ഇനി മുന്നേറ്റം ബജറ്റിലെ 'പരിഗണനകൾ'ക്കനുസരിച്ച്, ഓഹരി വിപണിയിൽ നിക്ഷേപകർ എന്തു ചെയ്യണം?
Mail This Article
നികുതിയിളവുകളും, ജനക്ഷേമ പദ്ധതികളും, ഒപ്പം മുൻ സർക്കാർ തുടർന്നു വന്ന ഇൻഫ്രാ-വികസനവും ഒന്നിക്കുന്ന ഒരു ബജറ്റായിരിക്കും ചൊവ്വാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക എന്നാണ് പൊതു വിപണി പ്രതീക്ഷ. എന്നാൽ ഇടക്കാല ബജറ്റിന്റെ വഴിക്ക് തന്നെയായിരിക്കും ബജറ്റെന്ന പ്രതീക്ഷയും വിപണിയിൽ ശക്തമാണ്. ജൂലൈ 23ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുന്ന നിർമല സീതാരാമന്റെ റെക്കോർഡ് ബജറ്റ് അവതരണം ഐടി ഒഴികെ ഇന്ത്യൻ വിപണിയിലെ മിക്ക സെക്ടറുകളിലും തന്നെ കയറ്റിറക്കങ്ങൾക്കും വഴി വച്ചേയ്ക്കാം.
ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലം വന്നത് മുതൽ തന്നെ ബജറ്റ് മുന്നിൽക്കണ്ട് മുന്നേറുന്ന പ്രതിരോധം, വളം, റെയിൽ, ഭവന നിർമാണമേഖലകൾ ബജറ്റ് പ്രഖ്യാപനത്തിന് മുൻപ് തന്നെ ലാഭമെടുക്കലിൽ വീണെങ്കിലും ബജറ്റ് പ്രഖ്യാപന പിന്തുണയിൽ മുന്നേറിയേക്കാമെന്നും ശേഷം ലാഭമെടുക്കലിൽ പെട്ടേക്കാമെന്നും കരുതുന്നു. ബജറ്റിൽ ലഭിച്ച ‘പിന്തുണ’കൾക്കനുസരിച്ചായിരിക്കും ഓരോ സെക്ടറുകളും വിപണിയിൽ മുന്നേറുക.
ബജറ്റിൽ പരിഗണിക്കപ്പെട്ടേക്കാവുന്ന ചില മേഖലകളും പദ്ധതികളും ഇളവുകളും പട്ടികകളും അധിക നികുതി സാധ്യതകളും പരിഗണിക്കുന്നത് നിക്ഷേപകരെ ബജറ്റ് പ്രഖ്യാപന വേളയിലും ശേഷവും നിക്ഷേപ-ലാഭമെടുക്കൽ തീരുമാനമെടുക്കലിന് പിന്തുണച്ചേക്കാം.
വരുമാന നികുതിയിളവ്
ഇന്ത്യയിലെ ഇടത്തരക്കാരുടെ നികുതി പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് കരുതുന്നില്ലെങ്കിലും ‘ടാക്സ് ടെററിസം’ ആരോപണങ്ങൾക്ക് തടയിടാനുള്ള പൊടിക്കൈകളെങ്കിലും വിപണി ബജറ്റിൽ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സർക്കാർ അവതരിപ്പിച്ച നികുതി സ്ലാബുകൾ സർക്കാരിന് നികുതിയിനത്തിൽ 20%ൽ കൂടുതൽ വരുമാനവർധന നൽകിയത് ‘’ടാക്സ് ഡിഡക്ഷൻ’’ സാധ്യതകൾ കുറച്ചതിനാലാണെന്ന വാദവും ധനമന്ത്രി ഇത്തവണ പരിഗണിച്ചേക്കും.
∙എഫ്എംസിജി, ബൈക്ക്, ഫാഷൻ ഓഹരികൾ ശ്രദ്ധിക്കാം.
ജനക്ഷേമം
കൂട്ടുകക്ഷി സ്വാധീനത്തിൽ ഇത്തവണ ബജറ്റിൽ ജനക്ഷേമ പദ്ധതികളിലേക്ക് സർക്കാരിന്റെ ശ്രദ്ധ കൂടുതലായി തിരിഞ്ഞേക്കാമെന്നത് വിപണി ആശങ്കയോടെയാണ് കാണുന്നതെങ്കിലും കൂടുതൽ ഓഹരി വില്പനയടക്കമുള്ള ധനാഗമ പരിപാടികൾക്കുള്ള ന്യായമായി സർക്കാരിന് കവചമൊരുക്കാനും ഇതിനാകുമെന്നത് അനുകൂലമാണ്. കർഷകൾക്കും തൊഴിലാളികൾക്കും സ്ത്രീകൾക്കും കൂടുതൽ പിന്തുണയും ബജറ്റിൽ പ്രതീക്ഷിക്കുന്നു.
∙പൊതു മേഖല ബാങ്കുകൾ ശ്രദ്ധിക്കാം.
കാർഷിക പിന്തുണ
കർഷകസമരവും സർക്കാരിന്റെ ഭൂരിപക്ഷത്തെ ‘സ്വാധീനിച്ചു’ എന്ന വിലയിരുത്തലും, പ്രതിപക്ഷസംസഥാനങ്ങളിൽ വായ്പ എഴുതിത്തള്ളലടക്കമുള്ള പ്രക്രിയകൾ നടക്കുന്നതും കൂട്ടുകക്ഷികളുടെ സമ്മർദ്ദവും ഇത്തവണത്തെ ബജറ്റിൽ കാർഷിക മേഖലക്ക് പിന്തുണ വർധനക്ക് കാരണമായേക്കാം. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വളം ഓഹരികൾ മികച്ച മുന്നേറ്റമാണ് നടത്തിയത്.
കാർഷിക സബ്സിഡികളും പുത്തൻ കാർഷിക പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടേക്കാമെന്നത് വളം, കീടനാശിനി, ട്രാക്ടർ, അഗ്രോ മേഖലക്ക് ഇനിയും പ്രതീക്ഷയാണ്.
∙എൻഎഫ്എൽ, ആർസിഎഫ്, ചമ്പൽ ഫെർട്ടിലൈസർ, റാലിസ് എന്നിവ ശ്രദ്ധിക്കാം.
ഇറക്കുമതിച്ചുങ്കം
വളം, കീടനാശിനി എന്നിവക്കൊപ്പം മാനുഫാക്ച്ചറിങ് മേഖലയിലും കൂടുതൽ പ്രാദേശിക ഉത്പാദനം വർധിപ്പിക്കാൻ ഇറക്കുമതിച്ചുങ്കത്തിൽ വർദ്ധന വരുത്തിയേക്കാമെന്നതും അതാത് മേഖലകൾ പ്രതീക്ഷിക്കുന്നു. ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ ഇല്ലാതെ പോയാൽ സെക്ടറുകൾ തിരിച്ചടിയും നേരിട്ടേക്കാം.
ഓഹരി വിറ്റഴിക്കൽ
ഇടക്കാല ബജറ്റിലടക്കം ഓഹരി വിറ്റഴിക്കൽ എന്ന വാക്കിന് പകരം ‘മിസലേനിയസ് ക്യാപിറ്റൽ റെസിപ്റ്റ്സ്’ എന്ന് പ്രയോഗിച്ചത് ഓഎഫ്എസ് വില്പനയെക്കുറിയ്ക്കാനായിരുന്നു. എങ്കിലും പൊതുമേഖല ബാങ്കുകളുടെയും ഇൻഷുറൻസ് സ്ഥാപനങ്ങളുടെയും ഓഹരി വില്പന പ്രഖ്യാപനങ്ങളുണ്ടായാലത് അതാത് സെക്ടറുകൾക്ക് മുന്നേറ്റം നൽകും.
ബജറ്റിന് ശേഷം ഓഫർ ഫോർ സെയിൽ വഴി സർക്കാർ പൊതു മേഖല ഓഹരികൾ വിറ്റഴിക്കുമെന്ന് പ്രഖ്യാപിച്ചത് നിക്ഷേപകർക്ക് അവസരമാണ്.
∙പൊതു മേഖല ബാങ്കുകൾ, ഇൻഷുറൻസ് ഓഹരികൾ ശ്രദ്ധിക്കാം.
ഇൻഫ്രാ സെക്ടർ
ഇന്ത്യ വൻസാമ്പത്തിക ശക്തിയായി കുതിപ്പ് തുടരുന്ന നിർണായകസമയത്ത് ഇൻഫ്രാ മേഖലക്കായി വീണ്ടും റെക്കോർഡ് തുക മാറ്റി വെച്ചേക്കാമെന്നാണ് വിപണിയുടെ അനുമാനം. റോഡ്, റെയിൽ മേഖലകളുടെ വികസനവേഗം കുറയാതെ നോക്കുന്നതിനൊപ്പം നഗര വികസനം, എയർ പോർട്ട്, സീപോർട്ട് എന്നിവയ്ക്കായും കൂടുതൽ തുക വകയിരുത്തപ്പെട്ടേക്കാം. ഇടക്കാല ബജറ്റിൽ 11.11 ലക്ഷം കോടി രൂപ, അതായത് ജിഡിപിയുടെ 3.4%മാണ് ഇൻഫ്രാ വികസനത്തിനായി മാറ്റി വെച്ചിരുന്നത്.
പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന, ജൽ ജീവൻ മിഷൻ, ഹൈ സ്പീഡ് റെയിൽ എന്നിവക്ക് പുറമെ നാഷണൽ ഇൻഫ്രാ സ്ട്രക്ച്ചർ പൈപ്പ് ലൈനിനുള്ള പിന്തുണ വർദ്ധിപ്പിച്ചേക്കാമെന്നതും പ്രധാനമാണ്.
എൽ&ടിക്കൊപ്പം ഐആർബി ഇൻഫ്രാ, കെഎൻആർ കൺസ്ട്രക്ഷൻസ്, പിഎൻസി ഇൻഫ്രാ, ജെകുമാർ ഇൻഫ്രാ മുതലായ ഓഹരികളും ശ്രദ്ധിക്കാം.
ഭവന നിർമാണം
പുതിയ സർക്കാരിന്റെ ആദ്യത്തെ പ്രഖ്യാപനം തന്നെ ഭവനനിർമാണമേഖലയുമായി ബന്ധപ്പെട്ടായത് സർക്കാരിന്റെ ഹൗസിങ് ഓഹരികൾക്ക് മുന്നേറ്റം നൽകിയിരുന്നു.
എൻബിസിസി, എൻസിസി, ഹഡ്‌കോ എന്നിവ ബജറ്റ് കുതിപ്പും പ്രതീക്ഷിക്കുന്നു.
പ്രതിരോധം
കുതിച്ചു വന്ന പ്രതിരോധ-കപ്പൽ നിർമാണ ഓഹരികൾ തിരഞ്ഞെടുപ്പ് ദിനത്തിൽ തിരിച്ചടി നേരിട്ടെങ്കിലും പിന്നീട് വീണ്ടും വൻ കുതിപ്പാണ് നടത്തിയത്. ചൈനയുമായുള്ള ആയുധ മത്സരം മുറുകുന്നതും, കൂടുതൽ പ്രതിരോധ ഇനങ്ങൾ ഇറക്കുമതിനിരോധന പട്ടികയിൽ ഉൾപ്പെടുത്തിയതും, ഇന്ത്യൻ സൈനിക ഓര്ഡറുകൾക്ക് പുറമെ വിദേശ പ്രതിരോധ ഇന്ത്യൻ പ്രതിരോധമേഖലക്ക് അനുകൂലമാണ്.
ഈ ബജറ്റിലും പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം വർദ്ധിപ്പിക്കുമെന്നും, പുതിയ നിർണായക പദ്ധതികൾ അവതരിപ്പിച്ചേക്കുമെന്നും പ്രതീക്ഷിക്കുന്നു.
∙ബിഇഎൽ, ബിഡിഎൽ, എച്ച്എഎൽ എന്നിവക്കൊപ്പം ഡേറ്റ പാറ്റെൺസ്, പരസ് ഡിഫൻസ്, അസ്ത്ര മൈക്രോ, അപ്പോളോ മൈക്രോ, ഐഡിയ ഫോർജ് എന്നിവയും പരിഗണിക്കാം.
റെയിൽ
ദിനേന 10000 ൽ ഏറെ ട്രിപ്പുകൾ നടത്തി വർഷത്തിൽ 700 കോടി യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്ന ഇന്ത്യൻ റെയിൽവേ സമൂല മാറ്റത്തിലേക്ക് നീങ്ങുന്ന ഈ സമയത്ത് ബജറ്റിൽ റെയിൽവേ വികസനത്തിനായി വലിയ വിഹിതം തന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്. 2030ൽ വർഷത്തിൽ 1000 കോടി യാത്രക്കാരെന്ന എണ്ണത്തിലേക്ക് എത്തുന്നതിനൊപ്പം മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളും റെയിൽവേ ഓഹരികൾക്ക് അനുകൂലമാണ്.
അത്യാധുനിക റെയിൽവേ സാങ്കേതികവിദ്യകൾ ഇന്ത്യൻ റെയിൽവേക്ക് വേണ്ടി സ്വാംശീകരിക്കാനായി നിർദ്ദേശിക്കപ്പെട്ട നാഷണൽ റെയിൽ പ്ലാനും, ഇന്ത്യൻ റെയിൽവേ ഇന്നൊവേഷൻ നയങ്ങളും ഈ ബജറ്റിൽ കൂടുതൽ വിഹിതങ്ങൾ നേടിയേക്കാമെന്നതും പ്രതീക്ഷയാണ്.
∙ബിഇഎംഎൽ, സീമെൻസ്, ആർവിഎൻഎൽ, ഇർകോൺ, റൈറ്റ്സ് എന്നിവക്കൊപ്പം ടിറ്റാഗർ റെയിലും, ജുപിറ്റർ വാഗൻസും, ടെക്സ്മാകോ റെയിലും ശ്രദ്ധിക്കാം.
സിമന്റ്
ഇൻഫ്രാ മേഖലയിലെ പ്രഖ്യാപനങ്ങളുടെ പിന്തുണ ഇൻഫ്രാ ഓഹരികൾക്കൊപ്പം സിമന്റ് മേഖലക്കും ലഭ്യമാകുമെന്നത് ബജറ്റ് പ്രഖ്യാപന വേളയിലും, തുടർന്നും സിമന്റ് ഓഹരികൾക്ക് മേൽ വിപണി ശ്രദ്ധ കൊണ്ടുവരും.
അൾട്ര ടെക്കിനൊപ്പം അംബുജ സിമന്റ്, രാംകോ സിമന്റ്, സ്റ്റാർ സിമന്റ് മുതലായവയും ശ്രദ്ധിക്കാം.
ഉല്പാദന മേഖല
ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാനായി ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നതും, നികുതിയിളവുകൾ പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതും, പിഎൽഐ സ്‌കീം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതടക്കമുള്ള നടപടികൾ വിപണി ബജറ്റിൽ പ്രതീക്ഷിക്കുന്നു. ഘനവ്യവസായം, സെമികണ്ടക്ടർ, ഇലക്ട്രോണിക്സ്, ഇലട്രിക്കൽ ഓഹരികൾ ശ്രദ്ധിക്കാം.
∙സീമെൻസ്, ഭെൽ, സ്‌നൈഡർ ഇലക്ട്രിക്, ഡിക്‌സൺ, ആംബർ മുതലായ ഓഹരികൾ ശ്രദ്ധിക്കാം.
ടെക്സ്റ്റൈൽ
കേന്ദ്രസർക്കാർ അധികതൊഴിൽ സൃഷ്ടിക്കുന്നതിനായി ടെക്സ്റ്റൈലിലും അനുബന്ധ മേഖലകളിലും കൂടുതൽ ചെലവിടൽ പ്രഖ്യാപിച്ചക്കുമെന്ന തരത്തിലുള്ള സൂചനകളും ചർച്ചകളും ടെക്സ്റ്റൈൽ മേഖലക്ക് അനുകൂലമാണ്. എസ്എംഇ മേഖലയിലാണ് പ്രഖ്യാപനങ്ങൾ കൂടുതലും പ്രതീക്ഷിക്കുന്നത്.
ഫാർമ റിസർച്
ഫാർമ മൂലകങ്ങളുടെ കാര്യത്തിൽ ചൈനയുടെ മേലുള്ള ആശ്രയത്വം അവസാനിപ്പിക്കുന്നതിനായി ഇന്ത്യൻ ഫാർമ റിസർച്ച് കമ്പനികൾക്ക് കൂടുതൽ ആനുകൂല്യങ്ങളും, പിന്തുണയും ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടേക്കാമെന്നത് ഫാർമ സെക്ടറിന്, പ്രത്യേകിച്ച് എപിഐ കമ്പനികൾക്ക് അനുകൂലമാണ്.
∙സൺ ഫാർമ, സിപ്ല, ലുപിൻ എന്നിവക്കൊപ്പം സൈഡസ് ലൈഫ്, ബയോകോൺ മുതലായ ഓഹരികളും ശ്രദ്ധിക്കാം.
ഇവി, ചാർജിങ് സ്റ്റേഷൻ & ബാറ്ററി
കഴിഞ്ഞ ജിഎസ്ടി യോഗം മന്ത്രിതലസമിതിയെ തീരുമാനമെടുക്കാൻ ഏല്പിച്ച ഇലക്ട്രിക് വാഹനങ്ങളുടെയും, ഘടകങ്ങളുടെയും നികുതി ലഘൂകരണം ബജറ്റിൽ വിപണി പ്രതീക്ഷിക്കുന്നു. ഇവി പ്രോത്സാഹനങ്ങൾക്കൊപ്പം ചാർജിങ് സ്റ്റേഷനുകളുടെ വ്യാപനവും, ബാറ്ററി പരീക്ഷണങ്ങൾക്കുള്ള പിന്തുണയും വിപണി പ്രത്യാശിക്കുന്നു.
∙ടാറ്റ മോട്ടോഴ്‌സ്, ഐഓസി, ഒലേക്ട്രാ, ജെബിഎം, സംവർധന മദേഴ്‌സൺ, സോനാ ബിഎൽഡബ്ലിയു മുതലായ ഓഹരികൾ ശ്രദ്ധിക്കാം.
ആർഇ
ദി എനർജി & റിസോഴ്സസ് ഇൻസ്റ്റിട്യൂട്ടിന്റെ (TERI) കണക്ക് പ്രകാരം ഇന്ത്യയിൽ പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്സൈഡി(co2)ൽ പാതിയും ഊർജോല്പാദനത്തിന് വേണ്ടിയുള്ളതാണെന്നും, 2070ൽ ‘’സീറോ എമിഷൻ’’ ലക്‌ഷ്യം നേടാനായി co2 ബഹിർഗമനം കുറച്ചു കൊണ്ട് വരാനായി ഈ ബജറ്റിൽ കൂടുതൽ തുക നീക്കിവെച്ചേക്കാമെന്നുമുള്ള പ്രതീക്ഷ റിന്യൂവബിൾ എനർജി മേഖലയിലെ ഓഹരികൾക്ക് മുന്നേറ്റം നൽകിക്കഴിഞ്ഞു. പ്രഖ്യാപനങ്ങളുടെ തോതനുസരിച്ചായിരിക്കും ഇനി തുടർ മുന്നേറ്റങ്ങൾ.
∙കാറ്റാടി യന്ത്ര നിർമാതാക്കളായ ഐനോക്‌സ് വിൻഡും, സുസ്ലോൺ എനർജിയും ഒപ്പം, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡവല്പമെന്റ് ഏജൻസി, ബോറോസിൽ റിന്യൂവബിൾസ്, വാരീ റിന്യൂവബിൾസ്, ടാറ്റ പവർ, അദാനി ഗ്രീൻ എന്നിവയും ശ്രദ്ധിക്കാം.
ഹൈഡ്രോ പവർ
10%ൽ താഴെയാണ് ഇന്ത്യയിൽ ജലവൈദ്യുത പദ്ധതികളിൽ നിന്നുമുള്ള ഊർജോല്പാദന വിഹിതം. നോർത്ത് ഈസ്റ്റ് മേഖലയിൽ കൂടുതൽ ജലവൈദ്യുതപദ്ധതികൾക്കായി ബജറ്റിൽ പദ്ധതികളുണ്ടായേക്കാമെന്നത് ഹൈഡ്രോ പവർ ഓഹരികൾക്ക് അനുകൂലമായേക്കാം.
∙എൻഎച് പിസി ശ്രദ്ധിക്കാം.
മാരിടൈം ഡെവലപ്മെന്റ് ഫണ്ട്
ലോക കപ്പൽ നിർമാണ മേഖലയിൽ ഇന്ത്യയുടെ വിഹിതം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി കപ്പൽ നിർമ്മാണക്കമ്പനികൾക്ക് വേണ്ടി മാരിടൈം ഡെവലപ്മെന്റ് ഫണ്ട് കൂടി ഈ ബജറ്റിൽ അവതരിപ്പിക്കപ്പെടുമെന്ന സൂചന കപ്പൽ നിർമാണ ഓഹരികൾക്കും പ്രതീക്ഷയാണ്. കപ്പൽ നിർമാണമേഖലയിലേക്ക് പുതിയ നിക്ഷേപം വരാനും, ഇന്ത്യൻ കപ്പൽശാലകൾക്ക് വിദേശ ഓർഡറുകൾ പൂർത്തിയാക്കാനും മാരിടൈം ഡെവലപ്മെന്റ് ഫണ്ട് ഉപയുക്തമാകും.
∙മാസഗോൺ, കൊച്ചിൻ ഷിപ്യാർഡ്, ജിആർഎസ്ഇ എന്നിവ ശ്രദ്ധിക്കാം
ഹരിത നൗക
ഇലക്ട്രിക്, ഹൈഡ്രജൻ കപ്പൽ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി ഹരിത നൗക പദ്ധതി ഈ ബജറ്റിൽ അവതരിപ്പിക്കുമെന്ന സൂചന റിപ്പോർട്ട ചെയ്യപ്പെട്ടത് ഇന്ത്യൻ കപ്പൽ നിർമാണ ഓഹരികൾക്ക് മുന്നേറ്റം നൽകിക്കഴിഞ്ഞു.
∙കൊച്ചിൻ ഷിപ്യാർഡ് ശ്രദ്ധിക്കാം.
ഫിൻ ടെക്ക്
ഫിൻ ടെക്ക് മേഖലക്ക് കൂടുതൽ പിന്തുണ ഈ ബജറ്റിലും, തുടർന്നുള്ള ബജറ്റുകളിലും ലഭിച്ചേക്കാം.
∙ജിയോ ഫിൻ, പേടിഎം, ഓറിയോൺ പ്രൊ, ഇൻഫിബീം മുതലായ ഓഹരികൾ ശ്രദ്ധിക്കുക.
ആന്ധ്രാ ഓഹരികൾ
കൂട്ട് മന്ത്രി സഭയിലെ തെലുഗുദേശത്തിന്റെ പ്രാധാന്യം ആന്ധ്രാ ഓഹരികൾക്കും ബജറ്റ് പ്രഖ്യാപന വേളയിൽ പ്രാധാന്യം നൽകിയേക്കാം.
∙അമര രാജ, കെഎൻആർ കൺസ്ട്രക്ഷൻസ്, അവന്തി ഫീഡ്സ്, ഹെറിറ്റേജ് ഫുഡ് മുതലായ ഓഹരികൾ ശ്രദ്ധിക്കാം.
നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്
മറ്റേതൊരു റിപ്പോർട്ടും പോലെ ബജറ്റ് റിപ്പോർട്ടും പുറത്ത് വരുന്നത് വരെ മാത്രമേ നിക്ഷേപക സമൂഹത്തിന്റെ അമിത ശ്രദ്ധയും, അത്യുത്സാഹവും വിപണിയിൽ പ്രകടമാകുകയുള്ളു. മാത്രമല്ല പൊതു തിരഞ്ഞെടുപ്പ് ഫലം വന്നത് മുതൽ ബജറ്റ് സാധ്യതകളുടെ പിന്ബലത്തിൽ മുന്നേറിയ സെക്ടറുകളിൽ ലാഭമെടുക്കലും ബജറ്റ് പ്രഖ്യാപനങ്ങൾക്കൊപ്പം തന്നെ പ്രതീക്ഷിക്കാം. അതിനാൽ പ്രീ-ബജറ്റ് നിക്ഷേപങ്ങൾ ബജറ്റ് റാലിയോടൊപ്പം അവസാനിപ്പിക്കാനാകും ‘ട്രേഡർമാർ’ ശ്രമിക്കുക.
കൂടാതെ വിപണി പ്രതീക്ഷിക്കുന്നതോ, മേൽ സൂചിപ്പിച്ചതോ ആയ പദ്ധതികളും, ബജറ്റ് പ്രതീക്ഷകളും ചൊവ്വാഴ്ചത്തെ ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഇല്ലാതെ വരുന്നത് അതാത് സെക്ടറുകൾക്ക് തിരുത്തലും നൽകിയേക്കാം. ബജറ്റ് ‘ഹൈപ്പുകൾ’ ലാഭമെടുക്കലിനുള്ള അവസരമാക്കുന്നതിനൊപ്പം, ശരിയായ ബജറ്റ് സൂചനകൾ അതിദീർഘകാല നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമായും പരിണമിപ്പിക്കുക എന്നതാണ് ബജറ്റ് ദിനത്തിലെ യഥാർത്ഥ നിക്ഷേപക ദൗത്യം.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക