കേരളത്തിൽ 72000 കോടിയുടെ ഗ്രീൻ ഹൈഡ്രജൻ നിക്ഷേപ വാഗ്ദാനം; സ്ഥല ലഭ്യത തടസ്സം
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉൽപാദിപ്പിക്കാൻ 72000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെങ്കിലും സ്ഥല ലഭ്യത തടസ്സം. നിക്ഷേപവാഗ്ദാനവുമായെത്തിയ 4 കമ്പനികൾ ആകെ 600 ഏക്കർ സ്ഥലമാണ് ആവശ്യപ്പെട്ടത്. ചരക്കുനീക്കത്തിനുള്ള സൗകര്യത്തിനായി തുറമുഖങ്ങൾക്കു 10 കിലോമീറ്റർ പരിധിയിൽ ഭൂമി പാട്ടത്തിനോ, വിലയ്ക്കോ നൽകണമെന്നതാണ് ആവശ്യം. എന്നാൽ, അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വ്യവസായ വകുപ്പിനു ലഭിച്ച പദ്ധതി ശുപാർശകൾ ഊർജ വകുപ്പിനു കൈമാറി.
കൊച്ചിക്കു പുറമേ, വിഴിഞ്ഞം തുറമുഖം കൂടിയായതോടെയാണു വൻകിട കമ്പനികളുടെ വരവ്. 2 കമ്പനികൾ വിഴിഞ്ഞത്തിനു സമീപം 460 ഏക്കറാണ് ആവശ്യപ്പെട്ടത്. പദ്ധതിക്കു തുടക്കമിടാൻ ഓരോ കമ്പനിക്കും കുറഞ്ഞത് 50 ഏക്കർ വേണം. കൊച്ചി തുറമുഖത്തിനു സമീപം ഭൂമി ആവശ്യപ്പെട്ട കമ്പനിക്കുവേണ്ടി തുറമുഖത്തിന്റെ നിയന്ത്രണത്തിലുള്ള ഭൂമി പരിശോധിച്ചെങ്കിലും പ്ലാന്റിന്റെ ഉയരമുള്ള പുകക്കുഴൽ സ്ഥാപിക്കാൻ കഴിയില്ലെന്നതു പരിമിതിയായി. കൊച്ചിയിൽ പെട്രോ കെമിക്കൽ പാർക്ക് സ്ഥാപിക്കുന്ന സ്ഥലം പരിഗണിച്ചെങ്കിലും തുറമുഖത്തുനിന്നുള്ള അകലമാണു പ്രശ്നം. തുറമുഖത്തിനു സമീപം തന്നെ ഭൂമി വേണമെന്നതിനൊപ്പം, പ്ലാന്റിന്റെ പ്രവർത്തനത്തിനായി ലവണാംശമില്ലാത്ത ജലത്തിന്റെ ലഭ്യത കൂടി വേണം. ഇതും തടസ്സമായി നിൽക്കുന്നു. വിൻഡ് മിൽ അല്ലെങ്കിൽ സോളർ പവർ സ്ഥാപിച്ചാണു പ്ലാന്റുകൾ പ്രവർത്തിപ്പിക്കുകയെന്നതിനാൽ ഇതിനുള്ള സൗകര്യവുമുണ്ടായിരിക്കണം.
വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്കു ചേർന്നു സർക്കാരിനു വലിയ അളവിൽ അനുയോജ്യമായ ഭൂമിയില്ല. എങ്കിലും ഇത്രയും വലിയ നിക്ഷേപ വാഗ്ദാനം വിട്ടുകളയാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. കൽക്കരി, പ്രകൃതിവാതകം തുടങ്ങിയ ഫോസിൽ ഇന്ധനത്തെ ആശ്രയിക്കാതെ പുനരുപയോഗ ഊർജം അധിഷ്ഠിതമാക്കി ഉൽപാദിപ്പിക്കുന്നതാണു ഹരിത ഹൈഡ്രജൻ. സംസ്ഥാനത്തിനു വൻ വരുമാനവും തൊഴിലവസരവും നേടിത്തരുന്ന മേഖലയായി ഇതു മാറും.
തൂത്തുക്കുടിയിൽ 36,236 കോടിയുടെ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്
ചെന്നൈ ∙ സിംഗപ്പൂർ കമ്പനിയായ സെംകോർപ്പ് 36,236 കോടി രൂപ മുതൽമുടക്കിൽ തൂത്തുക്കുടിയിൽ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കും. ഗ്രീൻ ഹൈഡ്രജൻ ജപ്പാനിലേക്ക് കയറ്റി അയയ്ക്കുന്നതിന് സോജിറ്റ്‌സ് കോർപ്, ക്യുഷു ഇലക്ട്രിക് പവർ എന്നീ കമ്പനികളുമായി സഹകരിച്ചാണു പദ്ധതി. തമിഴ്‌നാട് വ്യവസായ വകുപ്പ് കഴിഞ്ഞ ജനുവരിയിൽ നടത്തിയ ആഗോള നിക്ഷേപക സമ്മേളനത്തിൽ പദ്ധതി അവതരിപ്പിച്ചിരുന്നു. 1500 പേർക്ക് തൊഴിലവസരം ലഭിക്കുമെന്നാണു പ്രതീക്ഷ.