ADVERTISEMENT

പരിചയ സമ്പന്നരായ നിക്ഷേപകരുടെയും വിപണി വിദഗ്ധരുടെയും ഇടയിൽ ഇപ്പോഴുള്ള പൊതുവായ ആശങ്ക, വിപണിയുടെ വാല്യുവേഷൻസ് ഉയർന്ന നിലയിലാണ് എന്നതാണ്. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും കമ്പനികളുടെ ലാഭവും മികച്ചതാണ് എന്ന അനുകൂല ഘടകങ്ങൾ ഉണ്ടെങ്കിലും വിപണിയുടെ വാല്യുവേഷൻസ് ഏറെ ഉയർന്നതാണ്. പ്രത്യേകിച്ച് മിഡ്കാപ്, സ്മോൾ കാപ് വിഭാഗങ്ങളിൽ വാല്യുവേഷൻസ് അതിരു കടന്നതും ന്യായീകരിക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്.

∙വാല്യുവേഷൻസ് എത്ര കൂടുതലാണ് ?
∙കടുത്ത തിരുത്തൽ ഉടനെ ഉണ്ടാകുമോ?

∙കൂടിയ വാല്യുവേഷനും ന്യായമായ വാല്യുവേഷനും ഉള്ള മേഖലകൾ ഏതൊക്കെയാണ് ?

∙എന്തായിരിക്കണം നിക്ഷേപ തന്ത്രം ?

പ്രസക്തമായ ചോദ്യങ്ങൾ ഇവയാണ്.

ഇന്ത്യയിൽ ബുൾ കുതിപ്പിനെ സ്വാധീനിക്കുന്ന മൂന്നു പ്രധാന ഘടകങ്ങൾ ഉണ്ട്. ഒന്നാമതായി, ആഗോളാടിസ്ഥാനത്തിൽ വിപണികൾ ബുൾ തരംഗത്തിലാണ്. യുഎസ് ഇന്ത്യയെക്കാൾ നല്ല പ്രകടനമാണു നടത്തുന്നത്. എസ് ആൻഡ് പി 500 ഈ വർഷം ജൂലൈ 12 വരെ 18.4% ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിഫ്റ്റി ഈ കാലയളവിൽ 12.7% ഉയർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. എംഎസ്‌സിഐ ആഗോള സൂചിക ഈ കാലയളവിൽ 14.1% നേട്ടം നൽകി. അനുകൂലമായ ഈ ആഗോള പശ്ചാത്തലം പ്രധാനമാണ്. രണ്ടാമതായി ബുൾ വിപണിക്ക് അടിസ്ഥാന പിന്തുണ ലഭിക്കുന്നത് ശക്തമായ സമ്പദ്‌വ്യവസ്ഥയിൽനിന്നും ആകർഷകമായ കോർപറേറ്റ് നേട്ടത്തിൽ നിന്നുമാണ്. 2024 സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി 8.2 ശതമാനവും നിഫ്റ്റി കമ്പനികളുടെ ലാഭം 24 ശതമാനവും വളർന്നു. മൂന്നാമത്തേത്, ഈ ബുൾ വിപണിക്കു ഏറ്റവും പിന്തുണ നൽകുന്ന ശക്തി ഓഹരികളിലേക്ക് വലിയ തുകകൾ നിക്ഷേപിക്കുന്ന ആഭ്യന്തര നിക്ഷേപകരുടെ സജീവമായ പങ്കാളിത്തമാണ് എന്നതാണ്.

ചെറുകിട നിക്ഷേപക പങ്കാളിത്തത്തിന്റെ സ്വഭാവവും വ്യാപ്തിയും മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഡീമാറ്റ് അക്കൗണ്ടുുകളുടെ എണ്ണം 2020ന്റെ തുടക്കത്തിലെ നാലു കോടിയിൽനിന്ന് ഇപ്പോൾ 16 കോടിക്കു മുകളിലായി ഉയർന്നിരിക്കുന്നു. മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തി 2020 ലെ 30 ലക്ഷം കോടിയിൽനിന്ന് ഇപ്പോൾ 60 ലക്ഷം കോടിക്കു മുകളിലായിരിക്കുന്നു. പ്രതിമാസ എസ്ഐപികൾ 2021 സാമ്പത്തിക വർഷത്തെ ശരാശരിയായ 10381 കോടിയിൽനിന്ന് ഇരട്ടിയിലധികം വളർന്ന് 2024 ജൂണിലെകണക്കു പ്രകാരം 26262 കോടിയായി ഉയർന്നിട്ടുണ്ട്. ചെറുകിട നിക്ഷേപകരുടെ എണ്ണത്തിലും അവർ നിക്ഷേപിക്കുന്ന തുകയിലും ഉണ്ടായിട്ടുള്ള സ്ഫോടനാത്മകമായ വളർച്ചയാണ് വിപണിയെ സ്വാധീനിക്കുന്നത്. വിദേശ സ്ഥാപനങ്ങളുടെ ഓഹരി വിൽപന വിപണിയെ ബാധിക്കുന്നില്ല. ഇപ്പോൾ ആഭ്യന്തര നിക്ഷേപകരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.

Mkt-trading

എത്രമാത്രം കൂടുതലാണ് വിപണി വാല്യുവേഷൻ ?

വരും നാളുകളിലെ ഹ്രസ്വകാല വിപണി സ്വഭാവം പ്രവചിക്കുക പ്രയാസകരം മാത്രമല്ല മിക്കവാറും അസാധ്യവുമാണ്. തിരുത്തൽ ആസന്നമെന്ന് നിക്ഷേപകർ കരുതുമ്പോൾ അതു സംഭവിക്കണമെന്നില്ല. അതിനാൽ, തിരുത്തൽ മുന്നിൽകണ്ട് തന്ത്രം മെനയുന്നതിൽ കാര്യമില്ല. പകരം, നിക്ഷേപകർ വിപണിയിലെ വാല്യുവേഷൻ പരിശോധിച്ച് നിക്ഷേപ തന്ത്രത്തിനു രൂപം നൽകുന്നതാണു നല്ലത്. നമുക്ക് വാല്യുവേഷൻ പരിശോധിക്കാം. വാല്യുവേഷൻ പരിശോധിക്കുന്നതിന് മൂന്നു പ്രധാന അളവു കോലുകളുണ്ട്.

∙പിഇ അനുപാതം

∙വിപണി മൂല്യവും ജിഡിപിയുമായുള്ള അനുപാതം

∙ബുക്ക് വാല്യു അനുപാതം.

പിഇ അനുപാതം ദീർഘകാല ശരാശരിയായ 18 നേക്കാൾ ഉയർന്ന് 22 ലാണ് നിഫ്റ്റി ഇപ്പോൾ ട്രേഡിങ് നടത്തുന്നത്. ജിഡിപി–വിപണി മൂല്യ അനുപാതം ഇപ്പോൾ 139 ആണ്; പത്തു വർഷം ശരാശരിയായ 85 നെക്കാൾ ഏറെ ഉയർന്നത്. ബുക്ക് വാല്യു അനുപാതം ദീർഘകാല ശരാശരിയായ 3.5 നെക്കാൾ ഉയർന്ന് 3.9 ൽ ആണ് ഇപ്പോൾ ട്രേഡ് ചെയ്യുന്നത്.

mkt-up4

നിഗമനം വ്യക്തം : വാല്യുവേഷൻ കൂടുതലാണ്

ഇന്ത്യയുടെ കൂടിയ തോതിലുള്ള വളർച്ച സാധ്യത പരിഗണിക്കുമ്പോൾ 22 എന്ന പിഇ കൂടുതലല്ല. എന്നാൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് മേഖലകളിലെ വാല്യുവേഷൻസ് കൂടുതൽ തന്നെയാണ്. നിഫ്റ്റി മിഡ് ക്യാപ് 100, നിഫ്റ്റി സ്മോൾ ക്യാപ് 100 എന്നിവയുടെ പിഇ ഗുണിതങ്ങൾ യഥാക്രമം 42, 30 എന്നിങ്ങനെയാണ്. ചെറുകിട നിക്ഷേപകരുടെ പെരുപ്പവും വിപണിയിലേക്കുള്ള പണത്തിന്റെ കുത്തൊഴുക്കും വിപണി വാല്യുവേഷൻ ഉയർന്ന പരിധികളിലേക്ക് ഉയർത്തിയിരിക്കുന്നു.

ahead

നിക്ഷേപ തന്ത്രം

1. ഇത് ബുൾ വിപണിയാണ്; അതിനാൽ നിക്ഷേപം നില നിർത്തുക.

2. പ്രതിരോധം, റെയിൽവേ തുടങ്ങിയ വളർച്ചാ വേഗമുള്ള മേഖലകളിൽ വാല്യുവേഷൻസ് കൂടുതലായതിനാൽ തിരുത്തലിനു സാധ്യതയുണ്ട്.

3. വൻകിട ഓഹരികളിലാണ് സുരക്ഷിതത്വം. വൻകിട ഓഹരികളായ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ടിസിഎസ്, റിലയൻസ്, ഐടിസി, എൽ ആൻഡ് ടി എന്നിവയുടെ വിലകൾ ന്യായമാണ്, അതിനാൽ തന്നെ സുരക്ഷിതവും.

4. ഊഹക്കച്ചവടക്കാർ നിയന്ത്രിക്കുന്ന , ഗുണ നിലവാരം കുറഞ്ഞ ചെറുകിട ഓഹരികൾ ഒഴിവാക്കുക.

5. ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വിലകൾ ന്യായമാണ്. പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിലകൾ ആകർഷകവും.

6. വാല്യുവേഷൻ കൂടിയ മേഖലകളിലെ ഓഹരികൾ ഭാഗികമായി വിറ്റഴിച്ച് പണം വൻകിട ഓഹരികളിൽ നിക്ഷേപിക്കുന്നത് ഗുണകരമായിരിക്കും.

ലേഖകൻ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ്

English Summary:

Share Market in Bull Run, Higher Valuation is a Matter of Concern

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com