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കും.